റഷ്യയോട് യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെട്ട് അര്‍ണോള്‍ഡ് ഷ്വാര്‍സെനെഗര്‍; യുക്രൈയിന് പൂര്‍ണ പിന്തുണ
ന്യൂയോര്‍ക്ക്: റഷ്യന്‍ അധിനിവേശം നടത്തുന്ന യുക്രെയിന് പിന്തുണയുമായി ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സെനെഗര്‍ രംഗത്ത്. റഷ്യയോട് യുദ്ധം അവസാനിപ്പിക്കാന്‍ അര്‍ണോള്‍ഡ് ഷ്വാര്‍സെനെഗര്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. എന്റെ പ്രിയപ്പെട്ട റഷ്യന്‍ സുഹൃത്തുക്കളിലേക്കും യുക്രെയ്‌നില്‍ സേവനമനുഷ്ഠിക്കുന്ന റഷ്യന്‍ സൈനികരിലേക്കും എത്താന്‍ ഞാന്‍ ഈ സന്ദേശം വിവിധ ചാനലുകളിലേക്ക് അയയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം 9 മിനിറ്റ് വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ഞാന്‍ ഇന്ന് നിങ്ങളോട് സംസാരിക്കുന്നത് നിങ്ങളില്‍ നിന്ന് മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലോകത്ത് നടക്കുന്നതിനാലാണ്, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഭയാനകമായ കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു. റഷ്യന്‍ ജനതയുടെ ശക്തിയും ഹൃദയവും എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള സത്യം നിങ്ങളോട് പറയാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഇത് യുക്രെയ്‌നെ 'നാസിഫൈ ചെയ്യാനുള്ള' യുദ്ധമാണെന്ന് നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങളോട് പറഞ്ഞതായി എനിക്കറിയാം. അത് ശരിയല്ല, ക്രെംലിനില്‍ അധികാരത്തിലുള്ളവരാണ് ഈ യുദ്ധം ആരംഭിച്ചത്. ഇത് റഷ്യന്‍ ജനതയുടെ യുദ്ധമല്ലെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ പ്രവര്‍ത്തനങ്ങള്‍ കാരണം ലോകം റഷ്യയ്ക്കെതിരെ തിരിഞ്ഞു. കുട്ടികളുടെ ആശുപത്രിയും പ്രസവ ആശുപത്രിയും ഉള്‍പ്പെടെ റഷ്യന്‍ പീരങ്കികളും ബോംബുകളും ഉപയോഗിച്ച് നഗരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും വീര്‍പ്പുമുട്ടുകയാണ്. അവരുടെ ക്രൂരത കാരണം, റഷ്യ ഇപ്പോള്‍ രാഷ്ട്രങ്ങളുടെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുക്രെയിനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് വന്‍ നാശ നഷ്ടങ്ങളാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബ്രിട്ടീഷ് ഇന്റലിജന്‍സാണ് ഇത്തരമൊരു വിവരം പങ്കുവച്ചത്. റഷ്യയുടെ സൈനിക ശേഷിക്കും വന്‍ തിരിച്ചടിയാണ് നേരിട്ടത്. വൈകാതെ തന്നെ റഷ്യ യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങാനുള്ള ശ്രമം നടത്തുമെന്നാണ് സൂചന.
യുദ്ധത്തില്‍ എണ്ണമറ്റ സൈനികരെ റഷ്യയ്ക്ക് നഷ്ടപ്പെട്ടെന്നും വിവരമുണ്ട്. നാല് ജനറല്‍മാര്‍ ഉള്‍പ്പെടെ റഷ്യയുടെ 14000 സൈനികരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടെന്നാണ് യുക്രൈന്റെ കണക്ക്. റഷ്യയുടെ 444 ടാങ്കുകളും 1435 കവചിത വാഹനങ്ങളും 86 യുദ്ധവിമാനങ്ങളും തകര്‍ന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടൊപ്പം പാശ്ചാത്യ ഉപരോധത്തെതുടര്‍ന്ന് റഷ്യന്‍ സമ്പദ് ഘടന തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. പക്ഷേ പിന്നോട്ടില്ലെന്നാണ് പുടിന്റെ നിലപാട്. റഷ്യയില്‍ യുദ്ധ വിരുദ്ധ നിലപാട് പ്രചരിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികള്‍ ആണെന്നും പുടിന്‍ വ്യക്തമാക്കി.












Click it and Unblock the Notifications