'ഹിസ്ബുള്ളയുടെ മനുഷ്യകവചമാകരുത്, ആക്രമണം തുടരും'; ലെബനന്‍ ജനതയോട് നെതന്യാഹു
ടെല്‍ അവീവ്: ഇസ്രായേല്‍ ആക്രമണത്തില്‍ ലെബനനില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനന്‍ ജനതയ്ക്കുള്ള സന്ദേശം പങ്ക് വെച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹിസ്ബുള്ളയുടെ 'മനുഷ്യകവചം' ആകരുതെന്ന് ലെബനന്‍ ജനതയോടെ നെതന്യാഹു ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ യുദ്ധം ലെബനന്‍ ജനതയോടല്ലെന്നും മറിച്ച് അവരുടെ വീടുകളില്‍ മിസൈലുകള്‍ സ്ഥാപിക്കുന്ന ഹിസ്ബുള്ളയോടാണ് എന്നും നെതന്യാഹു പറഞ്ഞു.
ഇസ്രായേലികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആ ആയുധങ്ങള്‍ തങ്ങള്‍ പുറത്തെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോ സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 'ലെബനനിലെ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കാം. ഇസ്രായേലിന്റെ യുദ്ധം നിങ്ങളോടല്ല, ഹിസ്ബുള്ളയോടാണ്. വളരെക്കാലമായി, ഹിസ്ബുള്ള നിങ്ങളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. അത് നിങ്ങളുടെ സ്വീകരണമുറികളില്‍ റോക്കറ്റുകളും ഗാരേജില്‍ മിസൈലുകളും സ്ഥാപിച്ചു,' അദ്ദേഹം പറഞ്ഞു.

ആ റോക്കറ്റുകളും മിസൈലുകളും ലക്ഷ്യമിടുന്നത് തങ്ങളുടെ നഗരങ്ങളെയാണ് എന്നും ഹിസ്ബുള്ള ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ആ ആയുധങ്ങള്‍ തങ്ങള്‍ പുറത്തെടുക്കും എന്നും ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ലെബനന്‍ ജനതയ്ക്ക് അപകടത്തില്‍ നിന്ന് കരകയറാന്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ ഇത് ഗൗരവമായി കാണണമെന്നും നെതന്യാഹു പറഞ്ഞു.
ഹിസ്ബുള്ളയുടെ ലക്ഷ്യപ്രാപ്തിക്കായി ജനങ്ങള്‍ സ്വന്തം ജീവനേയും രാജ്യത്തേയും അപകടപ്പെടുത്തരുത് എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ ദൗത്യം പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്റെ തെക്കന്‍ അതിര്‍ത്തിയായ ഗാസയില്‍ നിന്ന് ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയിലേക്ക് ആക്രമണം മാറിയ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.
ലെബനന്‍ ഭരിക്കുന്ന ഹിസ്ബുള്ള യുദ്ധം ആരംഭിച്ചതു മുതല്‍ പലസ്തീന്‍ ഗ്രൂപ്പായ ഹമാസിനെ പിന്തുണയ്ക്കുന്നുണ്ട്. ഹിസ്ബുള്ളയുടെ നേതൃത്വത്തിലുള്ള ലെബനനിലെ ആരോഗ്യ മന്ത്രാലയം ഇസ്രായേല്‍ ആക്രമണത്തില്‍ തിങ്കളാഴ്ച രാത്രി വരെ 492 പേര്‍ മരിച്ചിട്ടുണ്ട് എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉള്‍പ്പെടുന്നു. 1645 പേര്‍ക്ക് പരിക്കേറ്റതായും ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു.
അതേസമയം ഇസ്രായേലിന്റെ ആക്രമണങ്ങളെ അറബ് രാജ്യങ്ങളും മറ്റ് ആഗോള ശക്തികളും അപലപിച്ചു. ഇസ്രായേലിനോടും ഹിസ്ബുള്ളയോടും സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ വക്കില്‍ നിന്ന് പിന്മാറണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം ഇരുരാജ്യങ്ങളും പരിഗണിച്ചിട്ടില്ല. തങ്ങള്‍ ഏറ്റുമുട്ടലിന്റെ പുതിയ ഘട്ടത്തിലാണെന്നും ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായും ഹിസ്ബുള്ള പറഞ്ഞു.
വെള്ളിയാഴ്ച തെക്കന്‍ ബെയ്റൂട്ടില്‍ നടന്ന ആക്രമണത്തില്‍ ഒരു എലൈറ്റ് ഹിസ്ബുള്ള യൂണിറ്റിന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ലെബനനിലുടനീളം പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തി കടന്നുള്ള അക്രമം ആരംഭിച്ചത്. സംഭവത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടന്ന സ്‌ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications