ഇറാന് വേണ്ടി ചാരവൃത്തി; സൗദി അറേബ്യയില്‍ കൂട്ട തലവെട്ടല്‍; 95 പേര്‍!! സ്ഥിതി വഷളാകും
മുജ്തബ അല്‍ സുവൈക്കത്ത് എന്ന 17 കാരനാണ് വധശിക്ഷ കാത്ത് കഴിയുന്ന വിദ്യാര്‍ഥി. ഈ കുട്ടിക്ക് അമേരിക്കയിലെ വെസ്റ്റേണ്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചിരിക്കെയാണ് അറസ്റ്റ് ചെയ്തത്.
റിയാദ്: സൗദി അറേബ്യയില്‍ നിരവധി പേരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും. വിദ്യാര്‍ഥി ഉള്‍പ്പെടെ 14 പേരുടെ വധശിക്ഷയാണ് കോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കാന്‍ തയ്യാറെടുക്കുന്നത്. തലവെട്ടിയാണ് വധശിക്ഷ നടപ്പാക്കുക. ശിക്ഷിക്കപ്പെടുന്നവരില്‍ കൂടുതലും ശിയാക്കളാണ്.
14 പേരുടെ വധശിക്ഷയാണ് ഉടന്‍ നടപ്പാക്കുന്നത്. മറ്റു 15 പേരെ കൂടി വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്. ശിക്ഷ നടപ്പാക്കുന്നതോടെ ഈ വര്‍ഷം വധിക്കുന്നവരുടെ എണ്ണം 95 ആകും. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിക്കുമെന്നാണ് കരുതുന്നത്. മുജ്തബ അല്‍ സുവൈക്കത്ത് എന്ന 17 കാരനാണ് വധശിക്ഷ കാത്ത് കഴിയുന്ന വിദ്യാര്‍ഥി. ഈ കുട്ടിക്ക് അമേരിക്കയിലെ വെസ്റ്റേണ്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചിരിക്കെയാണ് അറസ്റ്റ് ചെയ്തത്.

രാജാവിനെതിരേ നീക്കം
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയെന്നാണ് പ്രതികള്‍ക്കെതിരായ കുറ്റം. രാജാവിനെതിരേ നീക്കം നടത്തി, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, ഇറാനെ സഹായിച്ചു തുടങ്ങിയവയാണ് കുറ്റങ്ങള്‍.

15 പേര്‍ക്ക് കൂടി വധശിക്ഷ
ഇപ്പോള്‍ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് പറയുന്ന 14 പേര്‍ക്ക് പുറമെ 15 പേര്‍ക്ക് കഴിഞ്ഞ ദിവസം സ്‌പെഷ്യലൈസ്ഡ് ക്രിമിനല്‍ കോടതി (എസ്‌സിസി) വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

കൂട്ട അറസ്റ്റ്
2011-12 കാലയളവില്‍ അറബ് ലോകത്ത് മൊത്തം വിപ്ലവം നടന്നിരുന്നു. ഈ വേളയില്‍ സൗദി ഭരണകൂടത്തിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. ഈജിപ്തിലേയും തുണീഷ്യയിലേയും സമാനമായ സാഹചര്യം ഒഴിവാക്കാന്‍ സൗദിയില്‍ കൂട്ട അറസ്റ്റായിരുന്നു.

സുതാര്യമായ വിചാരണ നടന്നില്ല
ഇക്കാലത്ത് ചെയ്തുവെന്ന് ആരോപിക്കുന്ന കുറ്റത്തിന്‍മേലാണ് 14 പേര്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം ജൂണില്‍ വധശിക്ഷ വിധിച്ചത്. ഇവര്‍ക്ക് സുതാര്യമായ വിചാരണ നടന്നില്ല എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളുടെ വാദം.

കടുത്ത പീഡനം
ബോംബ് നിര്‍മിച്ചു, മോഷണം, കവര്‍ച്ച, കലാപത്തിന് ശ്രമിച്ചു, സുരക്ഷാ ഓഫീസര്‍മാരെ വെടിവയ്ക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരേ കേസെടുത്തിരുന്നു. കുറ്റം സമ്മതിക്കാന്‍ കടുത്ത പീഡനം ഏറ്റിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

വിമത ശബ്ദങ്ങളെ അടിച്ചൊതുക്കും
വിമത ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കമാണ് സൗദി ഭരണകൂടം ഇത്തരം വധശിക്ഷയിലൂടെ ചെയ്യുന്നതെന്ന് ആംനസ്റ്റിയുടെ പശ്ചമേഷ്യന്‍ ഡയറക്ടര്‍ സമാഹ് ഹദീദ് പറയുന്നു. വധശിക്ഷ നടപ്പാക്കാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

ദിവസം ഒരാളെ കൊല്ലുന്നു
കഴിഞ്ഞ മൂന്നര ആഴ്ചയ്ക്കിടെ സൗദിയില്‍ 26 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആംനസ്റ്റി പറയുന്നു. ദിവസം ഒന്ന് എന്ന നിലയിലാണ് വധശിക്ഷ നടപ്പാക്കുന്നതെന്നും സംഘടന ആരോപിക്കുന്നു.

32000 പേര്‍ ഒപ്പുവച്ച ഭീമഹര്‍ജി
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷനല്‍ 32000 പേര്‍ ഒപ്പുവച്ച ഭീമഹര്‍ജി തയ്യാറാക്കിയിട്ടുണ്ട്. അന്ധനായ മുനീര്‍ ആദം എന്ന 23 കാരന്റെ വധശിക്ഷ കഴിഞ്ഞ മാസമാണ് സൗദിയില്‍ ശരിവച്ചത്. 2012ലെ പ്രക്ഷോഭത്തിനിടെ പിടികൂടിയതാണ് ആദമിനെ.

നാല് ശിയാക്കളുടെ വധശിക്ഷ
അതിനിടെ, കഴിഞ്ഞ 11ന് നാല് ശിയാക്കളുടെ വധശിക്ഷ സൗദി നടപ്പാക്കിയിരുന്നു. പോലീസിനെ ആക്രമിച്ചുവെന്നാരോപിച്ചായിരുന്നു നടപടി. ഇറാനെ പിന്തുണച്ച് പ്രവര്‍ത്തിക്കുന്നവരാണ് പ്രതികളെന്നും പോലീസ് ആരോപിക്കുന്നു.

വന്‍ പ്രതിഷേധങ്ങള്‍
മുമ്പ് ശിയാ പണ്ഡിതന്‍ ശൈഖ് നിംറ് അല്‍ നിംറിന്റെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങളാണ് സൗദി അറേബ്യയില്‍ അരങ്ങേറിയത്. പുതിയ സംഭവത്തിലും വധശിക്ഷക്ക് വിധേയരാകുന്നവരില്‍ ഭൂരിഭാഗവും ശിയാക്കളാണ്.

ഇറാനും സൗദിയും തര്‍ക്കം രൂക്ഷം
ഇറാനും സൗദിയും തമ്മില്‍ കടുത്ത ഭിന്നതയും അതിര്‍ത്തിയില്‍ വെടിവയ്പ്പും തുടരുന്ന പശ്ചാത്തലത്തിലാണ് ശിയാക്കളുടെ വധശിക്ഷ നടപ്പാക്കുന്നത്. ഇതു ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.












Click it and Unblock the Notifications