ബാബാ വംഗ പ്രവചിച്ചു: 2026 കലികാലം; യുദ്ധവും അന്യഗ്രഹ ജീവികളും; സ്വർണം കുതിച്ചേക്കും
നിങ്ങള്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ 2025 അവസാനിക്കാന്‍ ഇനി 75 ദിവസങ്ങളോളം മാത്രമേ ബാക്കിയുള്ളുവെന്ന്. എത്ര പെട്ടെന്നാണ് ഒരോ വർഷവും കടന്ന് പോകുന്നത് അല്ലേ. ഇപ്പോള്‍ തന്നെ പുതിയ വർഷത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായി തുടങ്ങി. ഇപ്പോഴിതാ ലോക പ്രശസ്തയായ ബാബാ വംഗയുടെ 2026 നെ സംബന്ധിച്ചുള്ള പ്രവചനം വലിയ തോതില്‍ ചർച്ചയായി മാറിയിരിക്കുകയാണ്.
ബാബാ വംഗയുടെ പ്രവചനങ്ങള്‍ വിശ്വസിക്കുന്നവർക്കിടയില്‍ അല്‍പം ആശങ്ക പടർത്തുന്ന കാര്യങ്ങളാണ് 2026 സംബന്ധിച്ച് അവർ പറഞ്ഞ് വെച്ചിരിക്കുന്നത്. 2026-ൽ ആഗോള സാമ്പത്തിക തകർച്ചയും അന്താരാഷ്ട്ര സംഘർഷങ്ങളും ഉൾപ്പെടെ ഭയാനകമായ സംഭവങ്ങളാണ് അവർ പ്രവചിച്ചിരിക്കുന്നതെന്നാണ് ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്യുന്നത്.

സാമ്പത്തിക മേഖല തകരും
ബാബാ വംഗയുടെ പ്രവചനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടാണ്. 2026-ൽ ഡിജിറ്റൽ, ഫിസിക്കൽ പണവ്യവസ്ഥകൾ തകർന്ന് 'ക്യാഷ് ക്രഷ്' എന്നറിയപ്പെടുന്ന ഒരു കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. ബാങ്കിംഗ് പ്രതിസന്ധി, കറൻസി മൂല്യത്തകർച്ച, വിപണിയിലെ ലിക്വിഡിറ്റി കുറവ് എന്നിവ മൂലം ആഗോള സമ്പദ്‌വ്യവസ്ഥയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് പ്രവചനം.
നിലവിലെ പണപ്പെരുപ്പം, ഉയർന്ന പലിശനിരക്കുകൾ, ടെക് വ്യവസായത്തിലെ അസ്ഥിരത എന്നിവയുടെ പശ്ചാത്തലത്തിൽ ഈ പ്രവചനം ശ്രദ്ധേയമാണ്. എന്നാൽ, സാമ്പത്തിക വിദഗ്ധർ ഈ പ്രവചനങ്ങളെ 'കപട ശാസ്ത്രം' എന്നും വിമർശിക്കുന്നുണ്ട്. ബാബാം വംഗയുടെ പ്രവചനം ശരിയാകുകയാണെങ്കില്‍ സ്വർണ വില കുത്തനെ ഉയരും. സാമ്പത്തിക പ്രതിസന്ധിയടെ സമയങ്ങളില്‍ സുരക്ഷിത നിക്ഷപമായ സ്വർണത്തിലേക്ക് ആളുകള്‍ കൂടുതല്‍ തിരിയുന്നതാണ് ഇതിന്റെ പ്രധാന കാരണം.
ആഗോള യുദ്ധഭീഷണി
2026-ൽ അന്താരാഷ്ട്ര സംഘർഷങ്ങൾ ആഗോള യുദ്ധത്തിലേക്ക് നയിക്കുമെന്നും ബാബാ വംഗ പ്രവചിച്ചതായി പറയപ്പെടുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, റഷ്യ-യുഎസ് പിരിമുറുക്കങ്ങൾ, ചൈന-തായ്‌വാൻ തർക്കങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഈ പ്രവചനം ആശങ്കപ്പെടുത്തുന്നതാണ്. 'മൂന്നാം ലോക മഹായുദ്ധം' എന്ന് വ്യക്തമായി പരാമർശിക്കുന്നില്ലെങ്കിലും, 'ആഗോള തർക്കങ്ങൾ' എന്ന മുന്നറിയിപ്പ് ആശങ്ക വർധിപ്പിക്കുന്നു.
എഐയും അന്യഗ്രഹ ജീവികളും
സ്കൈ ഹിസ്റ്ററി റിപ്പോർട്ട് ചെയ്തതനുസരിച്ച്, 2026-ൽ കൃത്രിമബുദ്ധി (എഐ) മേഖലയിൽ വൻ 'തിരിച്ചടി' ഉണ്ടാകുമെന്നും ബാബാ വംഗ പ്രവചിച്ചു. എഐ-യിൽ ശാസ്ത്രജ്ഞർ 'അതിരുകവിഞ്ഞ്' പോയെന്ന തിരിച്ചറിവുണ്ടാകുമെന്നും, എഐ-യുടെ ആധിപത്യവും അമിതമായ ആശ്രിതത്വവുമായി ബന്ധപ്പെട്ട ധാർമിക പ്രശ്നങ്ങൾ ഉയർന്നുവരുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, 2026 നവംബറിൽ ഭൂമിയിലെ മനുഷ്യർ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുമെന്നും, ഒരു 'വലിയ ബഹിരാകാശ വാഹനം' ഭൂമിക്ക് സമീപമെത്തുമെന്നും അവർ പ്രവചിച്ചതായി പറയപ്പെടുന്നുണ്ട്. ശാസ്ത്രജ്ഞർ ഇതിനെ പരിഹസിക്കുമ്പോൾ, യുഎഫ്ഒ പ്രേമികൾ ഈ പ്രവചനത്തിൽ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നു.
ബാബാ വംഗയുടെ അനുയായികൾ അവരുടെ പ്രവചനങ്ങളെ ആത്മീയ മാർഗദർശനമായി കാണുമ്പോൾ, വിദഗ്ധർ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലർത്താൻ ആഹ്വാനം ചെയ്യുന്നു. പല പ്രവചനങ്ങളും അവ്യക്തവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോ കാലക്രമേണ വളച്ചൊടിക്കപ്പെട്ടതോ ആണെന്ന് ചരിത്രകാരന്മാരും ഗവേഷകരും ചൂണ്ടിക്കാട്ടുന്നു.
വാൻജലിയ പാൻഡേവ ഗുഷ്റ്റെറോവ എന്ന യഥാർത്ഥ പേര് ഉള്ള ബാബാ വംഗ, ഭാവി സംഭവങ്ങൾ പ്രവചിക്കാനുള്ള കഴിവിന് പേര് കേട്ട ബൾഗേറിയൻ മിസ്റ്റിക്കായിരുന്നു. 1996-ൽ അന്തരിച്ച അവരുടെ പ്രവചനങ്ങൾ ഇന്നും ലോകമെമ്പാടും ചർച്ചാവിഷയമാണ്. 1911 ജനുവരി 31ന് അന്നത്തെ ഒട്ടോമൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന, ഇന്നത്തെ മാസഡോണിയയിലായിരുന്നു ബാബാ വംഗയുടെ ജനനം.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് വംഗ ശ്രദ്ധിക്കപ്പെടുന്നത്.
1996 ഓഗസ്റ്റ് 11ന് സ്തനാർബുദം ബാധിച്ച് അന്ധയായ വംഗ മരണപ്പെട്ടു. വാംഗയുടെ മരണ ശേഷവും അവരുടെ പ്രവചനങ്ങൾ എങ്ങനെ വരുന്നു എന്ന സംശയം സ്വാഭാവികമായും ആളുകള്‍ക്കുണ്ടാകും. വംഗ പലപ്പോഴായി പ്രവചിച്ച കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുവെന്നും അത് അനുയായികള്‍ പുറത്തുവിടുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ 51-ാം നൂറ്റാണ്ട് വരേയുള്ള കാര്യങ്ങള്‍ വംഗ പ്രവചിച്ച് വെച്ചിട്ടുണ്ടെന്നാണ് അനുയായികള്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications