മാദക നടിക്കൊപ്പം സെല്‍ഫി; പൈലറ്റുമാരുടെ ജോലി തെറിച്ചു
ബ്യൂണസ് ഐറിസ്: പേരുകേട്ട മാദകനടി തങ്ങളുടെ വിമാനത്തില്‍ കയറിയാല്‍ ഏതൊരു പൈലറ്റും ചെയ്യുന്നതേ അര്‍ജന്റീനക്കാര പൈലറ്റുമാരും ചെയ്തുളളൂ. എന്നാല്‍, ചിത്രമെടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ അത് ട്വിറ്ററിലെത്തിയതോടെ വിമാനം പറത്തേണ്ടുന്നവരുടെ ജോലി തെറിച്ചു. അര്‍ജന്റീനയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയ്‌റോലിനസ് അര്‍ജന്റിനാസിന്റെ പൈലറ്റുമാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.
ജോലിസമയത്തുള്ള സെല്‍ഫിയെടുക്കല്‍ ഗുരുതരമായ കുറ്റകൃത്യമായാണ് കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല, നടിയും ഡാന്‍സറുമായ വിക്കി സിപ്പോലിറ്റാകിസ് കോക്പിറ്റില്‍ കടന്നുകയറിയതിനെക്കുറിച്ച് വിശദീകരിക്കുന്നതിലും പൈലറ്റുമാര്‍ പരാജയപ്പെട്ടു. ചിത്രമെടുത്തയുടനെ വിക്കി അത് തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് പൈലറ്റുമാര്‍ക്ക് കെണിയായത്.

പ്രമുഖ ടെലിവിഷന്‍ ചാനലിലും ഇവരുടെ സെല്‍ഫി പ്രത്യക്ഷപ്പെട്ടതോടെ സംഭവത്തില്‍ ഉടനടി അന്വേഷണം നടക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു. പൈലറ്റുമാര്‍ക്കുമാത്രമല്ല, നടി വിക്കിക്കെതിരെയും വിമാനക്കമ്പനി നടപടിയുണ്ട്. കമ്പനിയുടെ വിമാനത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തില്‍ അവര്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ല.
പൈലറ്റുമാരുടെ ഇത്തരം ചെയ്തികള്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കിയാല്‍ മറ്റുള്ളവരും ഇത് ആവര്‍ത്തിക്കാനിടയുണ്ടെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. ഇത് ഒഴിവാക്കാനായാണ് ഇരുവര്‍ക്കുമെതിരെ അടിയന്തിരമായി നടപടി കൈക്കൊണ്ടത്. അടിക്കടിയുണ്ടാകുന്ന വിമാന അപകടങ്ങള്‍ക്കിടയില്‍ ഇത്തരം കൃത്യവിലോപം കാട്ടുന്ന ഉദ്യോഗസ്ഥരെ വച്ചുപൊറിപ്പിക്കില്ലെന്ന് കമ്പനി മുന്നറിയിപ്പു നല്‍കുകയും ചെയ്തു.












Click it and Unblock the Notifications