'ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണം, ഇന്ത്യ ജമ്മു കാശ്മീരിലെ മുസ്ലീം പൈതൃകം ഇല്ലാതാക്കുന്നു'; യുഎന്നിൽ പാകിസ്താൻ
യുഎന്നിൽ വീണ്ടും കാശ്മീർ വിഷയം ഉയർത്തി പാകിസ്താൻ. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും അവിടെയുള്ള മുസ്ലീം ജനസംഖ്യയെ കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് രാജ്യം നടത്തുന്നതെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആരോപിച്ചു. കാശ്മീരിനെ പലസ്തീനുമായും ഷെരീഫ് ഉപമിച്ചു.
'പലസ്തീനിലെ ജനങ്ങളെ പോലെ തന്നെ സ്വാതന്ത്ര്യത്തിന് വേണ്ടി ജമ്മുകാശ്മീരിലെ ജനങ്ങളും നൂറ്റാണ്ടുകളോളം പോരാടി. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ നീണ്ട കർഫ്യൂ അടക്കമുള്ള ക്രൂരമായ നടപടികളാണ് ഇന്ത്യ അവിടെ നടപ്പാക്കിയത്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ഇന്ത്യ തയ്യാറാകണം. മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിനായി അവർ സ്വീകരിക്കുന്ന ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികളിൽ നിന്ന് പിൻമാറണം. കാശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിനും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും അനുസൃതമായി ജമ്മു കാശ്മീരിലെ പ്രശ്നം സമാധാനപരമായി പരിഹരിക്കുകയും ചർച്ചകൾ നടത്തുകയും വേണം', ഷെരീഫ് പറഞ്ഞു.

മുസ്ലീം ഭൂരിപക്ഷത്തെ ന്യൂനപക്ഷമാക്കി മാറ്റാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. പുറത്ത് നിന്നുള്ള ആളുകൾക്ക് കാശ്മീരിലേക്ക് വരാനും വാഴാനും അവസരം ഒരുക്കി അവിടുത്തെ മുസ്ലീം ജനസംഖ്യ കുറക്കാനാണ് ഇന്ത്യ ചെയ്യുന്നത്. സ്വയം നിർണ്ണയാവകാശത്തിനുള്ള മൗലികാവകാശം വിനിയോഗിക്കാൻ ജമ്മുവിലെ ജനതയ്ക്ക് അനുമതി നൽകുന്ന ജനഹിതപരിശോധന പോലുള്ള നടപടികൾ നിർദ്ദേശിക്കുന്ന സുരക്ഷാ കൗൺസിൽ പ്രമേയങ്ങളിൽ നിന്നും ഇന്ത്യ വ്യതിചലിച്ചുവെന്നും ഷെഹബാസ് ആരോപിച്ചു. പാകിസ്താനെതിരെ തങ്ങളുടെ സൈനിക ശേഷിയെ വലിയ രീതിയിൽ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യ. നിയന്ത്രണ രേഖ കടന്ന് തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ഇന്ത്യ ചെയ്യുന്നത്. ഇന്ത്യയുടെ ഏത് ആക്രമണത്തിനും ശക്തമായ മറുപടി തന്നെ പാകിസ്താൻ നൽകും', ഷെരീഫ് പറഞ്ഞു.
ലോകത്ത് ഇസ്ലാമോഫോബിയ വർധിച്ചുവരികയാണ്, ഇത് ആഗോള വികസനത്തിന് തന്നെ തിരിച്ചടിയാണ്. ഇന്ത്യയിലെ ഹിന്ദുത്വ പ്രസ്ഥാനങ്ങൾ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. 200 മില്യൺ മുസ്ലീങ്ങളെ അടിച്ചമർത്താനും ഇന്ത്യയുടെ ഇസ്ലാമിക പൈതൃകത്തെ ഇല്ലാതാക്കാനുമാണ് അവർ ലക്ഷ്യമിടുന്നത്', ഷെഹബാസ് ഷെരീഫ് പറഞ്ഞു. ഇതാദ്യമായല്ല ഇത്തരത്തിൽ യുഎന്നിൽ കാശ്മീർ വിഷയം പാകിസ്താൻ ഉയർത്തുന്നത്. കകഴിഞ്ഞ തവണയും പാക്സിൻ വിഷയം ഉന്നയിച്ചിരുന്നു. അന്ന് അത് ശക്തമായ ഭാഷയിലായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്. കാശ്മീർ തങ്ങളുടെ നിർണായക പ്രദേശമാണ് എന്നായരുന്നു ഇന്ത്യ മറുപടി നൽകിയത്.












Click it and Unblock the Notifications