ലോകം ശ്വാസമടക്കിപ്പിടിക്കുന്ന 40 നിമിഷം! ആർട്ടമിസ് യാത്രികർ ചന്ദ്രന്റെ ഇരുണ്ട വശത്തേക്ക്
ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് കിലോമീറ്റർ അകലെ, പ്രപഞ്ചത്തിന്റെ കൊടും നിശബ്ദതയിൽ നാല് മനുഷ്യർ പൂർണ്ണമായും ഒറ്റപ്പെടാൻ പോകുന്നു! ആർട്ടമിസ് II(Artemis II) ദൗത്യത്തിലെ യാത്രികർ ചന്ദ്രന്റെ 'മറുപുറത്തേക്ക്' (Far Side) പ്രവേശിക്കുന്ന ആ നിമിഷം, ഭൂമിയിൽ നിന്നുള്ള എല്ലാ റേഡിയോ തരംഗങ്ങളും നിശ്ചലമാകും. ചന്ദ്രൻ എന്ന ഭീമൻ മതിൽ സിഗ്നലുകളെ തടയുമ്പോൾ, ഹൂസ്റ്റണിലെ മിഷൻ കൺട്രോളിൽ നിന്നുള്ള ആശ്വാസവാക്കുകളില്ലാതെ, പ്രിയപ്പെട്ടവരുടെ ശബ്ദമില്ലാതെ അവർ ആ 40 മിനിറ്റ് കഴിച്ചുകൂട്ടണം. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഏകാന്തതയുടെ നിമിഷങ്ങളാണത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 4.17-ഓടെയാണ് ഈ അതിനിർണ്ണായകമായ 'ലൂണാർ ബ്ലാക്ക് ഔട്ട്' സംഭവിക്കുന്നത്.
എന്താണ് ഈ റേഡിയോ ബ്ലാക്ക് ഔട്ട്?
ചന്ദ്രൻ ഭൂമിയെ വലംവയ്ക്കുമ്പോൾ അതിന്റെ ഒരു വശം മാത്രമാണ് എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നത്. ചന്ദ്രന്റെ മറുപുറം ഭൂമിയിൽ നിന്ന് നേരിട്ട് കാണാൻ സാധിക്കില്ല. ആർട്ടമിസ് ദൗത്യത്തിലെ ഓറിയോൺ പേടകം ചന്ദ്രനെ വലംവയ്ക്കുമ്പോൾ ഈ മറുവശത്തേക്ക് കടക്കും. ഈ സമയത്ത് പേടകത്തിനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ തടസ്സമായി വരുന്നതിനാൽ സിഗ്നലുകൾക്ക് കടന്നുപോകാൻ സാധിക്കില്ല. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 4.17-ഓടെയാണ് ഈ അതിനിർണ്ണായകമായ 40 മിനിറ്റുകൾ ആരംഭിക്കുന്നത്.

ഏകാന്തതയുടെ ചരിത്രവും അനുഭവങ്ങളും
അർക്കമിസ് യാത്രികർക്ക് മുൻപ് 50 വർഷങ്ങൾക്ക് മുൻപ് അപ്പോളോ ദൗത്യങ്ങളിൽ പങ്കെടുത്തവരും ഈ ഏകാന്തത അനുഭവിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തമായത് അപ്പോളോ 11-ലെ മൈക്കൽ കോളിൻസിന്റെ അനുഭവമാണ്. നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയപ്പോൾ മുകളിലെ കമാൻഡ് മോഡ്യൂളിൽ തനിച്ച് ചന്ദ്രനെ വലംവയ്ക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രന്റെ മറുവശത്ത് എത്തിയ ആ 48 മിനിറ്റുകളിൽ അദ്ദേഹം ഭൂമിയിൽ നിന്നും മനുഷ്യവർഗ്ഗത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ടു. "അറിയപ്പെടുന്ന എല്ലാ ജീവജാലങ്ങളിൽ നിന്നും അകന്ന് ഞാൻ ശരിക്കും ഒറ്റയ്ക്കായിരുന്നു" എന്നാണ് അദ്ദേഹം തന്റെ ആത്മകഥയിൽ കുറിച്ചത്.
മാനസികവും ആത്മീയവുമായ പരീക്ഷണം
ആർട്ടമിസ് പൈലറ്റായ വിക്ടർ ഗ്ലോവർ ഈ നിമിഷത്തെ ഒരു പോസിറ്റീവ് അവസരമായാണ് കാണുന്നത്. ഭൂമിയിലെ തർക്കങ്ങളും വിഭജനങ്ങളും മറന്ന് ലോകം മുഴുവൻ തങ്ങൾക്കായി പ്രാർത്ഥിക്കാനും ഒരുമിച്ചു നിൽക്കാനുമുള്ള സമയമാണിതെന്ന് അദ്ദേഹം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പേടകം ചന്ദ്രന്റെ നിഴലിൽ നിന്ന് പുറത്തുവരുന്നത് വരെ ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിലുള്ള ശാസ്ത്രജ്ഞരും ശ്വാസമടക്കിപ്പിടിച്ചായിരിക്കും കാത്തിരിക്കുക.
ഭാവിയിലെ 'മൂൺലൈറ്റ്' പദ്ധതി
ഭാവിയിൽ ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാകുമ്പോൾ ഇത്തരം ആശയവിനിമയ തടസ്സങ്ങൾ വലിയ വെല്ലുവിളിയാകും. ഇത് പരിഹരിക്കാനായി യൂറോപ്യൻ സ്പേസ് ഏജൻസി (ESA) 'മൂൺലൈറ്റ്' (Moonlight) എന്ന പേരിൽ ഒരു ഉപഗ്രഹ ശൃംഖല വികസിപ്പിക്കുന്നുണ്ട്. ചന്ദ്രന്റെ മറുവശത്തും 24 മണിക്കൂർ ആശയവിനിമയം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് യാഥാർത്ഥ്യമായാൽ ചന്ദ്രന്റെ ഏത് കോണിലിരുന്നും ഭൂമിയുമായി സംസാരിക്കാൻ സാധിക്കും.
നിശബ്ദതയുടെ ഈ 40 മിനിറ്റുകളിൽ യാത്രികർ വെറുതെയിരിക്കില്ല. ചന്ദ്രന്റെ ഭൂപ്രകൃതി പഠിക്കാനും അപൂർവ്വമായ ചിത്രങ്ങൾ പകർത്താനും അവർ ഈ സമയം ഉപയോഗിക്കും. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് അവർ തിരിച്ചെത്തുമ്പോൾ അത് മനുഷ്യന്റെ അതിജീവനത്തിന്റെയും പര്യവേഷണത്തിന്റെയും പുതിയൊരു അധ്യായമായി മാറും.












Click it and Unblock the Notifications