ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിലെ തീവ്രവാദ സംഘടന
തീവ്രവാദസംഘടനയായ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പദ്ധതിയിട്ടതായി സൂചന. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് ഇന്ത്യയിലേക്ക് സുരക്ഷിതമായ കടന്നുവരവിന് സൗകര്യമൊരുക്കാനാണ് ഇവരുടെ നീക്കം.
അതേസമയം ബംഗ്ലാദേശ് തീവ്രവാദസംഘടനകള്‍ ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനെതിരെ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ തീവ്രവാദികള്‍ നടത്തിയ ബോംബ് നിര്‍മാണം ബംഗ്ലാദേശില്‍ ആക്രമണം നടത്താന്‍ വേണ്ടിയായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരെ ബര്‍ദ്വാനിലേക്ക് അയക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

ബംഗ്ലാദേശിലെ അവാമി ലീഗിന്റെ രാഷ്ട്രീയ എതിരാളികളെ സഹായിക്കാനുളള എല്ലാ വിധ പ്രവര്‍ത്തനങ്ങള്‍ക്കും ജെഎംബി മുന്നിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങളുമായി അവാമി ലീഗ് രംഗത്തുവന്നിരുന്നു.
ബംഗ്ലാദേശില്‍ ഒട്ടേറെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജെഎംബിയ്ക്ക് പദ്ധതിയുണ്ടായിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രിവരെ അവരുടെ ലക്ഷ്യത്തിലുണ്ടായിരുന്നു. ബംഗ്ലാദേശില്‍ മുസ്ലിം ലോകം കെട്ടിപ്പടുക്കാനുളള ജെഎംബി നീക്കത്തിന് അവാമി ലീഗ് എതിരാണ്. തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാനായി അല്‍ക്വയ്ദ അടക്കമുളള തീവ്രവാദസംഘടനകളെ ജെഎംബി കൂട്ടുപിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്വാധീനവലയത്തിലാണ് അവാമി ലീഗെന്നും ബംഗ്ലാദേശിനെ ഹിന്ദുരാഷ്ട്രമാക്കാനാണ് ഇതുവഴി ശ്രമമെന്നും അല്‍ക്വയ്ദ ആരോപണം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications