
അഫ്ഗാനിസ്ഥാനില്‍ സ്കൂളിന് സമീപത്ത് സ്ഫോടനം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 25 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ സ്കൂളിന് സമീപത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 25 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്.
പടിഞ്ഞാറന്‍ കാബൂള്‍ ജില്ലയായ ഡാഷ്-ഇ-ബാര്ച്ചിയിലാണ് സ്ഫോടനം ഉണ്ടായത്. ഈദുല്‍ ഫിത്തറിന് നഗരം തയ്യാറെടുക്കവെയാണ് നഗരത്തെ ഞെട്ടിച്ച് സ്ഫോടനം ഉണ്ടായത്. സ്കൂളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. യുഎസ് സൈന്യം രാജ്യത്ത് നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന് വ്യക്തമാക്കി.
സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഏരിയന്‍ ഡെപ്യൂട്ടി ഹമീദ് റോഷന് എഎഫ്പിയോട് പറഞ്ഞു. അപകടത്തില്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി ആംബുലന്‍സുകള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ഒഴിപ്പിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് ദസ്തഗിര്‍ നസാരി പറഞ്ഞു.