പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം; 90 സൈനികരെ കൊലപ്പെടുത്തിയെന്ന് ഭീകരര്‍
ലാഹോര്‍: പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. ക്വെറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഏഴ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടവനയായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തിട്ടുണ്ട്.
ഏഴ് പേര്‍ മരിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളത് എങ്കിലും 90 സൈനികരെ കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് ബിഎല്‍എ അവകാസപ്പെടുന്നത്. ഏഴ് ബസുകളും രണ്ട് വാഹനങ്ങളും അടങ്ങുന്ന സൈനികവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. സൈനികര്‍ സഞ്ചരിച്ച ഒരു ബസിലേക്ക് ഐഇഡികള്‍ നിറച്ച ഒരു വാഹനം ഇടിച്ച് കയറ്റുകയായിരുന്നു,' ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മറ്റൊരു വാഹനത്തില്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ (ആര്‍പിജി) ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ എത്തിക്കാന്‍ ആര്‍മി ഏവിയേഷന്‍ ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും പ്രദേശത്തെ നിരീക്ഷണത്തിനായി ഡ്രോണുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാവേര്‍ ബോംബാക്രമണമായിരുന്നു നടന്നത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് എന്ന് നോഷ്‌കി സ്റ്റേഷന്‍ എസ്എച്ച്ഒ സഫറുള്ള സുലൈമാനി പറഞ്ഞു.
'സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത് ചാവേര്‍ ബോംബര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് മനഃപൂര്‍വ്വം ഇടിച്ചുകയറ്റിയതാണെന്നാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം 90 സൈനികരെ കൊലപ്പെടുത്തി എന്നാണ് ബിഎല്‍എ അവകാശവാദം.
''ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ഫിദായി യൂണിറ്റായ മജീദ് ബ്രിഗേഡ് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നോഷ്‌കിയിലെ ആര്‍സിഡി ഹൈവേയില്‍ രക്ഷാന്‍ മില്ലിന് സമീപം അധിനിവേശ പാകിസ്ഥാന്‍ സൈന്യത്തിന്റെ ഒരു വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. എട്ട് ബസുകളാണ് വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്, അതിലൊന്ന് സ്‌ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു,'' ബിഎല്‍എയുടെ പ്രസ്താവനയില്‍ പറയുന്നു.
ആക്രമണത്തിന് തൊട്ടുപിന്നാലെ ബിഎല്‍എയുടെ ഫത്തേ സ്‌ക്വാഡ് മറ്റൊരു ബസ് വളഞ്ഞു എന്നും അതിലുണ്ടായിരുന്ന എല്ലാ സൈനികരെയും ആസൂത്രിതമായി ഇല്ലാതാക്കി എന്നും ഇതോടെ ആകെ മരണസംഖ്യ 90 ആയി എന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്. ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ബിഎല്‍എ അറിയിച്ചു. അതേസമയം ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു.
സൈനികരുടെ മരണത്തില്‍ സര്‍ഫ്രാസ് ബുഗ്തി ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാകിസ്ഥാനില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ബാലാന്‍ താഴ്വരയില്‍ വെച്ച് ക്വെറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് എന്ന ട്രെയിന്‍, ബലൂച് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ ആഴ്ചയായിരുന്നു.
450-ലധികം യാത്രക്കാരുമായി പോയ ട്രെയിന്‍ വീണ്ടെടുക്കാനായി ബിഎല്‍എയും പാകിസ്ഥാന്‍ സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാന്‍ സൈനിക ക്യാംപിലും ആക്രമണമുണ്ടായിരുന്നു. അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടി ടി പി) ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലെ ജന്‍ഡോള സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയിരുന്നു.












Click it and Unblock the Notifications