'അമേരിക്കൻ-ഇന്ത്യൻ സ്പിരിറ്റാണ് ലോകത്തിലെ പുതിയ എഐ ശക്തി, പ്രവാസികൾ ബ്രാൻഡ് അംബാസിഡർ'
ന്യൂയോര്‍ക്ക്: പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് ഭാഷകൾ സംസാരിച്ചാലും നമ്മളെല്ലാവരും ഇന്ത്യക്കാരാണെന്നും ആ വികാരമാണ് നമ്മളെയെല്ലാം ചേർത്ത് നിർത്തുന്നതെന്നും മോദി പറഞ്ഞു. ന്യൂയോർക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മുടെ ഏറ്റവും വലിയ ശക്തി എന്നത് ഇന്ത്യ എന്ന വികാരമാണ്.ശാന്തിയും സമാധാനവും നിലനിർത്തി ആഗോള പൗരൻമാരായി ഇരിക്കാൻ നമ്മളെല്ലാവരേയും സഹായിക്കുന്നതും ഇതേ വികാരമാണ്. ഇത് ഇന്ത്യയെ ബന്ധിച്ച് അഭിമാനകരമാണ്. ഇന്ത്യ വിശ്വബന്ധുവാണെന്ന് ലോകം തിരിച്ചറിയുന്നു', മോദി പറഞ്ഞു.

യുഎസിലേക്ക് കുടിയേറിയ ഇന്ത്യക്കാർ രാഷ്ട്രദൂതൻമാരാണെന്നും മോദി പറഞ്ഞു. ഈ സമൂഹമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിർത്താൻ സഹായിക്കുന്നത്. ഇന്ത്യക്ക് ബഹുമാനം നേടി തന്നതിൽ ഓരോരുത്തരോടും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'എഐയുടെ പൂർണ്ണ രൂപം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നാണ്, എന്നാൽ പൂർണ്ണ രൂപം അമേരിക്ക ഇന്ത്യ ആണെന്നാണ് ഞാൻ കരുതുന്നത്, ഇത് ലോകത്തിൻ്റെ ആത്മാവും എഐ ശക്തിയുമാണ്. ഈ എഐ ശക്തി ഇന്ത്യ-യുഎസ് ബന്ധത്തെ മറ്റൊരു തലത്തിലെത്തിച്ചു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇന്നലെ ഡെലവെയറിലെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. അദ്ദേഹം പ്രകടിപ്പിച്ച സ്നേഹവും ആദരവും എന്ന സ്പർശിച്ചു. 140 കോടി ഇന്ത്യക്കാർക്കുള്ള ബഹുമതിയായിട്ടാണ് താൻ ഇതിനെ കാണുന്നത്.
'ഇന്ന് ഇന്ത്യ അവസരങ്ങളുടെ നാടാണ്. ഇന്ത്യ അവസരങ്ങൾക്കായി ഇപ്പോൾ കാത്തിരിക്കുന്നില്ല, പകരം അത് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഒരു ദശാബ്ദത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ നമ്മുക്ക് സാധിച്ചു. പഴയ ചിന്തകളും സമീപനവും മാറ്റിയതുകൊണ്ടാണ് ഇത് സാധ്യമായത്. പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇന്ത്യയുടെ 5ജി വിപണി അമേരിക്കയുടേതിനേക്കാൾ വലുതാണ്. വെറും രണ്ട് വർഷത്തിനുള്ളിലാണ് ഇത് സംഭവിച്ചത്. ഇപ്പോൾ നെയ്ഡ് ഇൻ ഇന്ത്യ 6ജിയ്ക്കായി ഇന്ത്യ പ്രവർത്തിക്കുകയാണ്. ഈ മേഖല വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയത് കൊണ്ടാണ് നേട്ടങ്ങൾ സാധ്യമായത്.', മോദി പറഞ്ഞു.
ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തിയത്. ന്യൂയോർക്കിലെത്തിയശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പരിപാടിയാണ് ഇത്. ഡെലവെയറിലെത്തുന്ന മോദി ഇന്ത്യ യുഎസ് ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും.












Click it and Unblock the Notifications