ഫ്രാന്‍സില്‍ ഐസിസ് ആക്രമണം?ഇരയായത് ഗ്യാസ് ഫാക്ടറി ജീവനക്കാര്‍, തലയറുത്തും കൊല?
പാരീസ്: ഫ്രാന്‍സില്‍ ഗ്യാസ് ഫാക്ടറിയ്ക്ക് നേരെ ആക്രമണം. ഇസ്ലാമിക് പതാകയുമേന്തിയെത്തിയ ആളാണ് ആക്രമണം നടത്തിയത്. ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ഫ്രാന്‍സിലെ ഒരു ഗ്യാസ് കമ്പനിയിലാണ് ആക്രമണം നടന്നത്. ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
ഫാക്ടറിയ്ക്കുള്ളിലേയ്ക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി എത്തിയാണ് ആക്രമണം നടത്തിയത്. ഗ്യാസ് ടാങ്കറുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ട്. ഒന്നിലേറെപ്പേര്‍ സംഭവത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം. സ്‌ഫോടനത്തിന് ശേഷം ഫാക്ടറിയ്ക്ക് സമീപം കണ്ടെത്തിയ മൃതദേഹം ഫാക്ടറി ജീവനക്കാരന്റേതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ വിപരീതമായിട്ടാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലയറുത്ത നിലയിലായിരുന്നു മൃതദേഹം. തലയില്‍ അറബിയില്‍ എഴുതിയിട്ടുണ്ടെന്നും പറയുന്നു.പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരേയും പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫ്രഞ്ച് കമ്പനിയായ എയര്‍ പ്രോഡക്ടസുമായി ബന്ധമുള്ള കെമിക്കല്‍ ഫാക്ടറിയാണ് അക്രമികള്‍ ലക്ഷ്യമിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പേരാണ് അക്രമം നടത്തിയതെന്നും ഒരാള്‍ പിടിയിലായെന്നും മറ്റൊരാള്‍ക്കായി തിരച്ചില്‍ നടത്തുന്നുവെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് മാസം മുന്‍പ് പാരീസില്‍ ഷാര്‍ലി ഹെബ്ദോ മാഗസിനില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ 17പേരാണ് കൊല്ലപ്പെട്ടത്. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍നാര്‍ഡ് കാസനേവ് സംഭവസ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications