അമേരിക്ക ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടും; ആശങ്ക വര്‍ധിപ്പിച്ച് ഇറാന്റെ ആദ്യ പ്രതികരണം
ടെഹ്‌റാന്‍: ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. തിരിച്ചടി നല്‍കാനും ഇറാന് സ്വയം പ്രതിരോധിക്കാനും എല്ലാ ഓപ്ഷനുകളും ഉണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് സമൂഹ മാധ്യമമായ എക്സില്‍ മുന്നറിയിപ്പ് നല്‍കി. ഇസ്ഫഹാന്‍, ഫോര്‍ദോ, നതാന്‍സ് എന്നിവിടങ്ങളില്‍ യുഎസ് നടത്തിയ പ്രതികരണങ്ങളിലായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
'ഇന്ന് രാവിലെ നടന്ന സംഭവങ്ങള്‍ അതിരു കടന്നതാണ്, അവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിലൂടെ അമേരിക്ക യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണ് നടത്തിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് കുറ്റപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമാണ് അമേരിക്ക. യുഎന്നിലെ ഓരോ അംഗവും അമേരിക്കയുടെ ഈ നിയമവിരുദ്ധവും കുറ്റകരവുമായ നടപടികളെ വിലയിരുത്തണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ഇറാന്‍ പ്രത്യാക്രമണം കൂടുതല്‍ രൂക്ഷമാക്കി. ജറുസലേമില്‍ തുടര്‍ സ്‌ഫോടനങ്ങളുണ്ടായി. ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഇറാനില്‍ യുഎസ് ആക്രമണം നടത്തിയത്. മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ബോംബ് വര്‍ഷിച്ചത്. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല. ആണവ വികിരണത്തിന്റെ തോത് വര്‍ധിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണ്‍വോര്‍ജ ഏജന്‍സി അറിയിച്ചതാണ് ഏക ആശ്വാസം.
യുഎസ് ആക്രമണത്തെ വിമര്‍ശിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും രംഗത്തെത്തി. ക്യൂബ, ചിലി, മെക്സിക്കോ, വെനസ്വേല എന്നീ രാജ്യങ്ങളാണ് അമേരിക്കന്‍ സൈനിക നടപടിയെ അപലപിച്ചത്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അമേരിക്കയുടെ സഖ്യകക്ഷികളായ ന്യൂസിലന്‍ഡും ഓസ്ട്രേലിയയും ആവശ്യപ്പെട്ടു.
ഇറാന്റെ ആണവ കേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഡൊണാള്‍ഡ് ട്രംപിന്റെ സമൂഹ മാധ്യമത്തിലൂടെയാണ് ആക്രമണത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്.
ഇറാന്‍-ഇസ്രായേല്‍ ആക്രമണം തുടങ്ങി പത്താം നാളിലാണ് അമേരിക്ക നേരിട്ട് ആക്രമണത്തില്‍ പങ്കുചേരുന്നത്. ഇസ്രയേല്‍ - ഇറാന്‍ ആക്രമണത്തില്‍ ഇടപെടുന്നതു സംബന്ധിച്ച് രണ്ടാഴ്ചക്കുളളില്‍ തീരുമാനിക്കുമെന്നാണ് ട്രംപ് ആദ്യം പറഞ്ഞിരുന്നത്. അതിനിടെയാണ് ലോക രാജ്യങ്ങളെ ഞെട്ടിച്ച് അമേരിക്ക അപ്രതീക്ഷിത ആക്രമണം നടത്തിയത്.












Click it and Unblock the Notifications