സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും ബഹിരാകാശത്ത് തനിച്ചാക്കി സ്റ്റാർലൈനർ തിരിച്ചെത്തി
ബോയിംഗിൻ്റെ സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്ന് ഭൂമിയിലേക്ക് മടങ്ങി. ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബാരി ഇ വിൽമോറും ഇല്ലാതെയാണ് സ്റ്റാർ ലൈനറിന്റെ മടക്കം. ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പെയ്‌സ് ഹാര്‍ബറില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30-ഓടെയാണ് സ്റ്റാർ ലൈനർ സുരക്ഷിതമായി ഇറങ്ങിയത്.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് ബഹിരാകാശ നിലയത്തിലെത്തിയ പേടകം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഏകദേശം ആറ് മണിക്കൂർ സമയമാണ് ബഹിരാകാശ നിലയത്തില്‍ നിന്നും ഭൂമിയിലേക്കുമുള്ള മടക്ക യാത്രക്ക് സ്റ്റാർലൈന്‍ എടുത്തത്.

പാരച്യൂട്ടുകളുടേയും എയർബാഗുകളുടേയും സഹായത്തോടെയായിരുന്നു പേടകം സുരക്ഷിതമായി ഇറക്കിയത്. പേടക്കം ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാസ എക്സിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളുടെ പഠനത്തിനും ഗവേഷണത്തിനും ശേഷം ജൂണ്‍ അഞ്ചിനായിരുന്നു സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് പേടകം ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.
മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ദൗത്യം മാത്രമായിട്ടായിരുന്നു പദ്ധതി തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളാല്‍ ദൗത്യം രണ്ട് മാസത്തോളം നീണ്ടിരിക്കുകയാണ്. യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണമാണ് പദ്ധതികള്‍ നീണ്ടുപോയിരിക്കുന്നത്.
തകരാർ പരിഹരിക്കാനുള്ള ശ്രമം ഇതുവരെ വിജയകരമായിട്ടില്ല. സുനിതയും ബുച്ചും ഇതേ പേടകത്തില്‍ മടങ്ങിയാല്‍ ജീവന്‍ അപകടത്തിലായേക്കും എന്ന കനത്ത ആശങ്ക നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതോടെയാണ് ആളില്ലാതെയുള്ള മടക്കം. ആളില്ലാതെ മടങ്ങുമ്പോഴും സുരക്ഷിതമായി പേടകം പുറത്ത് ഇറങ്ങുമോയെന്ന് ഉറപ്പുണ്ടായിരുന്നില്ല.
യാത്രക്കാരെ 2025 ഫെബ്രുവരിയില്‍ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ തിരിച്ചെത്തിക്കാനാണ് നിലവില്‍ നാസ തീരുമാനിച്ചിരിക്കുന്നത്. കേടായ ത്രസ്റ്ററുകളില്‍ നാലെണ്ണത്തിന്റെ തകരാര്‍ പരിഹരിച്ചതായി ബോയിങ് പ്രഖ്യാപിക്കുകയും തങ്ങളുടെ പേടകത്തില്‍ തന്നെ ബഹിരാകാശ സഞ്ചാരികളെ തിരിച്ചെത്തിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ നാസ ഇതില്‍ തൃപ്തരായിരുന്നില്ല.
സാങ്കേതിക തകരാര്‍ പരിഹരിക്കാത്ത സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ഭൂമിയിലേക്കുള്ള പ്രവേശനം പരാജയപ്പെട്ടാല്‍ 96 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്‌സിജനുമായി യാത്രികര്‍ കുടുങ്ങി പോകാനുള്ള ശക്തമാണ്. അതിന് പുറമെ പേടകത്തിലെ താപകവചം പരാജയപ്പെടാനും പേടകത്തിനുള്ളിലെ താപനില വലിയ രീതിയില്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. ഇതോടെയാണ് സ്റ്റാര്‍ലൈനര്‍ ഓഴിവാക്കി മറ്റ് വഴികള്‍ സ്വീകരിക്കാന്‍ നാസ തീരുമാനിച്ചത്.












Click it and Unblock the Notifications