സൗദി അറേബ്യ കൈ കൊടുത്തു; പിന്നെ എന്തിന് മടിക്കണമെന്ന് ബഹ്‌റൈന്‍... ഗള്‍ഫില്‍ മാറ്റുരച്ച് ബന്ധങ്ങള്‍
ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ ഭിന്നതകള്‍ മാറ്റിവച്ച് ഐക്യത്തിന്റെ പാത സ്വീകരിക്കുകയാണ് എല്ലാ രാജ്യങ്ങളും. ഒരുകാലത്ത് ഖത്തറുമായും ഇറാനുമായും ഉടക്കി നിന്നിരുന്ന സൗദി സഖ്യരാജ്യങ്ങള്‍ ഇന്ന് നല്ല സൗഹൃദത്തിലാണ്. ജിസിസിയിലെ ആറ് രാജ്യങ്ങളും പഴയതുപോലെ ബന്ധം ദൃഢമാക്കിയപ്പോള്‍ ജിസിസി റെയില്‍വെ, ഏകീകൃത വിസ തുടങ്ങിയ പദ്ധതികള്‍ക്ക് ജീവന്‍ വച്ചിട്ടുണ്ട്.
ഐക്യത്തോടെ നിന്നാല്‍ മാത്രമേ സമാധാനവും സുരക്ഷിതത്വവും സാമ്പത്തിക പുരോഗതിയുമുണ്ടാകൂ എന്നാണ് ജിസിസി രാജ്യങ്ങള്‍ക്ക് ചൈന നല്‍കിയ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖത്തറുമായി പിണക്കം മതിയാക്കിയതും സൗദി അറേബ്യ-ഇറാന്‍ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതും. എന്നാല്‍ ഇപ്പോള്‍ ബഹ്‌റൈന്‍ ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.

ഇറാനുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് അകന്നതാണ് ബഹ്‌റൈന്‍. ഇനിയും വിട്ടുനില്‍ക്കേണ്ട എന്നാണ് ബഹ്‌റൈന്റെ പുതിയ തീരുമാനം. ഇറാനുമായി ഐക്യത്തിന്റെ പാത സ്വീകരിക്കാനുള്ള താല്‍പ്പര്യം റഷ്യ മുഖേന അറിയിച്ചുവത്രെ. ഇറാനിലെ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മുഹമ്മദ് ജംഷീദിയെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍.
2016ലാണ് ഇറാനുമായുള്ള ബന്ധം ബഹ്‌റൈന്‍ അവസാനിപ്പിച്ചത്. സൗദി അറേബ്യയും ഇറാനും തമ്മില്‍ നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു ബഹ്‌റൈന്റെ നടപടി. സൗദിയില്‍ ഷിയാ പണ്ഡിതന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ഇറാനില്‍ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. സമരക്കാര്‍ ടെഹ്‌റാനിലെ സൗദി എംബസി ആക്രമിച്ചതാണ് സൗദി ഉടക്കാന്‍ കാരണം. തൊട്ടുപിന്നാലെ ബഹ്‌റൈനും നയതന്ത്ര ബന്ധം വിഛേദിക്കുകയായിരുന്നു.
2011ല്‍ അറബ് രാജ്യങ്ങളില്‍ ജനാധിപത്യ വിപ്ലവം ശക്തിപ്പെട്ടിരുന്നു. മുല്ലപ്പൂ വിപ്ലവം എന്ന പേരിലാണ് ഇത് വിളിക്കപ്പെട്ടത്. ടുണീഷ്യയിലായിരുന്നു തുടക്കം. പിന്നീട് ഈജിപ്ത്, ലിബിയ, സിറിയ, യമന്‍, മൊറോക്കോ, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ജിസിസി രാജ്യങ്ങളില്‍ അനുരണനങ്ങളുണ്ടാകുകയും ചെയ്തു. ബഹ്‌റൈനില്‍ ഷിയാക്കള്‍ നടത്തിയ സമരത്തിന് പിന്നില്‍ ഇറാനാണ് എന്ന് ബഹ്‌റൈന്‍ ഭരണകൂടം ആരോപിക്കുകയും ചെയ്തിരുന്നു.
ഷിയാക്കളുടെ ഭീഷണി നിലനില്‍ക്കെയാണ് സൗദിയും ഇറാനും ഉടക്കിയതും ഈ വിഷയം ചൂണ്ടിക്കാട്ടി ബഹ്‌റൈന്‍ ഇറാനുമായുള്ള ബന്ധം അവസാനിപ്പിച്ചതും. ചൈനയുടെ മധ്യസ്ഥതയില്‍ സൗദിയും ഇറാനും കഴിഞ്ഞ വര്‍ഷം ബന്ധം പുനഃസ്ഥാപിച്ചിരുന്നു. ബഹ്‌റൈന്‍ ഇപ്പോഴാണ് മറിച്ച് ചിന്തിക്കുന്നത്. ഇറാനുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കഴിഞ്ഞമാസം റഷ്യയില്‍ വച്ച് പറഞ്ഞിരുന്നു.
കഴിഞ്ഞാഴ്ച ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങുമായി ബെയ്ജിങില്‍ നടത്തിയ ചര്‍ച്ചയിലും ഹമദ് രാജാവ് ഇക്കാര്യം സൂചിപ്പിച്ചുവത്രെ. എല്ലാ അയല്‍ രാജ്യങ്ങളുമായു സൗഹൃദത്തിനാണ് ബഹ്‌റൈന്‍ താല്‍പ്പര്യപ്പെടുന്നത് എന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുന്നത്. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചപ്പോള്‍ ബഹ്‌റൈന്‍ രാജാവ് ഇറാനെ അനുശോചനം അറിയിച്ചിരുന്നു.
ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള രണ്ട് ജിസിസി രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍. മറ്റൊന്ന് യുഎഇയാണ്. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇസ്രായേലുമായി ഐക്യകരാര്‍ ബഹ്‌റൈന്‍ ഒപ്പുവച്ചത്. പിന്നീട് സുരക്ഷാ കരാറും ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഇപ്പോള്‍ ഇറാനുമായും ബന്ധം സ്ഥാപിക്കുകയാണ്. ഇറാനും ഇസ്രായേലുമാകട്ടെ കൊടിയ ശത്രുതയിലുമാണ്. യമനിലെ ഷിയാ വിഭാഗമായ ഹൂത്തികള്‍ക്കെതിരെ കടലില്‍ ആക്രമണം നടത്തുന്ന അമേരിക്കന്‍ സഖ്യത്തില്‍ ബഹ്‌റൈനും പങ്കാളിയാണ്.












Click it and Unblock the Notifications