ലയണല്‍ മെസ്സിയെ ബെയ്ജിങ് വിമാനത്താവളത്തില്‍ തടഞ്ഞ് അധികൃതര്‍, കാരണം ഇങ്ങനെ
ബെയ്ജിങ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ വിമാനത്താവളത്തില്‍ തടഞ്ഞു. അന്താരാഷ്ട്ര മത്സരത്തിനായി ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെത്തിയപ്പോഴാണ് സംഭവം. ജൂണ്‍ പത്തിനായിരുന്നു മെസ്സി വിമാനത്താവളത്തിലെത്തിയത്.
എന്നാല്‍ പെട്ടെന്ന് തന്നെ താരത്തെ വളഞ്ഞ ചൈനീസ് ബോര്‍ഡര്‍ പോലീസ്, പുറത്തുകടക്കാന്‍ അനുവദിച്ചില്ല. ഓസ്‌ട്രേലിയക്കെതിരെ ബെയ്ജിംഗിലെ വര്‍ക്കേഴ്‌സ് സ്റ്റേഡിയത്തില്‍ അര്‍ജന്റീന അന്താരാഷ്ട്ര മത്സരം കളിക്കുന്നുണ്ട്. ടീമിന്റെ ക്യാപ്റ്റനാണ് മെസ്സി. അതേസമയം വിസാ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താരത്തെ തടഞ്ഞത് എന്നാണ് റിപ്പോർട്ട്.

മെസ്സിയുടെ വിസയില്‍ ചില കാലതാമസം നേരിട്ടതായി ചൈനീസ് അധികൃതര്‍ പറയുന്നു. മെസ്സി സ്പാനിഷ് പാസ്‌പോര്‍ട്ട് കൈവശം വെച്ചാണ് യാത്ര ചെയ്തത്. അര്‍ജന്റീനന്‍ പൗരനായ മെസ്സി യാത്ര ചെയ്യേണ്ടിരുന്നത് അവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു. എന്നാല്‍ അര്‍ജനന്റീന പാസ്‌പോര്‍ട്ടില്‍ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു.അതുകൊണ്ടാണ് സ്പാനിഷ് പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്തത്.
ഇതേ തുടര്‍ന്ന് മുപ്പത് മിനുട്ടോളമാണ് മെസ്സി വിമാനത്താവളത്തില്‍ തുടര്‍ന്നത്. അതിന് ശേഷം പ്രശ്‌നം പരിഹരിക്കപ്പെട്ടു. തുടര്‍ന്ന് മെസ്സി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയെന്നും അധികൃതര്‍ പറയുന്നു.
മെസ്സിയെ പോലീസ് ഓഫീസര്‍മാര്‍ തടയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തുടര്‍ന്ന് താരം പാസ്‌പോര്‍ട്ട് കൈയ്യിലെടുത്ത് തന്റെ സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നത് കാണാം. സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് ഈ വീഡിയോ.
മെസ്സി സ്പാനിഷ് പാസ്‌പോര്‍ട്ട് ഉപയോഗിച്ചത് കൊണ്ടാണ് ഈ പ്രശ്‌നങ്ങള്‍ വന്നതെന്നാണ് അധികൃതര്‍ പറയുന്നത്. അര്‍ജന്റീന പാസ്‌പോര്‍ട്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ആദ്യമേ താരം വിമാനത്താവളത്തിന് പുറത്തുപോവുമായിരുന്നു.
അര്‍ജന്റീന പാസ്‌പോര്‍ട്ട് ഇല്ലാത്തത് കൊണ്ട് വലിയ ആശയക്കുഴപ്പവും വിമാനത്താവളത്തിലുണ്ടായി. മെസ്സിയുടെ കളിക്കാരനെന്ന ഐഡന്റിറ്റി പെട്ടെന്ന് ഇവര്‍ക്ക് മനസ്സിലാക്കാനും സാധിച്ചില്ല.
അതേസമയം ആശയക്കുഴപ്പങ്ങളെ തുടര്‍ന്ന് അരമണിക്കൂറോളം അദ്ദേഹത്തിന് വിമാനത്താവളത്തില്‍ ചെലവഴിക്കേണ്ടി വന്നു. ഇതിനിടെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ടായിരുന്നു. തുടർന്ന് താരത്തിന് പ്രവേശന വിസ അനുവദിക്കുകയായിരുന്നു.
വ്യാഴാഴ്ച്ചയാണ് മെസ്സിയുടെ അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിന് ഇറങ്ങുന്നത്. തുടര്‍ന്ന് ഇന്തോനേഷ്യയിലേക്ക് ടീം തിരിക്കും. ഇവിടെ ജൂണ്‍ 19ന് ടീം ഇന്തോനേഷ്യയെ നേരിടും. മെസ്സിക്ക് ടീം അതിന് ശേഷം വിശ്രമം അനുവദിക്കും. ജൂലായിലാണ് താരം പുതിയ ക്ലബായ ഇന്റര്‍ മയാമിക്കൊപ്പം ചേരുക. പിഎസ്ജിയില്‍ നിന്നാണ് മെസ്സി യുഎസ് ക്ലബിലെത്തുന്നത്.












Click it and Unblock the Notifications