മൌനം വെടിഞ്ഞ് ചൈന: കമലയ്ക്കും ബൈഡനും അഭിനന്ദനം, നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് വിദേശകാര്യ വക്താവ്
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷം വിജയികളെ അഭിനന്ദിച്ച് ചൈന. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനെയും അഭിനന്ദിച്ചാണ് ചൈന രംഗത്തെത്തിയിട്ടുള്ളത്. അമേരിക്കൻ തിരഞ്ഞെടുപ്പിനെ ബെയ്ജിംഗ് മാനിക്കുന്നതായും ചൈന വ്യക്തമാക്കി. യുഎസ് തിരഞ്ഞടുപ്പിൽ അമേരിക്കയിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുമുള്ള പ്രതികരണങ്ങൾ ഞങ്ങൾ പിന്തുടർന്ന് വരികയായിരുന്നു. ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ മാധ്യമങ്ങളോട് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും 77 കാരനായ ജോ ബൈഡനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ട്രംപ്-മെലാനിയ വിവാഹ മോചനം ചരിത്രമാകും, കോടീശ്വരിയാകും പ്രഥമ വനിത, കിട്ടാന്‍ പോകുന്നത് 50 മില്യണ്‍!!

വിജയികൾക്ക് അഭിനന്ദനങ്ങൾ
"അമേരിക്കൻ ജനതയുടെ തിരഞ്ഞെടുപ്പിനെ ഞങ്ങൾ ബഹുമാനിക്കുന്നു, ബൈഡനും കമലാ ഹാരിസിനും ഞങ്ങൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു. യുഎസ് നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കപ്പെടുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു," വാങ് വെൻബിൻ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

മൌനം വെടിഞ്ഞു
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റ് നേതാവായ ബൈഡൻ വൈറ്റ് ഹൌസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് ചൈനയിൽ നിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. നവംബർ ഒമ്പതിന് യുഎസ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നെങ്കിലും ജോ ബൈഡനെ അംഗീകരിക്കാൻ ചൈന തയ്യാറായിരുന്നില്ല. യുഎസ് തിരഞ്ഞെടുപ്പിന്റെ ഫലം രാജ്യത്തെ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് നിർണ്ണയിക്കണമെന്നാണ് പറഞ്ഞു. ആകാശത്തിന്റെ പകുതി സ്ത്രീകളാണ് കൈവശം വെച്ചിരിക്കുന്നത് എന്നൊരു ചൊല്ല് ചൈനയിലുണ്ട്. ലിംഗസമത്വം സാക്ഷാത്കരിക്കുന്നതിനും ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വികസനത്തിന്റെ കാര്യത്തിലും ചൈന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

1972ന് ശേഷം
ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന നാല് വർഷവും ചൈന- യുഎസ് ബന്ധം വഷളായ നിലയിലായിരുന്നു. ഷി ജിൻ പിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഉദ്യോഗസ്ഥരുമായുള്ള യുഎസ് ബന്ധം നിലനിർത്താൻ നിർവ്വചിക്കാൻ കഴിയാത്തതാണ്. റിച്ചാർഡ് നിക്സൺ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതിനെ തുടർന്ന് 1972ലാണ് യുഎസ്- ചൈന ബന്ധം ഊഷ്മളമായ രീതിയിൽ മുന്നോട്ടുപോകുന്നത്.

ബന്ധം വഷളായി
ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ യുഎസ്- ചൈന ബന്ധം എല്ലാ തലത്തിലും ഏറ്റവും വഷളായ നിലയിലായിരുന്നു. വ്യാപാര യുദ്ധത്തിന് പുറമേ സൈനിക ശേഷിയിലും ദക്ഷിണ ചൈനാക്കടലിന്റെ പേരിലും തായ് വാൻ പ്രശ്നത്തിന്റെ പേരിലും ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. കൊറോണ വൈറസ് വ്യാപനത്തോടെ ചൈന- യുഎസ് ബന്ധം ഏറ്റവും മോശം നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു.