ഇമ്രാന്‍ ഖാന് വന്‍ ആശ്വാസം: തടവ് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി, ഉടന്‍ ജയില്‍ മോചിതനാകും
ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശിക്ഷ മരവിപ്പിച്ച് ഇസ്ലാബാദ് ഹൈക്കോടത്. മൂന്ന് വർഷത്തെ തടവ് ശിക്ഷ മരവിപ്പിച്ച കോടതി ഇമ്രാന്‍ ഖാനെ മോചിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പാകിസ്താനില്‍ തിരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിനിരിക്കുന്ന സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്റെ മോചനത്തിന് രാഷ്ട്രീയ പ്രധാന്യവും ഏറെയാണ്.
ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്സി) ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ്, ജസ്റ്റിസ് താരിഖ് മെഹ്മൂദ് ജഹാംഗിരി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് തെഹ്രീകെ ഇന്‍സാഫ് പാർട്ടി പ്രവർത്തകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിധി പുറപ്പെടുവിച്ചത്. "ജില്ലാ കോടതിയുടെ തീരുമാനം (ഐഎച്ച്‌സി) താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നു" ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് വാട്സാപ്പ് സന്ദേശത്തിലൂടെ വ്യക്തമാക്കി.

"വിധിയുടെ പകർപ്പ് ഉടൻ ലഭ്യമാകും. ഇമ്രാന്റെ അഭ്യർത്ഥന അംഗീകരിച്ചുവെന്ന് മാത്രമാണ് ഞങ്ങൾ ഇപ്പോൾ പറയുന്നത്," ജസ്റ്റിസ് ഫാറൂഖ് പറഞ്ഞു. "സിജെ ഞങ്ങളുടെ അഭ്യർത്ഥന അംഗീകരിച്ചു, ശിക്ഷ താൽക്കാലികമായി നിർത്തി, വിശദമായ തീരുമാനം പിന്നീട് നൽകാമെന്ന് പറഞ്ഞു." എന്ന് ഇമ്രാന്‍ ഖാന്റെ നിയമകാര്യങ്ങളിലെ സഹായി നയീം ഹൈദർ പഞ്ജോതയും ട്വിറ്ററില്‍ കുറിച്ചു.
തോഷഖാനാ അഴിമതി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇസ്ലാമാബാദിലെ വിചാരണ കോടതിയുടേതായിരുന്നു നടപടി. ഈ വിധിയാണ് ഇസ്ലാമാബാദ് കോടതി റദ്ദാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന്‍ ഖാനെതിരായ കേസ്.
പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ രാജ്യത്തിന്റെ സ്വന്തായിട്ടാണ് കണക്കാക്കു. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ പ്രധാനമന്ത്രിക്ക് കൈവശം വെക്കാം. ഉയർന്ന് മൂല്യം ഉള്ളതാണെങ്കില്‍ അവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് പ്രധാനമന്ത്രിക്ക് സ്വന്തമാക്കാനും സാധിക്കും. എന്നാല്‍ ഇമ്രാന്‍ ഖാന്‍ 20 ശതമാനം മാത്രം നല്‍കി ഇവ വാങ്ങി മറിച്ചുവിറ്റുവെന്നാണ് കേസ്.
അതേസമയം, രാഷ്ട്രീയ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും ശക്തമായി തുടരുന്നതിനിടെ പാകിസ്താന്‍ പാർലമെന്റ് അടുത്തിടെ പിരിച്ചുവിട്ടിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാർശ പ്രകാരമാണ് പാകിസ്ഥാൻ പാർലമെന്റ് ബുധനാഴ്ച വൈകിട്ടോടെ പിരിച്ചുവിട്ടത്. തടവ് ശിക്ഷ മരവിപ്പിച്ചതോടെ ഇമ്രാന്‍ കൂടെ അണിനിരക്കുന്ന തിരഞ്ഞെടുപ്പാവും പാകിസ്താനില്‍ നടക്കുക.












Click it and Unblock the Notifications