നിങ്ങള്‍ തെരുവിലിറങ്ങുന്ന ഓരോ നിമിഷവും ഡോളറുകളാണ് നമുക്ക് നഷ്ടപ്പെടുന്നത്: ലങ്കന്‍ പ്രധാനമന്ത്രി
കൊളംബോ: പൊതുവെ ദുര്‍ബലമായ രാജ്യത്തെ സമ്പദ്വ്യവസ്ഥയെ കൊവിഡ് ലോക്ക്ഡൗണ്‍ കൂടി വന്നതോടെ വിദേശ കരുതല്‍ ശേഖരം കൂടി ഇല്ലാതാക്കി എന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ. വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും രാജ്യത്ത് ഉയര്‍ന്ന് വരുന്ന പ്രതിഷേധവും വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധി നേരിട്ടതിന് തൊട്ട് പിന്നാലെയാണ് ഞങ്ങള്‍ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരുന്നുവെന്ന് അറിഞ്ഞിട്ടും ഞങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നു, പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ സഹോദരന്‍ കൂടിയായ മഹിന്ദ രാജപക്സെ പറഞ്ഞു.
നിലവിലെ ഈ പ്രതിസന്ധിയില്‍ നിന്ന് ശ്രീലങ്കയെ എങ്ങനെ കരകയറ്റാം എന്നതിനുള്ള പരിഹാരങ്ങള്‍ രൂപപ്പെടുത്താന്‍ പ്രസിഡന്റും ഞാനും ഓരോ നിമിഷവും ചെലവഴിക്കുകയാണ്,'' അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പ്രതിഷേധക്കാരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. തെരുവുകളില്‍ ചെലവഴിക്കുന്ന ഓരോ മിനിറ്റും രാജ്യത്തിന് ഡോളറിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരുന്ന്, പാല്‍പ്പൊടി, അരി, പഞ്ചസാര, പരിപ്പ്, ഗോതമ്പ് മാവ്, ഗ്യാസ്, ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ തുടങ്ങിയ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ദ്ധന കാരണം രാജ്യത്തെ ജീവിതച്ചെലവ് മോശമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ക്ക് വളം സബ്സിഡി പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ മോശം സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ആരോപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണ പ്രസംഗം.

1948 - ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ മാന്ദ്യത്തില്‍ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗര്‍ലഭ്യവും റെക്കോര്‍ഡ് പണപ്പെരുപ്പവും ശ്രീലങ്കക്കാര്‍ക്ക് അഭൂതപൂര്‍വമായ ദുരിതമാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നതിനായി പരമ്പരാഗത സിംഹള, തമിഴ് പുതുവര്‍ഷത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അധിക പൊതു അവധികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രാജപക്സെ പറഞ്ഞു. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ നിലവിലെ സര്‍ക്കാര്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'രാജ്യത്തെ കെട്ടിപ്പടുക്കാന്‍ മുന്നോട്ട് വരാന്‍ ഞങ്ങള്‍ പാര്‍ലമെന്റിലെ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ചു. ആരും അങ്ങനെ ചെയ്തില്ല,' ശ്രീലങ്കയുടെ ന്യൂസ് വയര്‍ അദ്ദേഹത്തെ ഉദ്ധരിച്ച് പറഞ്ഞു. 'നമ്മുടെ രാജ്യത്തെ തീവ്രവാദത്തില്‍ നിന്ന് രക്ഷിച്ച യുദ്ധവീരന്മാരെ ഉപദ്രവിക്കരുതെന്ന്' അദ്ദേഹം ശ്രീലങ്കയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു, മറ്റാരെക്കാളും അപമാനമാണ് തനിക്കും കുടുംബത്തിനും ലഭിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. 'എന്നാല്‍ ഞങ്ങള്‍ അത്തരം അപമാനങ്ങള്‍ കൊണ്ട് പരിചയപ്പെട്ടവരാണ് എന്നും മഹിന്ദ രജപക്‌സെ പറഞ്ഞു. അതേസമയം പ്രതിഷേധം ശക്തമായിട്ടും രാഷ്ട്രീയമായി ശക്തരായ രജപക്‌സെ കുടുംബം ശ്രീലങ്കയില്‍ അധികാരത്തില്‍ തുടരുകയാണ്.

വിദേശനാണ്യ പ്രതിസന്ധി താന്‍ ഉണ്ടാക്കിയതല്ലെന്നും ദ്വീപ് രാഷ്ട്രത്തിന്റെ ടൂറിസം വരുമാനവും പണമയയ്ക്കലും കുറയുകയും ചെയ്തതോടെ സാമ്പത്തിക മാന്ദ്യം വലിയ തോതില്‍ പകര്‍ച്ച വ്യാധിയായി മാറിയെന്നും രാഷ്ട്രപതി തന്റെ സര്‍ക്കാരിന്റെ നടപടികളെ ന്യായീകരിച്ച് പറഞ്ഞിരുന്നു. പ്രസിഡന്റ് ഗോതബായ രാജപക്‌സയും അദ്ദേഹത്തിന്റെ സ്വന്തം ഭരണകക്ഷിയായ എസ് എല്‍ പി പി സഖ്യത്തിലെ സ്വതന്ത്ര എം പിമാരുടെ സംഘവും തമ്മിലുള്ള ചര്‍ച്ചകള്‍ ഞായറാഴ്ച പുരോഗമിക്കാത്തതിനാല്‍ സര്‍വകക്ഷി ഇടക്കാല സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളും അനിശ്ചിതത്വത്തിലായി.












Click it and Unblock the Notifications