ഹിസ്ബുള്ളയ്ക്ക് വീണ്ടും തിരിച്ചടി; മറ്റൊരു ഉന്നത നേതാവിനെ കൂടി വധിച്ച് ഇസ്രായേൽ
ഹസൻ നസ്രല്ലയ്ക്ക് പിന്നാലെ ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടി നൽകി മറ്റൊരു ഉന്നത നേതാവിനെ കൂടി വധിച്ചതായി ഇസ്രായേൽ. ഹിസ്ബുള്ളയുടെ സെൻട്രൽ കൗൺസൽ കൗൺസിൽ ഡെപ്യൂട്ടി ഹെഡ് ആയ നബീൽ കൗക്കിനെ ഇല്ലാതാക്കിയെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്.
1980 മുതൽ ഹിസ്ബുള്ളയുടെ ഭാഗമാണ് കൗക്ക്. മുൻപ് തെക്കൻ ലെബനനിലെ സൈനിക ഗ്രൂപ്പിന്റെ കമാന്റായിരുന്നു കൗക്ക്. 2006 ൽ ഇസ്രായേലിനെതിരെ ഹിസ്ബുള്ളയുടെ സൈന്യത്തെ നയിച്ചിരുന്നത് കൗക്ക് ആയിരുന്നു. രാഷട്രീയ സുരക്ഷാ വിഷയങ്ങളിലെല്ലാം ഹിസ്ബുള്ളയുടെ മുഖമായി മാധ്യമങ്ങളിൽ സംസാരിച്ച നേതാവ് കൂടിയായിരുന്നു കൗക്ക്. 2020ൽ അമേരിക്ക ഇയാൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. നസ്രല്ലയ്ക്ക് പകരക്കാരാനയി കണക്കാക്കിയിരുന്ന നേതാവാണ് കൗക്ക് എന്നും അയാളെയാണ് ഇല്ലാതാക്കിയതെന്നും ഇസ്രായേൽ പറഞ്ഞു.

'ഹിസ്ബുള്ളയുടെ കമാന്റർമാരെ മുഴുവൻ തങ്ങൾ ഇല്ലാതാക്കും. ഇസ്രായേലിന്‌റെ പൗരൻമാരെ ഭീഷണിപ്പെടുത്തുന്ന എല്ലാവർക്കുമെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കും', കൗക്കിന്റെ മരണം പ്രഖ്യാപിച്ച് കൊണ്ട് ഐഡിഎഎഫ് എക്സിൽ കുറച്ചു. അതേസമയം കൗക്കിന്റെ മരണം ഹിസ്ബുള്ള ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നസ്രല്ല ഉൾപ്പെടെ നിരവധി ഹിസ്ബുള്ള നേതാക്കളെ ഇസ്രായേൽ ഇതിനോടകം കൊലപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള വ്യോമാക്രമണം കൂടുതൽ തീവ്രമാക്കാൻ ഒരുങ്ങുകയാണ് ഇസ്രായേൽ.
അതേസമയം നസ്രല്ലയ്ക്ക് പകരക്കാരനായി നസ്രല്ലയുടെ ബന്ധു കൂടിയായ ഹാഷിം സഫിദ്ദീനെ പുതിയ തലവനായി ഹിസ്ബുള്ള ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 64 കാരനായ സഫിദ്ദീൻ ശരീരപ്രകൃതത്തിലും നസ്രലല്ലയുമായി ഏറെ സാമ്യമുള്ള നേതാവാണ്. നേരത്തേ അദ്ദേഹം ഇസ്രായൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി അഭ്യൂഹം ഉണ്ടയിരുന്നു. എന്നാൽ ഇത് തള്ളി ഹിസ്ബുള്ള രംഗത്തെത്തി. ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങളുടെ മേൽനോട്ടം വഹിച്ച് വരികയാണ് സഫിദ്ദീൻ. ഗ്രൂപ്പിന്റെ ജിഹാദ് കൗൺസിൽ അംഗം കൂടിയാണ്.
അതേസമയം ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ഇതുവരെ 1030 ഓളം പേർ കൊല്ലപ്പെട്ടാണ് അനൗദ്യോഗിക കണക്കുകൾ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഏകദേശം 250,000 പേർ നടത്തുന്ന ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്ന് ലെബനൻ പരിസ്ഥിതി മന്ത്രി നാസർ യാസിൻ പറഞ്ഞു.
അതേസമയം ബെയ്റൂട്ടിൽ വ്യോമാക്രമണം ശക്തമായതോടെ വെള്ളിയാഴ്ച വരെ 211,319 പേരെ മാറ്റിപ്പാർപ്പിച്ചതായി യുഎൻ അധികൃതരും അറിയിച്ചു. പല സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും ആയിരങ്ങൾ ഇപ്പോഴും തെരുവിൽ കഴിയുകയാണെന്നും യുഎൻ അറിയിച്ചു.












Click it and Unblock the Notifications