ചുവപ്പണിഞ്ഞ് ശ്രീലങ്ക; ഇടത് നേതാവ് അനുര കുമാര ഡിസനായകെ പ്രസിഡന്റ്
ശ്രീലങ്കയിൽ ചരിത്രം കുറിച്ച് ഇടത് നേതാവ് അനുര കുമാര ഡിസനായകെ പ്രസിഡന്റ് സ്ഥാനത്തേക്ക്. 42.31 ശതമാനം വോട്ട് നേടിയാണ് വിജയം. നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സ്ഥാനാർത്ഥിയായ അനുര കുമാര ശ്രീലങ്കയിലെ ആദ്യ മാര്‍ക്‌സിസ്‌റ്റ് പ്രസിഡന്റാണ് . രാജ്യത്തിന്റെ ഒൻപതാമത്തെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനം വോട്ട് നേടാൻ സാധിച്ചിരുന്നില്ല. അനുര കുമാരയ്ക്ക് 42 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചത്. മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനും സമാഗി ജന ബലവേഗ സ്ഥാനാർത്ഥിയുമായ സജിത് പ്രേമദാസയ്ക്ക് രണ്ടാം സ്ഥാനമേ നേടാൻ സാധിച്ചുള്ളൂ. 33 ശതമാനം വോട്ടുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. നിലവിലെ പ്രസിഡന്റായ റെനിൽ വിക്രമസിംഗെ 17 ശതമാനം വോട്ടുകളുമാണ് നേടിയത്. ഇതോടെ വോട്ടെണ്ണൽ രണ്ടാം റൗണ്ടിലേക്ക് കടന്നു. ശ്രീലങ്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് കടക്കുന്നത്.

ഏറ്റവും കൂടുതൽ വോട്ട് നേടുന്ന രണ്ട് പേരാണ് രണ്ടാം റൗണ്ടിലേക്ക് കടക്കുക. തുർന്ന് നടന്ന വാശിയേറിയ പോരാട്ടത്തിലാണ് സജിത് പ്രേമദാസയെ പരാജയപ്പെടുത്തി അനുര കുമാര വിജയം സ്വന്തമാക്കിയത്. വിജയിച്ചതിന് പിന്നാലെ ഒരു പുതിയ തുടക്കത്തിനായി അനുര കുമാര ആഹ്വാനം ചെയ്തു. ' നൂറ്റാണ്ടുകളായി നാം വളർത്തിയെടുത്ത സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. ഒരിക്കലും ഈ നേട്ടം ഒരു വ്യക്തിക്ക് അവകാശപ്പെട്ടതല്ല, ഇത് ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. ജനങ്ങളുടെ പ്രതിബദ്ധതയാണ് ഞങ്ങളെ ഇത്രയും മുന്നോട്ട് എത്തിച്ചത്. ഈ വിജയം നമ്മുക്കെല്ലാവർക്കം അവകാശപ്പെട്ടതാണ്.
സിംഹളരുടെയും തമിഴരുടെയും മുസ്ലീങ്ങളുടെയും എല്ലാ ശ്രീലങ്കക്കാരുടെയും ഐക്യമാണ് പുതിയ തുടക്കത്തിന്റെ അടിസ്ഥാനം. നാം ആഗ്രഹിക്കുന്ന പുതിയ നവോത്ഥാനം നമ്മുടെ കൂട്ടായ ശക്തിയിൽ നിന്നും കാഴ്ചപ്പാടിൽ നിന്നും ഉയർന്നുവരും. രാജ്യത്തിന്റെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാനുള്ള പുതിയ തുടക്കത്തിന് പ്രത്യാശ നൽകുന്നതാണ് ഇത്', അദ്ദേഹം എക്സിൽ കുറിച്ചു. തിങ്കളാഴ്ചയായിരിക്കും പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ.
വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള നേതാവാണ് അനുര കുമാര. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. 2000 ത്തിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചന്ദ്രിക ബന്ധാരനായകെ സർക്കാരിൽ മന്ത്രിയായിരുന്നു.












Click it and Unblock the Notifications