'ഉത്തരവാദിത്തമില്ലായ്മ': ഗാസ വിഷയത്തിലെ കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് നെതന്യാഹു
ജറൂസലേം: ഗാസയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഇസ്രായേൽ "വംശഹത്യ" നടത്തുന്നുവെന്ന ഒരു പ്രതിഷേധക്കാരന്റെ ആരോപണത്തോട് കാർണി പ്രതികരിച്ചതാണ് നെതന്യാഹുവിന്റെ വിമർശനത്തിന് ഇടയാക്കിയത്.
ഒരു പൊതുപരിപാടിക്കിടെ പ്രതിഷേധക്കാരൻ "ഗാസയിലെ വംശഹത്യ"യെക്കുറിച്ച് ചോദിച്ചപ്പോൾ, കാർണി 'എനിക്ക് അറിയാം, അതുകൊണ്ടാണ് ഞങ്ങൾ ആയുധ കയറ്റുമി നിരോധനം ഏർപ്പെടുത്തിയത്" എന്നായിരുന്നു കാർണി മറുപടി നൽകിയത്. കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ഇസ്രായേലിനെതിരായ കാനഡയുടെ നിലപാടെന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാഗത്ത് നിന്നും രൂക്ഷമായ വിമർശനമുണ്ടാകുന്നത്.

മാർക്ക് കാർണിയുടെ പ്രസ്താവനയെ "ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന" എന്നാണ് നെതന്യാഹു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. 'കാനഡ എല്ലായ്പ്പോഴും നാഗരിക സമൂഹത്തോടൊപ്പം നിന്നിട്ടുണ്ട്. കാർണിയും അങ്ങനെ ചെയ്യണം. ഹമാസിന്റെ ബാർബേറിയന്‍ പ്രവർത്തനങ്ങൾക്കെതിരെ നീതിപൂർവമായ യുദ്ധം നടത്തുന്ന ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിന് പകരം, അദ്ദേഹം ഏക ജൂത രാഷ്ട്രത്തെ ആക്രമിക്കുകയാണ്' ബെഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി.
അതേസമയം 'വംശഹത്യ' എന്ന വാക്ക് താൻ കേട്ടില്ലെന്നും, ഇസ്രായേലിന് കാനഡ ഏർപ്പെടുത്തിയ ആയുധനിരോധനത്തെക്കുറിച്ച് മാത്രമാണ് സൂചിപ്പിച്ചതെന്നും കനേഡിയന്‍ പ്രധാനമന്ത്രി പിന്നീട് പറഞ്ഞു. 2023 ഒക്ടോബർ 7 - ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ നിരവധി അന്താരാഷ്ട്ര വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. ഇതിനിടെയാണ് കാനഡ, കഴിഞ്ഞ സെപ്റ്റംബറിൽ ഇസ്രായേലിലേക്കുള്ള 30 ആയുധ കയറ്റുമതി അനുമതികൾ റദ്ദാക്കുന്നത്. ഇത് ഇസ്രായേൽ-കാനഡ ബന്ധത്തിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തല്‍ ശക്തമായിരുന്നു. അതിന് പിന്നാലെയാണ് ബെഞ്ചമിന്‍ നെതന്യാഹു തന്നെ കനേഡിയന്‍ പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വരുന്നത്.
1200-ലധികം ഇസ്രായേലികൾ കൊല്ലപ്പെടുകയും 250-ലധികം പേർ ബന്ദികളാക്കപ്പെടുകയും ചെയ്ത ഒക്ടോബർ 7 ലെ ആക്രമണത്തിന് മറുപടിയായി ഗാസയില്‍ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളും കരസേനാ നീക്കങ്ങളും 50,000-ത്തിലധികം പലസ്തീനികളുടെ മരണത്തിനും 2 മില്യൺ ആളുകളുടെ കുടിയിറക്കലിനും ഇടയാക്കി. ജനുവരിയിൽ യുഎസ്, ഖത്തർ, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയിൽ ഒരു താൽക്കാലിക വെടിനിർത്തൽ നിലവില്‍ വന്നിരുന്നെങ്കിലും മാർച്ച് 18-ന് ശേഷം ഇസ്രായേൽ വീണ്ടും ആക്രമണം ആരംഭിച്ചിരിക്കുകയാണ്.












Click it and Unblock the Notifications