ബഹ്റൈനില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടേ അഞ്ച് ഇന്ത്യക്കാർ മരിച്ചു
മനാമ: ബഹ്റൈനിലെ ആലിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് മരണം. ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണെന്നുമാണ് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നത്.

മരണപ്പെട്ടവരില്‍ നാലുപേർ മലയാളികളും ഒരാള്‍ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് ജില്ലക്കാരനായ വി പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാർ ഹൈവേയില്‍ വെച്ച് അപകടത്തിൽ പെടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആളുകളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകകയാണ്. തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications