ട്രംപിന്റെ 'സ്ഥാനാര്‍ത്ഥികള്‍ക്ക്' തോല്‍വി; ബ്രസീലില്‍ ഇടതുപക്ഷം തുടരും... ലുല വീണ്ടും പ്രസിഡന്റ്
ബ്രസീല്‍ പ്രസിഡന്റായി ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വലതുപക്ഷ സെനറ്ററും മുന്‍ പ്രസിഡന്റ് ജയര്‍ ബൊള്‍സൊരാനോയുടെ മകനുമായ ഫ്‌ലാവിയോ ബൊള്‍സൊരാനോയെ ആണ് ലുല പരാജയപ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ബ്രസീല്‍, ഇതോടെ ഇടതുപക്ഷ നേതൃത്വത്തിന് കീഴില്‍ തന്നെ തുടരും.
റണ്‍ഓഫ് തിരഞ്ഞെടുപ്പില്‍ ആണ് ലുല അധികാരം നിലനിര്‍ത്തിയത്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ വരുമ്പോള്‍ നടത്തുന്ന രണ്ടാമത്തെ വോട്ടെടുപ്പാണ് റണ്‍ഓഫ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തില്‍ ലുലയ്‌ക്കോ ഫ്‌ലാവിയോ ബോള്‍സോനാരോയ്‌ക്കോ സാധുവായ വോട്ടുകളില്‍ 50 ശതമാനത്തിലധികം നേടാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്നാണ് ഇരുവരും രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ഈ രണ്ടാം ഘട്ടം വോട്ടര്‍മാര്‍ക്ക് പ്രധാനപ്പെട്ട രണ്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ നേരിട്ട് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കി.

ഒടുവില്‍ ലുല വിജയിക്കുകയും ചെയ്തു. 78 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, 51.21 ശതമാനം വോട്ടുകളുമായി ലുല മുന്നിലെത്തി. ബോള്‍സോനാരോയ്ക്ക് 48.79 ശതമാനം വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി വിജയം പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ, ഡാറ്റാഫോള്‍ഹ എന്ന സര്‍വേ ഏജന്‍സി ലുലയുടെ വിജയം പ്രവചിച്ചിരുന്നു.
ഈ ഫലം ലാറ്റിനമേരിക്കയിലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഖ്യകക്ഷികള്‍ക്ക് തിരിച്ചടിയാണ്. ബോള്‍സോനാരോ വിജയിച്ചിരുന്നെങ്കില്‍, ഈ മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ളതും സാമ്പത്തികമായി വലുതുമായ ബ്രസീലില്‍ അതൊരു വലതുപക്ഷ ചായ്വിലേക്ക് നയിക്കുമായിരുന്നു. എന്നാല്‍ ലുലയുടെ വിജയം, ബ്രസീലിലും മെക്‌സിക്കോയിലും ഇടതുപക്ഷ ചായ്വുള്ള നേതാക്കള്‍ തന്നെ അധികാരത്തില്‍ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.
സെനറ്ററും, ജയിലില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സോനാരോയുടെ മകനുമായ ഫ്‌ലാവിയോ ബോള്‍സോനാരോ, വാഷിംഗ്ടണുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും ട്രംപ് ഭരണകൂടവുമായി മെച്ചപ്പെട്ട കരാറുകള്‍ ഉണ്ടാക്കുമെന്നും വാഗ്ദാനം ചെയ്താണ് പ്രചാരണം നടത്തിയത്.
എന്നാല്‍ ബ്രസീലില്‍ നിന്നുള്ള കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ തീരുവകളും, മയക്കുമരുന്ന് കടത്ത് സംഘങ്ങളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ച നടപടികളും ഉള്‍പ്പെടെയുള്ള യുഎസ് നയങ്ങളെ ലുല വിമര്‍ശിച്ചിരുന്നു. യുഎസുമായുള്ള ബന്ധം, കുറ്റകൃത്യങ്ങള്‍, കാലാവസ്ഥാ നയം, സാമൂഹിക ക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ തീര്‍ത്തും വിഭിന്നമായ നിലപാടുകളുള്ള രണ്ട് രാഷ്ട്രീയ ചേരികളാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയത്.
2003 മുതല്‍ 2010 വരെ ബ്രസീല്‍ ഭരിച്ചിട്ടുള്ള ലുല, ഇത്തവണ തന്റെ നാലാം ഊഴത്തിനായി മത്സരിക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരാള്‍ നാലാം വട്ടവും ബ്രസീലിനെ നയിക്കുന്നത്. വോട്ടെണ്ണലില്‍ ലുല മുന്നിലെത്തിയതോടെ അദ്ദേഹത്തിന്റെ അനുയായികള്‍ വിജയം ആഘോഷിച്ചു. ഈ മാസം ആദ്യം നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ലുലയേക്കാള്‍ 22 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ബോള്‍സോനാരോ മുന്നിലായിരുന്നു.
ബ്രസീലിലെ ഏകദേശം 16 കോടി (160 ദശലക്ഷം) വോട്ടര്‍മാരില്‍ 3.3 കോടിയിലധികം (33 ദശലക്ഷം) പേര്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. രാജ്യത്തെ വിഭജിച്ചുനിര്‍ത്തുന്ന രണ്ട് രാഷ്ട്രീയ ശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു ഈ രണ്ടാം ഘട്ട വോട്ടെടുപ്പ്. നാല് വര്‍ഷം മുമ്പ് നടന്ന മുന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, 1985-ല്‍ ബ്രസീലില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ചെറിയ വോട്ടുവ്യത്യാസത്തില്‍ ലുല, ജെയര്‍ ബോള്‍സോനാരോയെ പരാജയപ്പെടുത്തിയിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ ബ്രസീലിനോടുള്ള സമീപനമാണ് പ്രചാരണത്തിലെ ഒരു കേന്ദ്ര വിഷയമായി മാറിയത്. ബ്രസീലിയന്‍ കയറ്റുമതിക്ക് തീരുവ ചുമത്തിയതിനെക്കുറിച്ചും മയക്കുമരുന്ന് കടത്ത് ഗ്രൂപ്പുകളെ വിദേശ ഭീകര സംഘടനകളായി യുഎസ് പ്രഖ്യാപിച്ചതിനെക്കുറിച്ചും ലുല ട്രംപിനെ വിമര്‍ശിച്ചു.
എന്നാല്‍ വൈറ്റ് ഹൗസുമായുള്ള തന്റെ ബന്ധത്തെ ഫ്‌ലാവിയോ ബോള്‍സോനാരോ എടുത്തുകാണിക്കുകയും അപൂര്‍വ-ഭൗമ ധാതു മേഖല ഉള്‍പ്പെടെ ട്രംപ് ഭരണകൂടവുമായി ബ്രസീലിന് മികച്ച കരാറുകള്‍ ആവശ്യമാണെന്ന് വാദിക്കുകയും ചെയ്തു. ചൈനയ്ക്ക് പിന്നില്‍ 21 ദശലക്ഷം ടണ്‍ വരെ നിക്ഷേപം ബ്രസീലിനുണ്ടെന്ന് കണക്കാക്കുന്നു.


Click it and Unblock the Notifications
