പെനാല്‍റ്റി ഷൂട്ടൗട്ട്; ബ്രസീല്‍ ആരാധകന്‍ ഹൃദയം തകര്‍ന്നു മരിച്ചു
ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കഴിഞ്ഞദിവസം രാത്രി നടന്ന ബ്രസീല്‍ ചിലി മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ ഒരു ബ്രസീലിയന്‍ ആരാധകന്‍ ഹൃദയംതകര്‍ന്നു മരിച്ചു. 68 കാരനായ ആരാധകനാണ് തന്റെ പ്രിയപ്പെട്ട ടീം തോല്‍ക്കുമോ ജയിക്കുമോ എന്നറിയാനുള്ള ആകാംഷയില്‍ ജീവന്‍ നഷ്ടമായത്.
90 മിനിറ്റുനേരവും അധിക സമയവും ഇരു ടീമുകളും 1-1 സമനില പാലിച്ച മത്സരം ഷൂട്ടൗട്ടിലേക്ക് നീളുംവരെ ആരാധകന്‍ ബാറിലിരുന്ന് കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഷൂട്ടൗട്ടിലേക്ക് കളി നീങ്ങിയതോടെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഡയബറ്റിക് രോഗികൂടിയായ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു. ഇത്തരത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏകദേശം നൂറോളം പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശുപത്രിയില്‍ എത്തിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50 വയസുള്ള സ്ത്രീ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ബ്രസീല്‍ കളി ജയിച്ചെന്നറിഞ്ഞതോടെ പലരും പൂര്‍വസ്ഥിതിയിലാവുകയും ചെയ്തു.
ജയപരാജയങ്ങള്‍ മാറി മറിഞ്ഞ ബ്രസീല്‍ ചിലി മത്സരത്തില്‍ ഗോളി ജൂലിയോ സെസാറിന്റെ മിന്നുന്ന സേവുകളുടെയും ഭാഗ്യത്തിന്റെ അകമ്പടിയോടെയുമാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. ചിലിയുടെ മൂന്നു കളിക്കാര്‍ പെനാല്‍റ്റി തുലച്ചത് ബ്രസീലിന് തുണയായി. ക്വാര്‍ട്ടറില്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ ടീമായ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളി. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും കൊളംബിയ ബ്രസീലിന് വെല്ലുവിളിയാകില്ലെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications