യുഎഇ മാത്രമല്ല ഗോള്‍ഡന്‍ വിസ നല്‍കുന്നത്; ഈ രാജ്യങ്ങളും സ്വര്‍ഗ തുല്യം, എന്തൊക്കെയാണ് നിബന്ധന
ദുബായ്: ഗോള്‍ഡന്‍ വിസയ്ക്ക് ജനപ്രീതി വന്നത് യുഎഇ പ്രഖ്യാപിച്ചതോടെയാണ്. ദീര്‍ഘകാലം താമസിക്കാനുള്ള അനുമതി നല്‍കുകയാണ് ഈ വിസയിലൂടെ. വിദേശത്ത് നിന്ന് നിക്ഷേപം ആകര്‍ഷിക്കുകയും പകരം മികച്ച ജീവിത സാഹചര്യം വാഗ്ദാനം ചെയ്യുന്നതുമാണ് ഗോള്‍ഡന്‍ വിസ. യൂറോപ്പില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇത്തരം വിസകളുണ്ട്.
ഉയര്‍ന്ന വരുമാനമുള്ള ജോലി, കുടുംബ ജീവിതം, കുട്ടികളുടെ പഠനം എന്നിവയെല്ലാം ഗോള്‍ഡന്‍ വിസയിലൂടെ ലഭിക്കുന്നു. എന്നാല്‍ ഒരു രാജ്യവും വെറുതെ ദീര്‍ഘകാല വിസ അനുവദിക്കില്ല. അവര്‍ക്ക് കൂടി മെച്ചമുണ്ട് എന്ന് തോന്നുന്നവര്‍ക്കാണ് വിസ നല്‍കുക. അക്കാര്യം ഉറപ്പിക്കാനാണ് നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നത്. ഏതൊക്കെ രാജ്യങ്ങള്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നു, നിബന്ധനകള്‍, അപേക്ഷ എങ്ങനെ എന്നിവ അറിയാം...

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ന്യൂസിലാന്റ് നല്‍കുന്ന ദീര്‍ഘകാല വിസയാണ് ആക്ടീവ് ഇന്‍വെസ്റ്റര്‍ പ്ലസ് വിസ. രണ്ടര കോടി രൂപ മുതല്‍ അഞ്ച് കോടി വരെ നിക്ഷേപിക്കണം എന്നതാണ് പ്രധാന നിബന്ധന. ഭാഷയോ പ്രായമോ തടസമല്ല. നിക്ഷേപിക്കുന്ന മേഖല സംബന്ധിച്ച് വ്യക്തമായ വിവരം കൈമാറണം. വിസ ലഭിച്ചാല്‍ കുടുംബമായി ന്യൂസിലാന്റില്‍ താമസിക്കാം.
സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കുമായിട്ടാണ് സിംഗപ്പൂര്‍ ദീര്‍ഘകാല വിസ നല്‍കുന്നത്. ഡിജിറ്റല്‍ രാജ്യമായതിനാല്‍ നടപടികള്‍ വളരെ ലളിതമാണ്. ആറര കോടി രൂപ മുതല്‍ 16 കോടി രൂപ വരെ നിക്ഷേപിക്കണം എന്ന നിബന്ധനയുണ്ട്. ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് ഓഫ് സിംഗപ്പൂര്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പിന്നീട് പൗരത്വം ലഭിക്കാനും സാധ്യതയുണ്ട്.
പോര്‍ച്ചുഗല്‍, ഗ്രീസ്, അമേരിക്ക വിസകള്‍
അമേരിക്ക ഒന്നിലധികം ദീര്‍ഘകാല വിസകള്‍ നല്‍കുന്നുണ്ട്. ഇബി-5, ഗോള്‍ഡ് കാര്‍ഡ് എന്നിവയെല്ലാം ഇതില്‍പ്പെടും. ഇബി-5 വിസയ്ക്ക് ആറര കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. ഗോള്‍ഡ് കാര്‍ഡിന് 42 കോടി രൂപയുടെ നിക്ഷേപവും. യുഎഇ നാല് കാറ്റഗറികളിലായി ഗോള്‍ഡന്‍ വിസ അനുവദിക്കുന്നുണ്ട്. 4.66 കോടി രൂപയുടെ നിക്ഷേപം നടത്തുന്നവര്‍ക്കും വിദഗ്ധര്‍ക്കുമാണ് ഈ വിസ നല്‍കുക.
മറ്റു രാജ്യങ്ങളില്‍ നിന്ന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ആകര്‍ഷണീയമാകാന്‍ കാരണം ഈ രാജ്യത്ത് വ്യക്തിഗത ആദായ നികുതി ഇല്ല എന്നതാണ്. ഈ വിസ ലഭിച്ചാല്‍ സ്‌പോണ്‍സറുടെ ആവശ്യവും വേണ്ടി വരുന്നില്ല. യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലും ഗോള്‍ഡന്‍വിസ അനുവദിക്കുന്നുണ്ട്. രണ്ടേകാല്‍ കോടി മുതല്‍ നാലര കോടി രൂപ വരെയാണ് നിക്ഷേപിക്കേണ്ടത്. ഇമിഗ്രേഷന്‍ വകുപ്പ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഗ്രീസ് നല്‍കുന്ന ദീര്‍ഘകാല വിസയ്ക്ക് രണ്ടേകാല്‍ കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. സാമ്പത്തിക പശ്ചാത്തലം വ്യക്തമാക്കുന്ന രേഖകള്‍ വേണം. മാള്‍ട്ട 3.15 കോടി രൂപ വരെ നിക്ഷേപിക്കുന്നവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കുന്നവര്‍ക്ക് സൈപ്രസ് ദീര്‍ഘകാല വിസ നല്‍കുന്നു. 2.7 കോടി രൂപയുടെ നിക്ഷേപം നടത്തണം. ഇറ്റലി, ഹംഗറി എന്നീ രാജ്യങ്ങളും സമാനമായ ദീര്‍ഘകാല വിസ നല്‍കുന്നുണ്ട്.












Click it and Unblock the Notifications