പെരുമാറ്റം മാപ്പര്‍ഹിക്കാത്തത്; വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചു
ലോസ് ഏഞ്ചൽസ്; അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിൽ നിന്ന് രാജിവച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്. ഓസ്കർ വേദിയിൽ വെച്ച് അവതാരകൻ ക്രിസ് റോക്കിനെ മർദിച്ചതിൽ മനം നൊന്താണ് താരം രാജി വെച്ചത്. സംഭവം വേദനാജനകവും ക്ഷമിക്കാനാകാത്തതുമാണെന്ന് താരം വെള്ളിയാഴ്ച പറഞ്ഞു.
"ഞാൻ അക്കാദമിയുടെ വിശ്വാസത്തെ വഞ്ചിച്ചു. മറ്റ് നോമിനികൾക്കും വിജയികൾക്കും ആഘോഷിക്കാനുമുള്ള അവസരം ഞാൻ നഷ്‌ടപ്പെടുത്തി. എന്റെ ഹൃദയം തകർന്നിരിക്കുന്നു. അവരുടെ നേട്ടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സിനിമയിലെ സർഗ്ഗാത്മകതയെയും കലാപരതയെയും പിന്തുണക്കാൻ ചെയ്യുന്ന പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവരാൻ അക്കാദമിയെ അനുവദിക്കണം. അതിനാൽ, അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിലെ അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെക്കുകയാണ് ബോർഡ് ഉചിതമെന്ന് കരുതുന്ന ഏത് നടപടികളും ഞാൻ സ്വീകരിക്കും" സ്മിത്ത് പ്രസ്താവനയിൽ പറഞ്ഞു.

എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയാനാവും. അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്‍ഡയുടെ മെഡിക്കൽ കണ്ടീഷനെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്ന ഒന്നല്ല. വൈകാരികമായിരുന്നു എൻറെ പ്രതികരണം. ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു നിമിഷം ഞാൻ കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി. ആ പ്രവർത്തിയിൽ എനിക്ക് നാണക്കേടുണ്ട്. സ്മിത്ത് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ച നടന്ന ഓസ്‌കർ ചടങ്ങിൽ ആയിരുന്നു ഏറെ വിവാദമായ ഈ സംഭവം അരങ്ങേറിയത്. സ്മിത്തിന്റെ ഭാര്യയുടെ രൂപത്തെക്കുറിച്ച് റോക്ക് തമാശ പറഞ്ഞതിന് ശേഷം സ്മിത്ത് സ്റ്റേജിലേക്ക് കയറി റോക്കിന്റെ മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു. പിന്നീട് കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി വിൽ സ്മിത്തിനെ തിരഞ്ഞെടുത്തു. അവാർഡ് സ്വീകരിക്കാനെത്തിയപ്പോൾ സ്മിത്ത് ഖേദപ്രകടനം നടത്തി വേദിയിൽ കണ്ണീരോടെ സംസാരിച്ചിരുന്നു. അസുഖത്തെ തുടർന്ന് സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്ത് തല മൊട്ടയടിച്ചിരുന്നു. ഇതിനെ പരിഹസിച്ച് റോക്ക് തമാശ പറഞ്ഞതോടെയായിരുന്നു സ്മിത്ത് രോക്ഷാകുലൻ ആയതും സ്മിത്തിനെ അടിച്ചതും. എന്നാൽ പിങ്കറ്റിന്റെ രോ ഗാവസ്തയെക്കുറിച്ച് റോക്കിന് അറിയാമായിരുന്നോ എന്നതിൽ വ്യക്തതയില്ല.
സ്മിത്തിന്റെ രാജി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് സ്വീകരിച്ചു. അധിക ഉപരോധങ്ങൾക്ക് കാരണമായേക്കാവുന്ന അച്ചടക്ക നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഫിലിം അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിൻ വെള്ളിയാഴ്ച പറഞ്ഞു. ഏപ്രിൽ 18 ന് ചേരുന്ന ഗ്രൂപ്പിന്റെ അടുത്ത ബോർഡ് മീറ്റിംഗിൽ വിഷയം ചർച്ച ചെയ്യുമെന്നും റൂബിൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications