• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏഴു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം; പക്ഷെ സിറിയന്‍ പ്രസിഡന്റ് ഇപ്പോഴും അജയ്യന്‍- എന്താണു കാരണം?

  • By desk

ദമസ്‌ക്കസ്: സിറിയന്‍ ഭരണകൂടത്തിനും പ്രസിഡന്റ് ബശ്ശാറുല്‍ അസദിനുമെതിരായ വിമതരുടെ പോരാട്ടം തുടങ്ങിയിട്ട് വര്‍ഷം ഏഴായി. എന്നിട്ടും പ്രസിഡന്റിനെ താഴെയിറക്കാനോ അദ്ദേഹത്തിന്റെ പദവി ചോദ്യം ചെയ്യുവാനോ ആര്‍ക്കും സാധിച്ചിട്ടില്ല. ഒരു ഘട്ടത്തില്‍ സിറിയയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വിമതരുടെ നിയന്ത്രണത്തിലായിട്ടും ഏറെക്കുറെ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ രാസായുധ പ്രയോഗം ആരോപിച്ച് സിറിയയിലെ പ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ്സിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നിട്ടും ബശ്ശാറുല്‍ അസദിന് ഭീഷണി ഉയര്‍ത്താനായിട്ടില്ല. എന്താണിതിനു കാരണം?

ഇറാന്റെ സൈനിക പിന്തുണ

ഇറാന്റെ സൈനിക പിന്തുണ

2012ല്‍ മധ്യ ദമസ്‌ക്കസില്‍ വിമതര്‍ നടത്തിയ ബോംബാക്രമണത്തില്‍ അസദിന്റെ ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ സൈന്യം ആകെ തകര്‍ന്ന സമയമായിരുന്നു അത്. വിജയം അരികിലെത്തിയെന്ന് സിറിയന്‍ വിമതര്‍ കണക്കുകൂട്ടിയ സന്ദര്‍ഭം. പക്ഷെ, ഇറാന്റെ സമയോചിതമായ ഇടപെടല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. സിറിയയില്‍ ശിയാ പോരാളി വിഭാഗത്തിന് രൂപം നല്‍കിയ ഇറാന്‍ അവര്‍ക്ക് വിദഗ്ധ പരിശീലനവും അനുഭവ സമ്പന്നരായ കമാന്റര്‍മാരെയും നല്‍കി. ഒരു ലക്ഷത്തോളം സൈനികരെയാണ് നാഷനല്‍ ഡിഫന്‍സ് ഫോഴ്‌സസ് എന്ന പേരില്‍ ഇറാന്‍ പരിശീലിപ്പിച്ചെടുത്തത്. ഇത് യുദ്ധത്തിന്റെ ബലതന്ത്രങ്ങളെല്ലാം മാറ്റിമറിക്കുകയായിരുന്നു.

റഷ്യന്‍ വ്യോമസൈനികരുടെ സഹായം

റഷ്യന്‍ വ്യോമസൈനികരുടെ സഹായം

കരസൈന്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ഇറാന്റെ പങ്ക് നിര്‍ണായകമായപ്പോള്‍, 2015ലെ റഷ്യന്‍ ഇടപെടല്‍ ബശ്ശാറുല്‍ അസദിന്റെ വ്യോമശേഷിയെ ചെറുതായല്ല ശക്തിപ്പെടുത്തിയത്. വിമത കേന്ദ്രങ്ങള്‍ക്കെതിരായ വ്യോമാക്രമണത്തിന്റെ ചുക്കാന്‍ അതുമുതല്‍ റഷ്യന്‍ സൈന്യത്തിന്റെ കൈകളിലായിരുന്നു. വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായതും റഷ്യയുടെ ഈ വ്യോമപിന്തുണയായിരുന്നു. അവസാനമായി കിഴക്കന്‍ ഗൗത്ത ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വിമതരില്‍ നിന്ന തിരിച്ചുപിടിക്കുന്നതില്‍ റഷ്യന്‍ സഹായം നിര്‍ണായകമായി.

 വിമത പോരാളികള്‍ക്കിടയിലെ ഭിന്നത

വിമത പോരാളികള്‍ക്കിടയിലെ ഭിന്നത

വിമതപേരാളികള്‍ തുടക്കം മുതലേ ഭിന്നിച്ചുനില്‍ക്കുകയായിരുന്നുവെന്നതും അസദിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിനുള്ള യോജിച്ച പോരാട്ടം അസാധ്യമാക്കി. വിമത വിഭാഗങ്ങളുടെ കൂട്ടായ്മയായിരുന്ന ഫ്രീ സിറിയന്‍ ആര്‍മി പിളര്‍ന്നത് പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് വലിയ അനുഗ്രമായി. പ്രാദേശികവാദം, വംശീയമായ ഭിന്നതകള്‍, മതപരമായ വിഭാഗീയതകള്‍ തുടങ്ങിയ പരിഗണനകളാല്‍ വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് സിറിയന്‍ വിമതര്‍ സര്‍ക്കാരിനോട് പോരടിച്ചത്. യോജിച്ചുള്ള പോരാട്ടത്തിന്റെ അഭാവം സര്‍ക്കാര്‍ സൈന്യം പരമാവധി മുതലെടുക്കുകയും ചെയ്തു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവം

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവം

ബശ്ശാറുല്‍ അസദിനെതിരായ പോരാട്ടം ശക്തമായി നിലനില്‍ക്കുമ്പോഴായിരുന്നു ഇസ്ലാമിക് സ്‌റ്റേറ്റ് വിഭാഗത്തിന്റെ കടന്നുവരുവ്. തുടക്കത്തില്‍ അസ്സാദിനെതിരേ ഐ.എസ്സുമായി സഹകരിച്ച് പോരാടിയ സിറിയന്‍ വിമതര്‍ പിന്നീട് ഐ.എസ്സിനെതിരേയ തിരിയുന്നതാണ് കണ്ടത്. വിമതര്‍ തങ്ങളുടെ ശക്തിയും സമയവും ഐ.എസ്സിനെതിരായ പോരാട്ടത്തിനായി വിനിയോഗിച്ചപ്പോള്‍ രക്ഷപ്പെട്ടത് അസദായിരുന്നു. റഖ ഉള്‍പ്പെടെയുള്ള സിറിയയുടെ പ്രധാനഭാഗങ്ങള്‍ ഐ.എസ്സിന്റെ നിയന്ത്രണത്തിലാവുന്ന സന്ദര്‍ഭമുണ്ടായി. എന്നാല്‍ അമേരിക്കയുടെ പിന്തുണയോടെ ഐ.എസ്സിനെ പരാജയപ്പെടുത്താന്‍ സാധിച്ചെങ്കിലും മോചിപ്പിച്ച പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സൈന്യവും കുര്‍ദ് സൈനികരും മറ്റും ചുവടുറപ്പിക്കുകയായിരുന്നു.

 അന്താരാഷ്ട്ര നിലപാട്

അന്താരാഷ്ട്ര നിലപാട്

സൗദി അറേബ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ബശ്ശാറുല്‍ അസദിനെതിരേ ശക്തമായി രംഗത്തുവരാറുണ്ടെങ്കിലും അദ്ദേഹത്തെ താഴെയിറക്കാനുള്ള എന്തെങ്കിലും നടപടികള്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. സിറിയയിലെ വിമതവിഭാഗങ്ങള്‍ നിരന്തരം അപേക്ഷിച്ചിട്ടും ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ താഴെയിറക്കിയത് പോലുള്ള സൈനിക നടപടിക്ക് അമേരിക്കയും തയ്യാറായിട്ടില്ല. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമത പോരാളികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നുവെങ്കിലും സിറിയന്‍ വ്യോമസേനയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ അവര്‍ക്കില്ലാത്തതും വിനയായി. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തിന് പഴക്കം ചെല്ലുന്തോറും ബശ്ശാറുല്‍ അസദിനെ താഴെയിറക്കുകയെന്നത് വിദേശരാജ്യങ്ങളുടെ ലക്ഷ്യമല്ലാതാവുന്നതാണ് കണ്ടത്.

 അസദിന് ആഭ്യന്തര പിന്തുണ

അസദിന് ആഭ്യന്തര പിന്തുണ

നാലുഭാഗത്തുനിന്നും എതിര്‍പ്പുകളുണ്ടായിട്ടും അധികാരത്തില്‍ തുടരാന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് സഹായകമായത് അദ്ദേഹത്തിന് സ്വന്തം നാട്ടിലുള്ള പിന്തുണ തന്നെയാണ്. തന്റെ സമുദായമായ അലവി വിഭാഗത്തിനു പുറത്ത് സുന്നി വിഭാഗങ്ങള്‍ക്കിടയിലും ശക്തമായ പിന്തുണ നേടിയെടുക്കാന്‍ അസദിന് സാധിച്ചിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള മിസൈലാക്രമണത്തിന് ശേഷം തലസ്ഥാന നഗരിയായ ദമസ്‌ക്കസില്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന പടുകൂറ്റന്‍ പ്രകടനം ഇപ്പോഴും അദ്ദേഹം ജനസമ്മതിനാണെന്നാണ് വ്യക്തമാക്കുന്നത്.

English summary
Syria's President Bashar al-Assad has survived seven years of a devastating war and intense international pressure to step aside,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X