ഇറാഖ് മൊസൂള്‍ തിരിച്ചു പിടിച്ചു..പക്ഷേ കാണാതായ 39 ഇന്ത്യക്കാര്‍ എവിടെ..?
ഇന്ത്യക്കാരായ 39 കെട്ടിട നിര്‍മ്മാണ തൊഴിലാളികളെയാണ് 2014 ല്‍ കാണാതായത്.
മൊസൂള്‍: ഒന്‍പതു മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ മൂന്നു വര്‍ഷമായി ഐസിസ് അധീനതയിലായിരുന്ന മൊസൂള്‍ ഇറാഖ് സേന തിരിച്ചു പിടിച്ചെങ്കിലും ഐസിസ് തടവിലായിരുന്ന 39 ഇന്ത്യക്കാരെപ്പറ്റി യാതൊരു വിവരവുമില്ല. മൊസൂള്‍ ഇറാഖ് സൈന്യം തിരിച്ചു പിടിച്ചതോടെ തടവിലാക്കപ്പെട്ട ഇന്ത്യക്കാര്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍.
ഇന്ത്യക്കാരായ 39 കെട്ടിട നിര്‍മ്മാണ തൊഴിലാളികളെയാണ് 2014 ല്‍ കാണാതായത്. ഇവര്‍ ഐസിസ് തടങ്കലിലായിരുന്നു. ഇതില്‍ ഹര്‍ജിത് മാസിയ എന്നയാള്‍ രക്ഷപെട്ടിരുന്നു. ഇയാള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി മറ്റുള്ളവരെല്ലാം തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിച്ചു. എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്ന ഉറപ്പാണ് വിദേശകാര്യ മന്ത്രാലയം നല്‍കിയത്. അവര്‍ മരിച്ചു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബാംഗ്ലേ പറഞ്ഞിരുന്നു.

ഇറാഖ് സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഇന്ത്യ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇവര്‍ ഇറാഖിലെ ഒരു ദേവാലയത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി ഇറാഖിലെ ഒരു ഉദ്യോഗസ്ഥന്‍ ഇന്ത്യയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇറാഖി സേനയെ തുരത്തിയോടിച്ച്
ചരിത്ര പ്രാധാന്യമുള്ള മൊസ്യൂള്‍ നഗരം ഐസിസ് ഭീകരര്‍ കൈയ്യടക്കുന്നത്. പിന്നീട് നഗരം മുഴുവന്‍ ഐസിസിന്റെ അധീനതയിലായിരുന്നു. ഒന്‍പത് മാസത്തെ പോരാട്ടത്തിനു ശേഷമാണ് മൊസൂള്‍ ഇറാഖ് സൈന്യം പിടിച്ചെടുക്കുന്നത്.












Click it and Unblock the Notifications