ഇനി മൂന്നാം റൗണ്ട്; രണ്ടു വട്ടം ഉയര്‍ന്നത് കറുത്ത പുക: അടുത്ത മാര്‍പാപ്പ...
വത്തിക്കാന്‍ സിറ്റി: പേപ്പല്‍ കോണ്‍ക്ലേവിന്റെ രണ്ടാം ദിനത്തിലും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് തീരുമാനം ഉണ്ടായില്ല. സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് കറുത്ത പുകയാണ് ഇന്ന് ഉയര്‍ന്നത്. ഇതിനര്‍ത്ഥം രണ്ടാംഘട്ട വോട്ടെടുപ്പിലും തീരുമാനം ഉണ്ടായില്ല എന്നാണ്. ഇതോടെ തങ്ങളുടെ തലവന്‍ ആരാണെന്നതു സംബന്ധിച്ച് ലോകമെമ്പാടുമുള്ള നൂറു കോടിയിലേറെ വരുന്ന കത്തോലിക്ക വിശ്വാസികളുടെ ആകാംക്ഷ വര്‍ധിച്ചിരിക്കുകയാണ്.
വത്തിക്കാന്‍ പ്രാദേശിക സമയം ഉച്ചയ്ക്കു ശേഷമാണ് മൂന്നാം റൗണ്ട് വോട്ടെടുപ്പ്. ഇനി എല്ലാവരും ഉറ്റുനോക്കുന്നത് ഈ റൗണ്ടിലേക്കാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ചോരാതിരിക്കാന്‍ അതീവ സുരക്ഷാ വലയത്തിലാണ് സിസ്‌റ്റൈന്‍ ചാപ്പല്‍. വോട്ടെടുപ്പ് അവകാശമുള്ള കര്‍ദിനാള്‍മാര്‍ക്കു മാത്രമാണ് സിസ്‌റ്റൈന്‍ ചാപ്പലിനുള്ളിലേക്കു പ്രവേശനമുള്ളത്. മൊബൈലുകള്‍ കൊണ്ടു പോകാന്‍ അനുവാദമില്ല. 80 വയസില്‍ താഴെയുള്ള 133 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇവര്‍ക്ക് പുറത്തുള്ള ആരുമായും ആശയവിനിമയത്തിനും അനുവാദമില്ല.

കോണ്‍ക്ലേവിന്റെ ആദ്യ ദിവസമായ ബുധനാഴ്ച്ച സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് കറുത്ത പുകയാണ് ഉയര്‍ന്നത്. പുതിയ മാര്‍പാപ്പ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ വെളുത്ത പുക ഉയരുന്നത് കാണാന്‍ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ 45,000ത്തിലധികം പേരാണ് തടിച്ചുകൂടി നില്‍ക്കുന്നത്. സാധ്യതാ പട്ടികയിലുള്ള ചില മുതിര്‍ന്ന കര്‍ദിനാള്‍മാരെ ചുറ്റിപ്പറ്റിയാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടാന്‍ ഒരു കര്‍ദിനാളിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. അതായത് ഒരാള്‍ക്ക് 89 വോട്ട്. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കര്‍ദിനാള്‍മാര്‍ ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം 10ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ബലിയര്‍പ്പിച്ചു. വോട്ട് വിവരങ്ങള്‍ ചോരാതിരിക്കാന്‍ കര്‍ദിനാള്‍മാര്‍ പ്രതിജ്ഞ എടുത്ത ശേഷമാണ് വോട്ടിങ് നടപടികള്‍ ആരംഭിക്കുന്നത്. 70 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇത്തവണ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.
ഫ്രാന്‍സിസ് പാപ്പയ്ക്കു ശേഷമുള്ള പത്രോസിന്റെ പിന്‍ഗാമിയെ വലിയ ആകാംക്ഷയോടെയാണ് വിശ്വാസികളും രാജ്യാന്തര മാധ്യമങ്ങളും ഉറ്റുനോക്കുന്നത്. സഭയില്‍ വരുത്തിയ പരിഷ്‌കാരങ്ങളുടെ പേരിലും നിരവധി കാര്യങ്ങളില്‍ പുരോഗമനപരമായ ആശയങ്ങളുടെ പേരിലും ഏറെ പ്രശസ്തനായിരുന്നു ഫ്രാന്‍സിസ് പാപ്പ. ഈ നിലപാടുകള്‍ പുതിയ പാപ്പ പിന്തുടരുമോ എന്നാണ് വിശ്വാസികള്‍ കാത്തിരിക്കുന്നത്. പരമ്പരാഗത നിലപാടുകള്‍ പിന്തുടരുന്നവരും ഫ്രാന്‍സിസ് പാപ്പയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്നവരും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications