ഭാരത് മാതാ കീ ജയ് വിളിക്കാം, മോദിജിക്ക് പറ്റില്ല; യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ വീഡിയോ വൈറല്‍
ദില്ലി: യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനിടെ സംഭവിച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുദ്ധം രൂക്ഷമായ യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ട് വന്ന വിദ്യാര്‍ഥികളെ സൈനിക വിമാനത്തില്‍ കയറ്റിയിരുത്തിയ ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊടുക്കുന്ന വീഡിയോ ആയിരുന്നു അത്.
ഭാരത് മാതാ കീ ജയ് വിളിച്ചപ്പോള്‍ ജയ് വിളിക്കുകയും, എന്നാല്‍ മാനന്യ മോദിജി എന്ന് വിളിച്ചപ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന വീഡിയോ ആണത്. സൈന്യത്തിന്റെ വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോള്‍ ഉറക്കെ ജയ് വിളിച്ച വിദ്യാര്‍ഥികള്‍ 'മനന്യ മോദിജീ' എന്ന് പറഞ്ഞപ്പോള്‍ മിണ്ടാതിരുന്നു. പിന്നീട് ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോള്‍ അവര്‍ ജയ് വിളിക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. യുക്രെയിനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്ന രക്ഷാദൗത്യത്തെ പി ആര്‍ വര്‍ക്കാക്കി മാറ്റിയെന്നാണ് ആരോപണം. ട്വിറ്ററില്‍ ഈ വീഡിയോ ഇപ്പോള്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

അതേസമംയ, നേരത്തെ ജ്യോതിരാദിത്യ സിന്ധ്യ റൊമേനിയന്‍ മേയറുമായി തര്‍ക്കിക്കുന്ന ഒരു വീഡിയോയും നേരത്തെ വൈറലായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ഒരുക്കിയത് താനാണ് താങ്കളല്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് റൊമാനിയന്‍ മേയര്‍ പറയുന്ന വീഡിയോ ആയിരുന്നു അത്. യുക്രൈനില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കറെസ്റ്റിലെത്തിയ കേന്ദ്രമന്ത്രിയോട് റൊമാനിയന്‍ മേയര്‍ ആക്രോശിക്കുകയായിരുന്നു.

വീഡിയോയില്‍ സിന്ധ്യ സംസാരിക്കുമ്പോള്‍ റൊമേനിയയന്‍ മേയര്‍ തടസപ്പെടുകയാണ് ചെയ്യുന്നത്. തടസപ്പെടുത്തിയതിന് ശേഷം 'അവര്‍ എപ്പോള്‍ ഇവിടെ നിന്ന് വീട്ടില്‍ പോകുമെന്ന് അവരോട് ( വിദ്യാര്‍ത്ഥികള്‍ക്ക് ) വിശദീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞാന്‍ അവര്‍ക്ക് അഭയം നല്‍കുന്നു, ഞാന്‍ അവര്‍ക്ക് ഭക്ഷണം നല്‍കുന്നു, ഞാന്‍ അവരെ സഹായിച്ചു എന്നും മേയര്‍ വീഡിയോയില്‍ പറയുന്നു. മേയറുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ചില വിദ്യാര്‍ത്ഥികള്‍ കയ്യടിക്കുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കോണ്‍ഗ്രസ് നേതാക്കളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.












Click it and Unblock the Notifications