കാണാമറയത്തുള്ള ഭീകരജീവിക്കായി 50 കൊല്ലത്തിനിടയിലെ ഏറ്റവും വലിയ വേട്ട; ലോകം ലോച്ച് നെസ്സിലേക്ക്
ലോച്ച് നെസ് ശുദ്ധജലതടാകം എന്ന് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. സ്‌കോട്ട്‌ലാന്റിലെ ഏറ്റവും ആഴമേറിയ ശുദ്ധജലതടാകങ്ങളിലൊന്നായ ലോച്ച് നെസ്സ് പക്ഷെ അതിന്റെ ആഴം കൊണ്ടോ പരപ്പ് കൊണ്ടോ അല്ല ലോകശ്രദ്ധ നേടിയത്. തടാകത്തില്‍ പലരും കണ്ടുവെന്ന് പറയപ്പെടുന്ന നെസ്സി എന്ന ഭീകരജീവിയാണ് ഇതിന് കാരണക്കാരന്‍. പലരും പല അവകാശവാദങ്ങളും ഈ ഭീകരജീവിയെക്കുറിച്ച് ഉന്നയിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ ഒരു തെളിവുകളും ഇതിന് ഇതുവരെ ലഭിച്ചിട്ടില്ല.
ഇപ്പോഴിതാ അഞ്ച് പതിറ്റാണ്ടിന് ശേഷം നെസ്സിക്കായുള്ള ഏറ്റവും വലിയ 'വേട്ട'യ്ക്കായി ഇറങ്ങിയിരിക്കുകയാണ് ഡ്രംഡ്രോചിറ്റിലെ സ്‌കോട്ട് ലോച്ച് നെസ്സ് സെന്റര്‍. ലോകത്തെമ്പാടുമുള്ള നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇതിനായി ഇന്ന് ഒത്തുകൂടിയിരിക്കുന്നത്. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരും സാഹസിക യാത്രികരും ലോച്ചിന്റെ ആഴത്തില്‍ വസിക്കുന്നെന്ന് പറയപ്പെടുന്ന നെസ്സിക്കായുള്ള തിരച്ചിലിലാണ്.

ദിനോസര്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്ലീസിയോസറിനെ പോലെയുള്ള ചരിത്രാതീതകാലത്തെ സമുദ്ര ഉരഗങ്ങളാകാം ഈ ഭീകരജീവി എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. അഞ്ച് പതിറ്റാണ്ട് മുന്‍പ് 1972-ല്‍, ലോക്ക് നെസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇതുവരെയുള്ള ഏറ്റവും വലിയ തിരച്ചില്‍ നടത്തിയെങ്കിലും വെറുംകൈയോടെ മടങ്ങി. 1987-ല്‍, ഓപ്പറേഷന്‍ ഡീപ്സ്‌കാന്‍ സോണാര്‍ ഉപകരണങ്ങള്‍ ലോച്ചിന്റെ വീതിയില്‍ വിന്യസിച്ച് 'അസാധാരണമായ വലിപ്പവും ശക്തിയുമുള്ള ഒരു അജ്ഞാത വസ്തു' കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനൊന്നും സാധുത കല്‍പിക്കുന്ന തെളിവ് നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2018 ല്‍, ഗവേഷകര്‍ ലോച്ച് നെസ്സിന്റെ ഒരു ഡിഎന്‍എ സര്‍വേ നടത്തി വെള്ളത്തില്‍ ഏതൊക്കെ ജീവികള്‍ വസിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇതിലും പ്ലീസിയോസറിന്റെയോ മറ്റ് വലിയ ജീവികളുടേയോ അടയാളങ്ങളൊന്നും നല്‍കിയിരുന്നില്ല. എന്നിരുന്നാലും ഗവേഷണ ഫലങ്ങള്‍ നിരവധി ഈലുകളുടെ സാന്നിധ്യം സൂചിപ്പിച്ചു.
അതേസമയം ഇത്തവണ എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല എന്നാണ് ലോച്ച് നെസ് സെന്റര്‍ ജനറല്‍ മാനേജര്‍ പോള്‍ നിക്‌സണ്‍ പറയുന്നത്. തെര്‍മല്‍ സ്‌കാനറുകള്‍, ഇന്‍ഫ്രാറെഡ് ക്യാമറകളുള്ള ബോട്ടുകള്‍, അണ്ടര്‍വാട്ടര്‍ ഹൈഡ്രോഫോണ്‍ എന്നിവയുള്ള ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചാണ് പര്യവേഷണം വിന്യസിക്കും. എല്ലാ വിധത്തിലുള്ള സ്വാഭാവിക പ്രതിഭാസങ്ങളും രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സഹ-സംഘാടകരായ ലോച്ച് നെസ് എക്‌സ്‌പ്ലോറേഷന്റെ അലന്‍ മക്കെന്ന പറഞ്ഞു.
23 മൈല്‍ (36 കിലോമീറ്റര്‍) നീളവും പരമാവധി 788 അടി (240 മീറ്റര്‍) ആഴവുമുള്ള ശുദ്ധജലതടാകമായ ലോച്ച് നെസ്സ് യുകെയിലെ ഏറ്റവും വലിയ തടാകമാണ്. ലോച്ച് നെസ്സില്‍ പതിയിരിക്കുന്ന ഒരു ജലജീവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുരാതന കാലം മുതലുള്ളതാണ്. ഐറിഷ് സന്യാസിയായ സെന്റ് കൊളംബയുടെ എഡി 565 ലെ ജീവചരിത്രത്തില്‍ ആണ് ഈ ജീവിയെക്കുറിച്ചുള്ള ഏറ്റവും പഴയ ലിഖിത രേഖയുള്ളത്.
ഈ ഭീകരസത്വം ഒരിക്കല്‍ ഒരു നീന്തല്‍ക്കാരനെ ആക്രമിക്കുകയും കൊളംബ പിന്‍വാങ്ങാന്‍ കല്‍പ്പിച്ചപ്പോള്‍ തിരിച്ച് പോവുകയും ചെയ്തു എന്നാണ് ഇതില്‍ പറയുന്നത്. അതിന് ശേഷം 1933 ല്‍, പ്രാദേശിക ഇന്‍വെര്‍നെസ് കൊറിയര്‍ പത്രം പുതുതായി നിര്‍മ്മിച്ച ലോച്ച് സൈഡ് റോഡിലൂടെ വാഹനമോടിച്ച് പോയ ദമ്പതികള്‍ വെള്ളത്തില്‍ സത്വത്തെ കണ്ടുവെന്ന് അവകാശപ്പെട്ടിരുന്നു.
ആ വര്‍ഷം ഡിസംബറില്‍ ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയില്‍ ഈ ജീവിയെ കണ്ടെത്താന്‍ ദക്ഷിണാഫ്രിക്കന്‍ വേട്ടക്കാരനായ മര്‍മഡ്യൂക്ക് വെതറെലിനെ റിക്രൂട്ട് ചെയ്തിരുന്നു. ഏകദേശം 20 അടി നീളമുള്ള വളരെ ശക്തമായ പാദങ്ങളുള്ള മൃഗത്തിന്റേതാണെന്ന് വിശ്വസിക്കുന്ന വലിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് വെതെറല്‍ പറഞ്ഞിരുന്നു. എന്നാല്‍ ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ സുവോളജിസ്റ്റുകള്‍ ഇത് തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു.
1934-ല്‍ ഇംഗ്ലീഷ് ഫിസിഷ്യന്‍ റോബര്‍ട്ട് വില്‍സണ്‍ 'സര്‍ജന്‍സ് ഫോട്ടോഗ്രാഫ്' എന്നറിയപ്പെടുന്ന ഒരു ചിത്രം പകര്‍ത്തി നെസ്സിയുടേതെന്ന തരത്തില്‍ പ്രചരിപ്പിച്ചിരുന്നു. ഡെയ്ലി മെയിലില്‍ പ്രസിദ്ധീകരിച്ച ഈ ഫോട്ടോയും പിന്നീട് ഒരു തട്ടിപ്പിന്റെ ഭാഗമാണെന്ന് കണ്ടെത്തി. ഏതായാലും കാണാമറയത്തിരിക്കുന്ന ഈ ഭീകരജീവി ഓരോ വര്‍ഷവും സ്‌കോട്ടിഷ് സമ്പദ്വ്യവസ്ഥയിലേക്ക് ടൂറിസം വരുമാനത്തില്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ ആണ് കൊണ്ടുവരുന്നത്.












Click it and Unblock the Notifications