സ്വര്‍ണവുമായി ഉര്‍വശി വിമാനത്താവളത്തില്‍ പിടിയിലായി; നിരപരാധിയെന്ന് നടി
നൈനിറ്റാള്‍: കസ്റ്റംസ് നികുതി അടക്കാതെ സ്വര്‍ണം കൊണ്ടുവന്ന സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ബോളിവുഡ് നടി ഉര്‍വശി റൗതേല. സെലിബ്രിറ്റി ആയതിനാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം ഊതിപ്പെരുപ്പിച്ച് കാണിക്കുകയാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എല്ലാ പേപ്പറുകളും കസ്റ്റംസിന് നല്‍കിയിരുന്നതായും നടി പറഞ്ഞു.
കഴിഞ്ഞമാസമാണ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് നടി സ്വര്‍ണവുമായി പിടിയിലാകുന്നത്. ദുബായില്‍നിന്നുമെത്തിയ നടിയുടെ പക്കല്‍ 8 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും 3 ലക്ഷത്തിന്റെ ഷൂസുമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് നികുതി അടച്ചിരുന്നില്ല. ലഗേജ് സ്‌കാന്‍ ചെയ്യുന്നതിനിടെ സ്വര്‍ണം കണ്ടെടുത്തതോടെയാണ് നടിയുടെ കള്ളക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്.

ഇതാദ്യമായല്ല നടിയെ അനധികൃത കടത്തിന് പിടികൂടുന്നത്. നേരത്തെയും സ്വര്‍ണം കടത്തിയതിന് നടിയെ പിടികൂടിയിരുന്നു. അന്ന് പിഴ അടച്ചശേഷം ആഭരണങ്ങള്‍ വിട്ടു നല്‍കുകയായിരുന്നു. രണ്ടുതവണയും ഒരേ കസ്റ്റംസ് ഓഫീസറാണ് ഉര്‍വശിയെ പിടികൂടിയത്. എന്നാലിപ്പോള്‍, പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നാണ് നടി പറയുന്നത്.
തന്റെ പ്രശസ്തി ഉപയോഗിച്ച് ചില മാധ്യമങ്ങള്‍ വിലകുറഞ്ഞ വാര്‍ത്തകള്‍ നല്‍കുകയാണ്. തെറ്റായ ഇത്തരം വാര്‍ത്തകള്‍ ആരാധകര്‍ വിശ്വസിക്കില്ല. നിയമപരമായ രീതിയില്‍ മാത്രമാണ് ആഭരണങ്ങള്‍ കൊണ്ടുവന്നത്. കസ്റ്റംസിന് പേപ്പറുകളെല്ലാം നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിനൊടുവില്‍ താന്‍ നിരപരാധിയാണെന്ന് ബോധ്യമാകുമെന്നും ഉര്‍വശി പറഞ്ഞു.












Click it and Unblock the Notifications