അമേരിക്ക സൈഡായി; ഇന്ത്യക്കാരെ സ്വാഗതം ചെയ്യാന്‍ ജര്‍മ്മനി: ഭാരിച്ച ചെലവില്ല: നടപടികള്‍ ഇങ്ങനെ
എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി കുത്തനെ ഉയര്‍ത്തിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കും. അതിനാല്‍ തന്നെ വിദേശ പ്രൊഫഷണലുകളെ യുഎസിലേക്കു കൊണ്ടു വരുന്നത് നിയന്ത്രിക്കാനും ഈ ഉത്തരവ് കാരണമായേക്കും.
അമേരിക്കയില്‍ മികച്ച ജോലി സാധ്യതയും ജീവിതവും കണ്ടെത്താനുള്ള നിരവധി ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ക്കാണ് ട്രംപിന്റെ ഉത്തരവ് കരിനിഴല്‍ വീഴ്ത്തിയത്. എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ചെലവ് 5000 ഡോളറില്‍ നിന്ന് ഒറ്റയടിക്കാണ് ഒരു ലക്ഷം ഡോളറിലേക്ക് ഉയര്‍ത്തിയത്. പുതിയ എച്ച്-1ബി വിസ ഫീസ് കഴിഞ്ഞ സെപ്റ്റംബര്‍ 21ന് പ്രാബല്യത്തില്‍ വന്നു. ഇതുകൂടാതെ ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും ഇന്ത്യക്കാരെ അമേരിക്കയിലേക്ക് പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.

ഐടി മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ അമേരിക്കയിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. ഫീസ് വര്‍ധനയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രൊഫഷണലുകളെ സ്‌പോണ്‍സര്‍ ചെയ്തിരുന്ന ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിള്‍ തുടങ്ങിയ പ്രധാനപ്പെട്ട ബഹുരാഷ്ട്ര ടെക് ഭീമന്മാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിദേശ പ്രൊഫഷണലുകളെ അമേരിക്കയിലേക്ക് കൊണ്ടുവരുമ്പോള്‍ തൊഴിലുടമകള്‍ ഭാരിച്ച ചെലവ് ഏറ്റെടുക്കണം. കമ്പനികള്‍ക്ക് ആകെ ആശ്വാസം നിലവിലെ എച്ച്-1ബി വിസ ഉടമകള്‍ക്ക് ഇത് ബാധകമല്ല എന്നതാണ്.
അതേസമയം, ഐടി കമ്പനികളുമായി കൂടിയാലോചിച്ച ശേഷമാണ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷമായി ഉയര്‍ത്തിയത് എന്നാണ് അമേരിക്കന്‍ ഭരണകൂടം ന്യായീകരിക്കുന്നത്. അമേരിക്കന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
അമേരിക്കയുടെ ഈ നയങ്ങള്‍ വിദേശ പ്രൊഫഷണലുകളുടെ സ്വപ്നങ്ങള്‍ തല്ലിക്കൊടുത്തുമ്പോള്‍ മറുവശത്ത് ജര്‍മ്മനി ഉയര്‍ന്നു വരുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ലളിതവും ചെലവ് കുറഞ്ഞതുമായ വിസ വ്യവസ്ഥകള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനി സ്ഥിരതയുള്ള ഒരു ഓപ്ഷനായി ഉയര്‍ന്നുവരികയാണെന്ന് തൊഴില്‍ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ജര്‍മ്മനിയുടെ കുടിയേറ്റ നയങ്ങള്‍. രാജ്യത്തിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ മികച്ച തൊഴില്‍ സാധ്യതകളാണ് ഇന്ത്യക്കാര്‍ക്ക് നല്‍കുന്നതെന്ന് അടുത്തിടെ ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജര്‍മ്മനിയിലുള്ള ഇന്ത്യക്കാരുടെ ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം മൂലം പലപ്പോഴും ജര്‍മ്മന്‍ തൊഴിലാളികളേക്കാള്‍ കൂടുതല്‍ വരുമാനം ഇന്ത്യക്കാര്‍ നേടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജര്‍മ്മനിയില്‍ അതി വൈദഗ്ധ്യം വേണ്ട പല മേഖലകളിലും തൊഴിലാളികളുടെ വലിയ ഷോര്‍ട്ടേജുണ്ട്. ഐടി, എന്‍ജിനീയറിംഗ്, ആരോഗ്യം എന്നീ മേഖലകളിലാണ് ജര്‍മ്മനിയില്‍ തൊഴില്‍ ക്ഷാമം അനുഭവപ്പെടുന്നത്. ജര്‍മന്‍ ഭാഷ വശമുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ക്ക് അങ്ങോട്ടു പോകാനുള്ള നടപടികള്‍ എളുപ്പമാകും. യൂറോപ്യന്‍ യൂണിയന്‍ അല്ലാത്ത രാജ്യത്തു നിന്നുള്ള ഉയര്‍ന്ന വൈദഗ്ധ്യം ഉള്ള തൊഴിലാളികളെ ആകര്‍ഷിക്കാന്‍ വേണ്ടി കൊണ്ടുവന്ന വര്‍ക്ക് പെര്‍മിറ്റാണ് ബ്ലൂ കാര്‍ഡ്.
അമേരിക്കയില്‍ പുതിയ നിയമപ്രകാരം എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷം രൂപയാകുമ്പോള്‍ ജര്‍മ്മനിയില്‍ വിസ അപേക്ഷാ ചെലവ് വളരെ കുറവാണ്. ബ്ലൂ കാര്‍ഡ് ഫീസിന് ഏതാനും ആയിരം യൂറോ മാത്രമാണ് ചെലവ് വരുന്നത്. ശമ്പള/വിദ്യാഭ്യാസ യോഗ്യതകള്‍ പാലിക്കുന്നവര്‍ക്കാണ് ഇത് ലഭ്യമാകുന്നത്. യോഗ്യതയുള്ളവര്‍ക്ക് ജര്‍മനിയില്‍ പെര്‍മനന്റ് സ്റ്റാറ്റസ് ലഭിക്കാനും സാധ്യതകളുണ്ട്.












Click it and Unblock the Notifications