കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിര്‍ക്കുക് വിടാന്‍ കുര്‍ദ് സൈനികര്‍ക്ക് ഇറാഖിന്റെ അന്ത്യശാസനം

  • By Desk
Google Oneindia Malayalam News

സുലൈമാനിയ്യ: ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്ന് കിര്‍ക്കുക്ക് പിടിച്ചെടുത്ത ശേഷം അവിടെ തമ്പടിച്ചിരിക്കുന്ന കുര്‍ദ് സൈനികര്‍ ഉടന്‍ പ്രദേശം വിട്ടുപോവണമെന്ന് ഇറാഖ് സൈനികരുടെ അന്ത്യശാസനം. ഞായറാഴ്ച പ്രഭാതത്തിനു മുമ്പായി സൈനിക പോസ്റ്റുകള്‍ വിട്ടുപോവണമെന്നാണ് കുര്‍ദ് പേഷ്‌മെര്‍ഗകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

2014 ജൂണ്‍ ആറിന് മുമ്പുള്ള സ്ഥാനങ്ങളിലേക്ക് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തിരിച്ചുപോവാനാണ് ഇറാഖ് സൈനികരുടെ മുന്നറിയിപ്പെന്ന് കുര്‍ദ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാഖ് സൈന്യം കുര്‍ദുകളുടെ കൈവശമുള്ള ശിയാ-തുര്‍ക്ക് നഗരമായ താസ ഖുര്‍മാത്തു പിടിച്ചെടുത്തിരുന്നു.

masoudbarzani2

ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ ഭാഗമായി കുര്‍ദിസ്താനിലെ പ്രാദേശിക ഭരണകൂടം ഹിതപ്പരിശോധന നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സപ്തംബര്‍ 25ന് നടന്ന സ്വാതന്ത്ര്യ ഹിതപ്പരിശോധനയില്‍ കിര്‍ക്കുക്ക് പങ്കെടുത്തത് ഇറാഖ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. എണ്ണസമ്പന്ന പ്രവിശ്യയായ കിര്‍ക്കുക്കിലേക്ക് ഇറാഖി സൈന്യവും ശിയാ-തുര്‍ക്കി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സായുധസംഘമായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസിന്റെ ഭടന്‍മാരുമാണ് സൈനിക നീക്കം നടത്തുന്നത്. അതേസമയം കിര്‍ക്കുക്കിനെ പ്രതിരോധിക്കാന്‍ ആയിരക്കണക്കിന് കുര്‍ദ് പേഷ്‌മെര്‍ഗ സൈന്യം അതിര്‍ത്തിയില്‍ പോരാട്ട സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. കുര്‍ദിഷ് റീജ്യണല്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരമാണിത്.

എണ്ണ സമ്പന്നമായ ഈ പ്രവിശ്യയില്‍ കുര്‍ദ് ജനങ്ങളാണ് കൂടുതല്‍. അറബ്, ശിയാ വിഭാഗക്കാരും ഇവിടെയുണ്ട്. കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ് കിര്‍ക്കുക്ക്. ഇവിടെനിന്നുള്ള എണ്ണ തുര്‍ക്കി വഴി വിതരണം ചെയ്താണ് കുര്‍ദിഷ് സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുന്നത്.

ഇറാഖിന്റെ ഭാഗമായിരുന്ന തന്ത്രപ്രധാന പ്രദേശമായ കിര്‍ക്കുക്ക്, 2014ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു. അവരില്‍ നിന്ന് മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് കുര്‍ദ് സൈനികരാണെന്നതിനാലാണ് പ്രവിശ്യയുടെ നിയന്ത്രണം അവരുടെ കൈയിലെത്തിയത്. എന്നാല്‍ ഹിതപ്പരിശോധനയുടെ പശ്ചാത്തലത്തില്‍ കിര്‍ക്കുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനാണ് ഇറാഖ് ഭരണകൂടത്തിന്റെ ശ്രമം.

English summary
Baghdad has set a pre-dawn Sunday deadline for Kurdish forces to abandon positions in the disputed oil province of Kirkuk they took during the fightback against the Daesh group, a senior Kurdish official said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X