30 മലയാളികളടക്കം 300 ഓളം ഇന്ത്യക്കാര്‍ മ്യാന്‍മറില്‍ ഗുണ്ടകളുടെ പിടിയില്‍, ചെയ്യിക്കുന്നത് സൈബര്‍ കുറ്റങ്ങള്‍
മ്യാവഡി: 30 മലയാളികള്‍ അടക്കം 300 ഓളം ഇന്ത്യക്കാര്‍ മ്യാന്‍മറില്‍ ഗുണ്ടാസംഘത്തിന്റെ തടവില്‍. തായ്‌ലാന്റില്‍ ഡാറ്റാ എന്‍ട്രി ജോലിക്കായി എത്തിയവരെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ട് വന്ന് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. തങ്ങളെ കൊണ്ട് നിര്‍ബന്ധപൂര്‍വം സൈബര്‍ കുറ്റങ്ങള്‍ ചെയ്യിക്കുന്നു എന്നാണ് ഇവര്‍ മാധ്യമങ്ങളോട് പറയുന്നത്.
വിസമ്മതിച്ചാല്‍ ഇലക്ട്രിക് ലാത്തി കൊണ്ട് ക്രൂരമായി ഉപദ്രവമേല്‍ക്കുന്നതായും ഇവര്‍ പറയുന്നു. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, പാലക്കാട് സ്വദേശികള്‍ ആണ് തടവിലുള്ള മലയാളികള്‍. തായ്ലന്‍ഡില്‍ ഡാറ്റ എന്‍ട്രി ജോലിക്കെ എന്ന പേരില്‍ റിക്രൂട്ട് ചെയ്തവരാണ് ഇവര്‍. തായ്‌ലാന്‍ഡ് വിമാനത്താവളത്തിലിറങ്ങിയ ഇവരെ റോഡ് മാര്‍ഗം മ്യാന്‍മറില്‍ എത്തിക്കുകയായിരുന്നു.

മ്യാന്‍മറില്‍ അതിര്‍ത്തി ഗ്രാമമായ മ്യാവഡിയിലെ ഉള്‍ഗ്രാമത്തിലേക്കാണ് തോക്കുധാരികളായ ഗുണ്ടാസംഘം ഇവരെ എത്തിച്ചത്. പുഴ കടന്നുള്ള ഒരു സ്ഥലത്താണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സ്ഥലമാണിത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ മ്യാന്‍മറിലെ ഇന്ത്യന്‍ എംബസി രക്ഷാശ്രമം തുടങ്ങിയതായാണ് വിവരം.
ഇതിനകം 30 പേരെ രക്ഷപ്പെടുത്തിയതായും വിദേശ കാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള 60 ഓളം പേരും സംഘത്തിലുണ്ട്. ഹാക്കിങ്ങിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക. ഫോണ്‍ സെക്‌സിനായി ആളുകളെ കണ്ടെത്തുക. പെണ്‍വാണിഭ കേന്ദ്രങ്ങള്‍ക്ക് കോള്‍ സെന്ററുകളായി പ്രവര്‍ത്തിക്കുക തുടങ്ങിയ ജോലികളാണ് ഇവരെ കൊണ്ട് ചെയ്യിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
മലേഷ്യന്‍, ചൈനീസ് പൗരന്‍മാരുടേതാണ് ഐ ടി സ്ഥാപനങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. മ്യാന്‍മര്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലല്ലാത്തതും വംശീയ സായുധ ഗ്രൂപ്പുകളുടെ ആധിപത്യമുള്ളതുമായ മേഖലയാണ് മ്യാവഡി. ഒരു ദിവസം 15 മണിക്കൂറിലധികം ജോലി ചെയ്യാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിക്കുകയാണെന്ന് ഇവര്‍ പറയുന്നു.
എ എം എം കെ ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരനും സി പി ഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശനും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ മ്യാന്‍മറില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര, തമിഴ്നാട് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications