നൂറോളം ജീവനക്കാര്‍ക്ക് തിരിച്ചടി; ആമസോണ്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്: ഇക്കുറി റോബോട്ടിക്‌സ് വിഭാഗത്തില്‍
ടെക് ഭീമനായ ആമസോണ്‍ അടുത്ത കാലത്താണ് 16,000 ജീവനക്കാരെ പിരിച്ചുവിട്ടത്. ആമസോണിന്റെ പിരിച്ചുവിടല്‍ കോര്‍പറേറ്റ് ലോകത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ആമസോണിന് പിന്നാലെ ലോകമെമ്പാടുമുള്ള നിരവധി കമ്പനികളാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ (എഐ) സ്വാധീന ഫലമായാണ് ഈ പിരിച്ചുവിടല്‍ എന്നാണ് ടെക് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സങ്കീര്‍ണമായ ജോലികള്‍ പോലും കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ എഐയ്ക്കു കഴിയുന്നതിനാല്‍ ജീവനക്കാരെ കുറച്ച് എഐയില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് കമ്പനികളുടെ തീരുമാനം.
ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ തങ്ങളുടെ റോബോട്ടിക്‌സ് വിഭാഗത്തില്‍ നിന്നാണ് ഇക്കുറി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഏകദേശം 16,000 പേരെ രണ്ടു മാസം മുന്‍പ് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ നൂറോളം ഉദ്യോഗസ്ഥരെ കൂടി കമ്പനി പുറത്താക്കുന്നത്. ആമസോണിന്റെ വെയര്‍ഹൗസുകളില്‍ പാഴ്‌സലുകള്‍ തരംതിരിക്കാനും നീക്കാനും സഹായിക്കുന്ന റോബോട്ടിക് കൈകളും ഓട്ടോമേഷന്‍ സംവിധാനങ്ങളും വികസിപ്പിക്കുന്ന സംഘത്തെയാണ് ഈ പിരിച്ചുവിടല്‍ പ്രധാനമായും ബാധിച്ചത്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി കമ്പനിയുടെ പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ആമസോണ്‍ വിശദീകരിക്കുന്നത്. എത്ര ജീവനക്കാരെ പിരിച്ചുവിട്ടു എന്നതിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇതുവരെ മുപ്പതിനായിരത്തോളം കോര്‍പ്പറേറ്റ് ജീവനക്കാരെയാണ് ആമസോണ്‍ വിവിധ ഘട്ടങ്ങളിലായി ഒഴിവാക്കിയത്. ഇത് കമ്പനിയുടെ ആകെ കോര്‍പ്പറേറ്റ് ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരും. പിരിച്ചുവിട്ടതില്‍ 14000 വൈറ്റ് കോളര്‍ ജോലികളും ഉള്‍പ്പെടും. ആമസോണിന്റെ ആകെ 15 ലക്ഷം ജീവനക്കാരില്‍ ഭൂരിഭാഗവും വെയര്‍ഹൗസുകളില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഓഫീസ് ജോലികളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഈ പിരിച്ചുവിടല്‍ സാരമായി ബാധിച്ചിരിക്കുന്നത്. വെയര്‍ഹൗസുകള്‍ക്കായി വികസിപ്പിച്ചുകൊണ്ടിരുന്ന 'ബ്ലൂ ജേ' എന്ന പേരിലുള്ള ഒരു റോബോട്ടിക് പ്രൊജക്റ്റ് നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും അനാവശ്യ ചെലവുകള്‍ കുറയ്ക്കാനുമാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്. കോവിഡ് കാലത്ത് ഒട്ടേറെ പുതിയ ജീവനക്കാരെ നിയമിച്ചിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന പ്രൊജക്റ്റുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പുനഃക്രമീകരണങ്ങള്‍ നടത്തുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ജീവനക്കാരെയും ആമസോണിന്റെ ഈ പുതിയ പരിഷ്‌കാരങ്ങള്‍ നേരത്തെ ബാധിച്ചിരുന്നു.












Click it and Unblock the Notifications