അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം: 26 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ 26 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ പ്രവിശ്യയായ ബാദ്ഗിസിലെ ഖാദിസ് ജില്ലയിൽ വീടുകളുടെ മേൽക്കൂര തകർന്ന് വീണാണ് ആളുകള്‍ മരിച്ചതെന്നാണ് പ്രവിശ്യ വക്താവ് ബാസ് മുഹമ്മദ് സർവാരിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ എ എഫ് പി റിപ്പോർട്ട് ചെയ്യുന്നത്. റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിസ്ഥാനില്‍ അനുഭവപ്പെട്ടതെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂകമ്പത്തിൽ മരിച്ച 26 പേരിൽ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റതായും സർവാരി പറഞ്ഞു. പ്രവിശ്യയിലെ മുഖർ ജില്ലയിലും ഭൂകമ്പം നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ നിന്നുള്ള ആളപായമടക്കമുള്ള വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടകം തന്നെ വലിയ പ്രതിസന്ധി നേരിടുന്ന അഫ്ഗാനിസ്ഥില്‍ ഭൂകമ്പം കൂടുതല്‍ ആശങ്ക വിതയ്ക്കുമോയെന്ന ചോദ്യംവും വിദഗ്ധർ ഉന്നയിക്കുന്നുണ്ട്. ഓഗസ്റ്റിൽ രാജ്യം താലിബാൻ ഏറ്റെടുത്തതോടെ പാശ്ചാത്യ രാജ്യങ്ങൾ അന്താരാഷ്ട്ര സഹായവും വിദേശത്തുള്ള ആസ്തികളിലേക്കുള്ള പ്രവേശനവും മരവിപ്പിച്ചിരുന്നു. ഇത് സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാക്കി. കഴിഞ്ഞ 20 വർഷമായി അന്താരാഷ്ട്ര സഹായത്തിൽ നിന്ന് കാര്യമായ പ്രയോജനം ലഭിക്കാത്ത, കടുത്ത വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്ന് കൂടിയാണ് ഖാദിസ്.
ഇതാദ്യമായല്ല അഫ്ഗാനിസ്ഥാനില്‍ ഇത്ര രൂക്ഷമായ ഭൂകമ്പം ഉണ്ടാവുന്നത്. ഇതിന് മുമ്പ് പലതവണ ആള്‍നാശമുണ്ടാക്കിയ ഭൂകമ്പങ്ങള്‍ക്ക് അഫ്ഗാന്‍ സാക്ഷിയായിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് യുറേഷ്യൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ ജംഗ്ഷന് സമീപം സ്ഥിതിചെയ്യുന്ന ഹിന്ദുകുഷ് പർവതനിരകളിലാണ് ഭൂകമ്പം ഉണ്ടായിട്ടുള്ളത്. പൊതുവെ സാമ്പത്തിക സ്ഥിതി മോശമായ രാജ്യത്ത് സാധാരണക്കാർ നിർമ്മിക്കുന്ന പല വീടുകള്‍ക്കും ചെറിയ ഭൂകമ്പത്തെ പോലും അതിജീവിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. തിങ്കാളാഴ്ചത്തെ ഭൂകമ്പത്തിലെ ആള്‍നാശത്തിന് ഇടയാക്കിയതും ഇതേ പ്രശ്നമാണ്. 2015-ൽ, ദക്ഷിണേഷ്യയിലുടനീളം പർവതനിരകളിൽ കേന്ദ്രീകരിച്ച് 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ 280 ഓളം പേരായിരുന്നു കൊല്ലപ്പെട്ടത്. അന്ന്, ഭൂകമ്പത്തില്‍ കുലുങ്ങുന്ന സ്കൂൾ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 12 അഫ്ഗാൻ പെൺകുട്ടികൾ തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു.












Click it and Unblock the Notifications