ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; ഇന്ത്യയിലും ആയിരകണക്കിന് പേരുടെ ജോലി പോകും
ആഗോളതലത്തിൽ 16,000-ത്തിലധികം കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ. 2026-ന്റെ തുടക്കത്തിൽ തന്നെ ടെക് ലോകത്തെ ഞെട്ടിച്ച ഈ നീക്കം കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കലുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 2026 പകുതിയോടെ ആകെ 30,000 കോർപ്പറേറ്റ് തസ്തികകൾ ഇല്ലാതാക്കാനുള്ള ആമസോണിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണിത്.
ഇന്ത്യയിലെ ആഘാതം
ഈ പിരിച്ചുവിടൽ നടപടി ഇന്ത്യയിലെ ആമസോൺ ജീവനക്കാരെയും സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ ആമസോൺ ഓഫീസുകളിൽ ജോലി ചെയ്യുന്ന നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആമസോൺ വെബ് സർവീസസ് (AWS), ആമസോൺ പ്രൈം, റീട്ടെയിൽ വിഭാഗം, ഹ്യൂമൻ റിസോഴ്‌സ് (PXT) എന്നീ വിഭാഗങ്ങളെയാണ് പ്രധാനമായും ഈ നീക്കം ബാധിക്കുക.

എന്തുകൊണ്ട് ഈ പിരിച്ചുവിടൽ?
കമ്പനിയിലെ അമിതമായ മാനേജ്‌മെന്റ് ലെയറുകൾ ഒഴിവാക്കി പ്രവർത്തനക്ഷമത വർധിപ്പിക്കാനാണ് ഈ നടപടിയെന്ന് ആമസോൺ സിഇഒ ആൻഡി ജാസി വ്യക്തമാക്കുന്നു. ആമസോണിനെ ലോകത്തിലെ ഏറ്റവും വലിയ 'സ്റ്റാർട്ടപ്പ്' ആയി നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും, അതിനായി അനാവശ്യമായ ബ്യൂറോക്രസി (ഉദ്യോഗസ്ഥ വൃന്ദം) ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ കടന്നുവരവ് പല ജോലികളും ഓട്ടോമേറ്റഡ് ആക്കാൻ സഹായിക്കുന്നതും മനുഷ്യവിഭവശേഷി കുറയ്ക്കാൻ കാരണമായിട്ടുണ്ട്. ഏകദേശം 125 ബില്യൺ ഡോളറാണ് ആമസോൺ AI മേഖലയിൽ നിക്ഷേപിക്കുന്നത്.
പിരിച്ചു വിടപ്പെടുന്ന ജീവനക്കാർക്ക് 90 ദിവസത്തെ സാവകാശം നൽകുമെന്നും ആ സമയത്തിനുള്ളിൽ കമ്പനിക്കുള്ളിൽ തന്നെയുള്ള മറ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാനോ അല്ലെങ്കിൽ പുതിയ തൊഴിൽ കണ്ടെത്താനോ സാധിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കോവിഡ് കാലത്തെ അമിതമായ നിയമനങ്ങളും, അതിനുശേഷം വിപണിയിലുണ്ടായ മാറ്റങ്ങളും ലാഭക്ഷമത വർധിപ്പിക്കാനുള്ള സമ്മർദ്ദവുമാണ് ആമസോണിനെ ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. ഇൻ്റസ്റ്റൽ, സിസ്‌കോ, ഗൂഗിൾ തുടങ്ങിയ മറ്റ് വൻകിട ടെക് കമ്പനികളും സമാനമായ രീതിയിൽ ജീവനക്കാരെ കുറയ്ക്കുന്ന സാഹചര്യത്തിൽ, 2026 വർഷം ടെക് മേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് വലിയ വെല്ലുവിളിയായിരിക്കും ഉയർത്തുന്നത്.












Click it and Unblock the Notifications