ആറു ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കാന്‍ ആമസോണ്‍? പകരം റോബോട്ടുകള്‍; ഭാവിയെക്കുറിച്ച് കമ്പനി പറയുന്നത്
വാഷിങ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ ആമസോണില്‍ മനുഷ്യ ജോലികള്‍ റോബോട്ടുകളെ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒരാളാണ് ആമസോണ്‍. അടുത്ത ഒരു ദശകത്തിനുള്ളില്‍ ജോലിക്കായി റോബോട്ടുകളെ കൂടുതലായി ആശ്രയിക്കാന്‍ പോകുന്നുവെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. അതേസമയം ഇക്കാര്യം ആമസോണ്‍ സ്ഥിരീകരിച്ചിട്ടില്ല.
ആറ് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ റോബോട്ടുകള്‍ കാരണം ഇല്ലാതാകും എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളാണ് ആമസോണില്‍ ജോലി ചെയ്യുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് തൊഴില്‍ മേഖലയില്‍ എത്രത്തോളം പ്രത്യാഘാതം സൃഷ്ടിക്കും എന്നതിന്റെ ഉദാഹരണമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ റിപ്പോര്‍ട്ട്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും മനുഷ്യ അധ്വാനം കുറയ്ക്കാനുമായാണ് യന്ത്രവല്‍ക്കരണത്തെ കൂടുതലായി ആശ്രയിക്കാന്‍ ഒരുങ്ങുന്നത്. 2033 ഓടെ ആറ് ലക്ഷത്തോളം തസ്തികകള്‍ ഓട്ടോമേഷന്‍ കാരണം ഇല്ലാതാകാം. തൊഴിലാളികളെ പിരിച്ചുവിടുന്നത് കൂടാതെ പുതിയ തൊഴിലാളികളെ നിയമിക്കുന്നതും ആമസോണ്‍ ഒഴിവാക്കിയേക്കും. ഇതോടെ തൊഴിലാളികളുടെ എണ്ണം കുറച്ചു കൊണ്ടുവരാന്‍ കഴിയും. ആമസോണില്‍ നിന്ന് ചോര്‍ന്ന ഇന്റേണല്‍ രേഖകളെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.
അതേസമയം, കമ്പനിയുടെ ഇന്റേണല്‍ രേഖകള്‍ ചോര്‍ന്നതില്‍ ആമസോണ്‍ വക്താവ് കെല്ലി നാന്റലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. കമ്പനിയുടെ രേഖകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അപൂര്‍ണമാണെന്നാണ് വക്താവ് വിശദീകരിക്കുന്നത്. കമ്പനിയുടെ റിക്രൂട്ട്മെന്റ് നയത്തെ ഈ റിപ്പോര്‍ട്ട് പ്രതിഫലിപ്പിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ ആമസോണിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരു കമ്പനിയും സൃഷ്ടിച്ചിട്ടില്ല. ആമസോണ്‍ ഉടനെ 2,50,000 പേരെ നിയമിക്കാന്‍ പദ്ധതിയിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരം തസ്തികയാണോ എന്ന് വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു. അതേസമയം പാക്കേജിങ്ങില്‍ ഉള്‍പ്പെടെ മനുഷ്യ ഇടപെടല്‍ കുറച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ആമസോണ്‍.
യന്ത്രവല്‍ക്കരണത്തിനുള്ള ആമസോണിന്റെ ശ്രമങ്ങള്‍ ആരംഭിച്ചത് 2012-ലാണ്. റോബോട്ടിക് സ്ഥാപനമായ കിവ സിസ്റ്റംസിനെ 775 മില്യണ്‍ ഡോളര്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു ഇത്. വെയര്‍ഹൗസ് പ്രവര്‍ത്തനങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച റോബോട്ടിക് കമ്പനിയാണ് കിവ സിസ്റ്റംസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ വരവ് ലോകമെമ്പാടും നിരവധി പേരുടെ തൊഴിലാണ് അനുദിനം നഷ്ടപ്പെടുത്തുന്നത്. ക്രിയേറ്റിവിറ്റി പോലെ മനുഷ്യന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത തൊഴില്‍ മേഖലകളിലാണ് എഐ ആധിപത്യം നേടുന്നത്.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ ആമസോണിന്റെ കൂടുതല്‍ വിശദീകരണം ഇങ്ങനെ
ഒരു ദശകത്തിനുള്ളില്‍ ആമസോണ്‍ ആറ് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ റോബോട്ടുകളെ കൊണ്ട് മാറ്റി സ്ഥാപിക്കുമെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും തള്ളി ആമസോണ്‍ വക്താവ് കെല്ലി നാന്റല്‍. കമ്പനിയില്‍ നിന്ന് ചോര്‍ന്ന് രേഖകള്‍ അപൂര്‍ണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു ചിത്രമാണ് പൊതുസമൂഹത്തിന് നല്‍കിയതെന്ന് അവര്‍ പ്രതികരിച്ചു. ആയിരക്കണക്കിന് രേഖകളാണ് ഓരോ ദിവസവും കമ്പനിക്കുള്ളില്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ ചോര്‍ന്ന രേഖകള്‍ കമ്പനിയുടെ മൊത്തത്തിലുള്ള റിക്രൂട്ട്‌മെന്റ് നയത്തെ പ്രതിനിധീകരിക്കുന്നതല്ല.
കഴിഞ്ഞ ദശകത്തില്‍ അമേരിക്കയില്‍ ആമസോണിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരു കമ്പനിയും സൃഷ്ടിച്ചിട്ടില്ല. രാജ്യത്തുടനീളം ഞങ്ങള്‍ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ട്. അധികം വൈകാതെ 250000 തസ്തികകളിലേക്കു നിയമനം നടത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
റിക്രൂട്ട്‌മെന്റുമായി ബന്ധമില്ലാത്ത ആമസോണിലെ ഒരു ടീമിന്റെ ഒരു രേഖയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ലേഖനം കമ്പനിയിലെ കൂട്ട പിരിച്ചുവിടല്‍ അല്ല ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടാനും ഉദ്ദേശിക്കുന്നില്ല. ആമസോണില്‍ നിന്ന് ചോര്‍ന്ന ഈ രേഖകള്‍ നിലവിലെ ജീവനക്കാര്‍ക്ക് ബാധകമല്ല. ഭാവിയില്‍ ആറ് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് കമ്പനി ഉദ്ദേശിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന അപൂര്‍ണ്ണമായ കാര്യങ്ങള്‍ കമ്പനിയുടെ നയത്തെ പിന്തുണയ്ക്കുന്നില്ലെന്നും ആമസോണ്‍ വക്താവ് അറിയിച്ചു.












Click it and Unblock the Notifications