ബീഫ് ബാർബിക്യു ഇവിടെ പറ്റില്ല, കാനഡയിൽ വാടകക്കാരനെ കയ്യേറ്റം ചെയ്തു, ഇന്ത്യൻ വംശജ അറസ്റ്റിൽ, വീഡിയോ വൈറൽ
കാനഡയില്‍ വാടകക്കാരനെ ബീഫ് പാചകം ചെയ്യുന്നതില്‍ നിന്ന് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ഇന്ത്യന്‍ വംശജ അറസ്റ്റില്‍. രാജ് തിവാനയാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന 50കാരനും സുഹൃത്തും വീടിന് പുറത്ത് ബീഫ് ബാര്‍ബിക്യു തയ്യാറാക്കുമ്പോഴാണ് വീട്ടമ്മ എതിര്‍പ്പുമായി വന്നത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോയില്‍ രാജ് തിവാന ബാര്‍ബിക്യു തട്ടി താഴെ ഇടാന്‍ ശ്രമിക്കുന്നതും വാടകക്കാരനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതും കാണാം. തന്റെ സ്ഥലത്ത് ഇത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് രാജ് തിവാന പോലീസിനെ വിളിക്കുന്നതും വീഡിയോയില്‍ കാണാം.
മറ്റൊരു വീഡിയോയില്‍ ഇവര്‍ വാടകക്കാരന്‍ താമസിക്കുന്ന മുറിയില്‍ ചെന്ന് ബഹളമുണ്ടാക്കുന്നതും അയാളെ കയ്യേറ്റം ചെയ്യുന്നതും കാണാം. വാടകക്കാരന് നേര്‍ക്ക് ഇവര്‍ കല്ലെടുത്ത് എറിയുകയും ചെയ്യുന്നുണ്ട്. മുറിയില്‍ നിന്ന് പുറത്ത് കടക്കാന്‍ ആവശ്യപ്പെട്ടിട്ടും രാജ് തിവാന അതിന് തയ്യാറാകാതെ ഇയാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

ആഗസ്റ്റ് വരെയുളള വാടക താന്‍ മുന്‍കൂറായി ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ജൂലൈയില്‍ രാജ് തിവാന മറ്റൊരാളുമായി വന്ന് താന്‍ ഇല്ലാത്ത സമയത്ത് മുറിയുടെ വാതിലിന്റെ പൂട്ട് മാറ്റിയെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്. ഈ സംഭവത്തിന്റെ വീഡിയോയും ഇദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോകള്‍ വൈറലായതോടെ ഇന്ത്യക്കാരില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനമാണ് രാജ് തിവാനയ്ക്ക് എതിരെ ഉയരുന്നത്. ഇത്തരക്കാര്‍ കാരണമാണ് വിദേശത്ത് ഇന്ത്യയും ഇന്ത്യക്കാരും നാണംകെടുന്നത് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ഏറ്റവും ഒടുവിലായി പങ്കുവെച്ച വീഡിയോയില്‍ രാജ് തിവാനയുടെ വീട്ടില്‍ സറെ പോലീസില്‍ നിന്ന് മൂന്ന് പേര്‍ എത്തുന്നതും ഇവരെ അറസ്റ്റ് ചെയ്യുന്നതും കാണാം. തന്നെയല്ല അറസ്റ്റ് ചെയ്യേണ്ടതെന്നും തന്നെ അവര്‍ കൊല്ലാന്‍ ശ്രമിച്ചുവെന്നും രാജ് തിവാന പറയുന്നത് ഈ വീഡിയോയില്‍ കാണാം. എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ബലം പ്രയോഗിച്ചാണ് പോലീസുകാര്‍ രാജ് തിവാനയെ വിലങ്ങ് അണിയിച്ച് കൊണ്ട് പോയത്. അറസ്റ്റ് സംബന്ധിച്ച് പോലീസിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications
