ബിലാവല്‍ ഭൂട്ടോ പാകിസ്താന്റെ പുതിയ വിദേശകാര്യ മന്ത്രി; സത്യപ്രതിജ്ഞ രണ്ടുദിവസത്തിനകം
ഇസ്ലാമാബാദ്: പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പാകിസ്താന്റെ പുതിയ വിദേശകാര്യ മന്ത്രിയാകും. രണ്ടുദിവസത്തിനകം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കശ്മീര്‍ കാര്യങ്ങളുടെ പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഖമര്‍ സമാന്‍ കൈറയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാകിസ്താനിലെ മാധ്യമപ്രവര്‍ത്തര്‍ കൈറയുടെ വാക്കുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇമ്രാന്‍ ഖാനെ പുറത്താക്കിയ ശേഷം അധികാരത്തിലെത്തിയ സഖ്യ സര്‍ക്കാരില്‍ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയാണ് പിപിപി. പ്രധാനമന്ത്രി ഷഹബാദ് ഷരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ് വിഭാഗം) ആണ് സഖ്യസര്‍ക്കാരിനെ വലിയ കക്ഷി.

വിദേശകാര്യമന്ത്രിസ്ഥാനം ബിലാവല്‍ ഏറ്റെടുക്കുമോയെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് പുതിയ സ്ഥിരീകരണം. മന്ത്രിസ്ഥാനം അദ്ദേഹം ഏറ്റെടുക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പിപിപി നേതൃത്വം തള്ളിയിരുന്നു. ബദ്ധവൈരിയായ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ പ്രധാന പദവി ഏറ്റെടുക്കേണ്ടതില്ലെന്നാണ് പിപിപിയിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന മുസ്ലിം ലീഗ് സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷരീഫിനെ കാണാന്‍ ബിലാവല്‍ എത്തി. ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോയുടെയും മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെയും മകനായ ബിലാവല്‍ ഭൂട്ടോ പാകിസ്താനിലെ പ്രധാന രാഷ്ട്രീയകുടുംബത്തിലെ പുതുതലമുറ മുഖമാണ്. മുന്‍ ഓക്സ്ഫഡ് വിദ്യാര്‍ഥിയായ ബിലാവല്‍ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിന് ശേഷമാണ് പാകിസ്താന്‍ രാഷ്ട്രീയത്തില്‍ സജീവമായത്. അതേസമയം, വിദേശയാത്ര ചെയ്യാന്‍ വിലക്കുള്ളവരുടെ പട്ടികയില്‍നിന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി, ആഭ്യന്തരമന്ത്രി റാണ സനാഉല്ല തുടങ്ങിയവരുടെ പേരുകല്‍ സര്‍ക്കാര്‍ നീക്കി. ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെതാണ് നടപടി. മുവായിരത്തോളം പേരുകളാണ് പട്ടികയില്‍ നിന്ന് നീക്കിയത്. ഇതില്‍ ഭരിഭാഗവും പിപിപി, പി.എം.എല്‍.എന്‍ നേതാക്കളാണ്.
മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ ആയിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രി. അദ്ദേഹത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണ് ഇമ്രാന്‍ ഖാന്‍ പുറത്തായത്. ശേഷം അധികാരത്തില്‍ വന്ന സഖ്യസര്‍ക്കാരിന് മുസ്ലിം ലീഗ് അധ്യക്ഷന്‍ ഷഹബാസ് ആണ് നേതൃത്വം നല്‍കുന്നത്. വിരുദ്ധ ചേരികിയിലുള്ള പിപിപിയും മുസ്ലിം ലീഗും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ല എന്നാണ് ഇമ്രാന്‍ ഖാന്റെ അനുകൂലികള്‍ പറയുന്നത്.












Click it and Unblock the Notifications