അങ്ങനെ ഓസ്ട്രേലിയ ആദ്യമായി ആ തീരുമാനമെടുത്തു: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വേണ്ട
സിഡ്നി: കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്ട്രേലിയ. 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം നിരോധിക്കുന്ന ബില്‍ ഓസ്ട്രേലിയന്‍ സെനറ്റില്‍ ഇന്ന് അവതരിപ്പിച്ചു. ടിക് ടോക്ക്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അക്കൗണ്ടുകൾ പാടില്ലെന്ന് നിയമ ഭേദഗതി വ്യക്തമാക്കുന്നു. കുട്ടികള്‍ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത് തടയുന്നതിന് ടെക് കമ്പനികള്‍ തന്നെ സുരക്ഷാ നടപടികള്‍ കൈക്കൊള്ളണം.
നിയമംലംഘിക്കപ്പെട്ടാല്‍ കർശനമായ നടപടികള്‍ നേരിടുന്നതിനോടൊപ്പം തന്നെ വലിയ പിഴയും അടയ്ക്കേണ്ടി വരും. 50 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ വരെയാണ് പിഴത്തുക. ഗൂഗിള്‍, മെറ്റ, എക്‌സ് തുടങ്ങിയ ടെക് ഭീമന്മാർ വലിയ എതിർപ്പായിരുന്നു ഇത്തരമൊരു നിയമം നടപ്പിലാക്കുന്നതിനെതിരെ ഉയർത്തിയത്. ഓസ്ട്രേലിയന്‍ പാർലമെന്റിലും ഒരുവിഭാഗം എതിർപ്പുമായി രംഗത്ത് വന്നു. ഇതോടെ വോട്ടെടുപ്പിലൂടെയാണ് നിയമം പാസാക്കിയത്.

19നെതിരെ 34 വോട്ടുകൾക്കാണ് സെനറ്റ് ബിൽ പാസാക്കിയത്. ബുധനാഴ്ച ജനപ്രതിനിധി സഭ 13നെതിരെ 102 വോട്ടുകൾ നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. പിഴ ചുമത്തുന്നതിന് മുമ്പ് നിരോധനം നടപ്പാക്കുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി ഒരുവർഷത്തെ സമയം അനുവദിക്കും. മാസങ്ങള്‍ നീണ്ട പൊതുചർച്ചയ്ക്ക് ഒടുവിലാണ് പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്നി ബില്‍ പാർലമെന്റില്‍ അവതരിപ്പിച്ചത്. കുട്ടികളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം മോശം രീതിയില്‍ പിടിമുറുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികള്‍ക്ക് നിരോധനം ഏർപ്പെടുത്തുന്നതിനോടൊപ്പം തന്നെ സ്വകാര്യത സംരക്ഷിക്കുന്നതിനായി കൂടുതല്‍ നിർദേശങ്ങളും നിയമഭേദഗതിയിലുണ്ട്. പാസ്‌പോർട്ടുകളോ ഡ്രൈവിംഗ് ലൈസൻസുകളോ ഉൾപ്പെടെ സർക്കാർ നൽകിയ തിരിച്ചറിയൽ രേഖകൾ നൽകാൻ ഉപയോക്താക്കളെ നിർബന്ധിക്കാൻ പ്ലാറ്റ്‌ഫോമുകൾ അനുവദിക്കില്ല, അതായത് സർക്കാർ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലൂടെയോ സർട്ടിഫിക്കറ്റുകളിലൂടെയോ ഡിജിറ്റൽ ഐഡൻ്റിഫിക്കേഷൻ ആവശ്യപ്പെടാന്‍ കഴിയില്ലെന്നും നിയമം വ്യക്തമാക്കുന്നു.
അതേസമയം 16 വയസ്സിന് മുകളിൽ പ്രായമുള്ളവരാണെന്ന് തെളിയിക്കേണ്ടി വരുന്നത് സ്വകാര്യതയെ ബാധിക്കുമെന്നാണ് ദേഭഗതിയെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രധാന പാർട്ടികൾ നിരോധനത്തെ പിന്തുണയ്ക്കുമ്പോഴും ഇത് കുട്ടികളില്‍ പെട്ടെന്ന് ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെ സൂചിപ്പിച്ചുകൊണ്ട് നിരവധി ശിശുക്ഷേമ പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ ജനകീയത വർധിപ്പിക്കാനുള്ള അല്‍ബാനീസിനിയുടെ നീക്കമായും പുതിയ ഭേദഗതി വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications