ഡൊണാള്‍ഡ് ട്രംപ് മാത്രമല്ല; സ്വവര്‍ഗരതി കേസില്‍ അന്‍വര്‍ ഇബ്രാഹിം, അഴിമതി കേസില്‍ നെതന്യാഹു
ന്യൂയോര്‍ക്ക്: വിവാഹേതര ബന്ധം പുറത്തുപറയാതിരിക്കാന്‍ അശ്ലീല ചിത്ര നായികയ്ക്ക് പണം നല്‍കിയ കേസില്‍ മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റിലായിരിക്കുകയാണ്. മാന്‍ഹാട്ടന്‍ കോടതിയില്‍ ഹാജരായതിന് പിന്നാലായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും കോടതിയില്‍ ട്രംപ് കുറ്റ സമ്മതം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നത്.
എന്നാല്‍ ലോകമെമ്പാടുമുള്ള പല പ്രമുഖ നേതാക്കളും ക്രിമിനല്‍ കുറ്റങ്ങളില്‍ വിചാരണ ചെയ്യപ്പെടുകയോ ജയിലില്‍ കഴിയുകയോ ചെയ്തിട്ടുണ്ട്. തങ്ങള്‍ക്കെതിരായുള്ള പല കുറ്റങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ലോക നേതാക്കളില്‍ പലരും ആരോപിക്കുന്നത്. ലോകത്തെ വിചാരണ നേരിട്ട പ്രധാനപ്പെട്ട നേതാക്കള്‍ ആരൊക്കെയാണെന്ന് നോക്കാം.

ബെഞ്ചമിന്‍ നെതന്യാഹു
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷം ആറാം തവണയും സത്യപ്രതിജ്ഞ ചെയ്ത ബെഞ്ചമിന്‍ നെതന്യാഹുവിനെക്കാള്‍ കൂടുതല്‍ കാലം ഇസ്രയേല്‍ പ്രധാനമന്ത്രിയായി ആരും സേവനമനുഷ്ഠിച്ചിട്ടില്ല. വഞ്ചന, അഴിമതി എന്നീ കേസുകളില്‍ നെതന്യാഹു ഇപ്പോഴും വിചാരണ നേരിടുന്ന നേതാവാണ്.
ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ
ബ്രസീലിലെ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ തടവ് ശിക്ഷ അനുഭവിച്ച നേതാക്കളില്‍ ഒരാളാണ്. 2018 ഏപ്രിലിലാണ് അദ്ദേഹം തടവിലാക്കപ്പെട്ടത്. 2019 നവംബറില്‍ മോചിതനായി. ഒന്നര വര്‍ഷത്തോളമാണ് അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചത്. അഴമതി, സാമ്പത്തിക തട്ടിപ്പ് എന്നീ കേസുകളിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്.
ക്രിസ്റ്റീന ഫെര്‍ണാണ്ടസ്
അര്‍ജന്റീനിയന്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 2007 മുതല്‍ 2011 വരെയും 2011 മുതല്‍ 2015 വരെയും രണ്ട് തവണ പ്രസിഡന്റായിരുന്ന കാലയളവില്‍ നടത്തിയ അഴിമതിയാണ് ക്രിസ്റ്റീനയ്ക്ക് വെല്ലുവിളിയായത്. കഴിഞ്ഞ ഡിസംബറില്‍ ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്.
അന്‍വര്‍ ഇബ്രാഹിം
മലേഷ്യന്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ജയില്‍ ശിക്ഷ അനുഭവിക്കപ്പെട്ട നേതാവാണ് അന്‍വര്‍ ഇബ്രാഹിം. 2022 നവംബറിലാണ് അദ്ദേഹം മലേഷ്യന്‍ പ്രധാനമന്ത്രിയാകുന്നത്. 1999 ഏപ്രിലില്‍ സ്വവര്‍ഗരതിക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് അന്‍വര്‍ ജയിലിലായത്. ഉഭയ സമ്മതത്തോടെ ആണെങ്കിലും, മുസ്ലീം ഭൂരിപക്ഷമുള്ള മലേഷ്യയില്‍ 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സ്വവര്‍ഗരതി. എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.












Click it and Unblock the Notifications