ബാങ്കോക്ക് സ്‌ഫോടനം; ഓസ്‌ട്രേലിയന്‍ നടന്റെ ചിത്രം പ്രചരിക്കുന്നു
ബാങ്കോക്ക്: 20 പേരുടെ മരണത്തിന് ഇടയാക്കിയ തായ്‌ലന്റിലെ ബാങ്കോക്കില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ മോഡലും നടനുമായ സണ്ണി ബേണ്‍സിന്റെ ചിത്രം പ്രചരിക്കുന്നു. സ്‌ഫോടനം നടത്തിയ പ്രതിയുടെ ചിത്രമെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയിലൂടെ നടന്റെ ചിത്രം പ്രചരിക്കുന്നത്.
തന്റെ ചിത്രം പ്രചരിക്കുന്നതറിഞ്ഞ് നടന്‍ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. സംഭവം തന്നെ ഞെട്ടിച്ചെന്ന് സണ്ണി പറഞ്ഞു. സിസിടിവി ദൃശ്യത്തില്‍ നിന്നും പോലീസ് ശേഖരിച്ച വിവരപ്രകാരം രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഈ ചിത്രത്തിലുള്ളയാളുമായി സാമ്യമുള്ളതാണ് സണ്ണിക്ക് വിനയായത്. യഥാര്‍ഥ പ്രതിക്കുവേണ്ടിയുള്ള പോലീസ് തിരച്ചില്‍ തുടരുന്നതിനിടയിലാണ് നടന്റെ ചിത്രവും പ്രചരിക്കുന്നത്.

താന്‍ നേരത്തെ തായ്‌ലന്‍ഡില്‍ പോയിരുന്നെന്നും തായ്‌ലന്‍ഡിനെ താന്‍ ഇഷ്ടപ്പെടുന്നുവെന്നും നടന്‍ പറഞ്ഞു. എന്നാല്‍, തന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തില്‍ പോലീസ് തന്നെ സംശയിക്കുന്നുണ്ടെങ്കില്‍ താന്‍ പൂര്‍ണമായും സഹകരിക്കുമെന്നും നടന്‍ അറിയിച്ചു.
സ്‌ഫോടനം നടന്നതിന് സമീപത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യത്തില്‍ ഒരു യുവാവ് ബാഗുമായി പോകുന്നത് വ്യക്തമായിരുന്നു. ഈ യുവാവാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളുടെ പുതിയ രേഖാചിത്രവും പുറത്തുവന്നിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ക്ക് വന്‍ പാരിതോഷികവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications