മിസൈല്‍ വീണത് സൗദി അറേബ്യയിലും ഇറാനിലും; തകരുന്നത് ഇന്ത്യയുടെ നെഞ്ച്, എണ്ണ 100 കടന്നു
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കുതിച്ചുയരുകയാണ് ക്രൂഡ് ഓയില്‍ വില. ഇറാനും അമേരിക്കയുമായിരുന്നു ഇതുവരെ കൊമ്പുകോര്‍ത്തിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സൗദി അറേബ്യയും യമനും ഏറ്റുമുട്ടുകയാണ്. പശ്ചിമേഷ്യയില്‍ രണ്ടിടത്ത് യുദ്ധം കനത്തതോടെ ക്രൂഡ് ഓയില്‍ പിടിവിട്ട് പറക്കാന്‍ തുടങ്ങി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 100 ഡോളര്‍ കടന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം കാരണം ഹോര്‍മുസ് കടല്പാത അടഞ്ഞു. സൗദിയും യമനും തമ്മിലുള്ള യുദ്ധം കാരണം ബാബുല്‍ മന്തിബ് പാതയും വെല്ലുവിളി നിറഞ്ഞതായി. ലോകത്തെ പ്രധാനപ്പെട്ട രണ്ട് കടല്‍ ചരക്കുപാതകളാണ് അടഞ്ഞിരിക്കുന്നത്. ഇതുവഴി സുരക്ഷിത പാത ഒരുക്കാന്‍ സാധിക്കാത്തതിനാല്‍ ലോകം മൊത്തം ഇതിന്റെ കെടുതി അനുഭവിക്കുമെന്ന് ഉറപ്പായി.

പശ്ചിമേഷ്യന്‍ രാജ്യങ്ങൡ നിന്നാണ് ലോകത്തെ മിക്ക വിപണിയിലേക്കും വന്‍തോതില്‍ ക്രൂഡ് ഓയിലും വാതകവും എത്തുന്നത്. ഈ രാജ്യങ്ങള്‍ ഉല്‍പ്പാദനവും കയറ്റുമതിയും മുടങ്ങി സാമ്പത്തിക ഞെരുക്കത്തിലേക്ക് കടന്നിരിക്കുന്നു. ഇവിടെ നിന്നുള്ള ക്രൂഡ് ഓയില്‍ വിപണിയില്‍ എത്തില്ലെന്ന തോന്നലാണ് വില കുതിച്ചുയരാന്‍ കാരണം.
ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുന്നത് റഷ്യയില്‍ നിന്നാണെങ്കിലും യുഎഇ, ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ഇവിടെ നിന്ന് എണ്ണ മതിയായ അളവില്‍ എത്തിയില്ലെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനും വില കുതിച്ചുയരും. ഇതിന്റെ പ്രതിഫലനം അവശ്യ വസ്തുക്കളുടെ വിലയില്‍ കാണും. ഹോട്ടല്‍ ഭക്ഷണവും പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ക്കെല്ലാം വില കൂടുന്ന സാഹചര്യമാകും.
അതുകൊണ്ടാണ് യുദ്ധം പശ്ചിമേഷ്യയില്‍ ആണെങ്കിലും ഇന്ത്യക്കാരുടെ നെഞ്ചില്‍ തീയാണ് എന്ന് പറയാന്‍ കാരണം. യുദ്ധം അവസാനിപ്പിക്കാന്‍ ഖത്തറും പാകിസ്താനും തുര്‍ക്കിയുമെല്ലാം ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അമേരിക്കയും ഇറാനും കപ്പലുകള്‍ തകര്‍ത്തും അന്തര്‍വാഹിനി കപ്പല്‍ പിടിച്ചെടുത്തും ശക്തി പരീക്ഷിക്കുകയാണ്. അമേരിക്ക എണ്ണ ഉല്‍പ്പാദക രാജ്യമായതിനാല്‍ അവര്‍ക്ക് വലിയ ഭീഷണിയില്ല. എന്നാല്‍ ഇന്ത്യ എണ്ണ ഇറക്കുമതി രാജ്യമാണ്. വില കൂടിയാല്‍ നേരിട്ട് ബാധിക്കും.
അധികം വൈകാതെ യുദ്ധം അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് എല്ലാം തകിടം മറിഞ്ഞത്. ഇതോടെ ഇന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 100.12 ഡോളര്‍ ആയി ഉയര്‍ന്നു. ജൂലൈ 24ന് ശേഷം ആദ്യമായിട്ടാണ് ബാരലിന് 100 ഡോളര്‍ കടക്കുന്നത്. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിനും അമേരിക്കയുടെ വെസ്റ്റ് ടെക്സാസ് ക്രൂഡിനും വില വര്‍ധിച്ചിട്ടുണ്ട്. പ്രതിസന്ധി വേഗം അവസാനിച്ചില്ലെങ്കില്‍ വിപണികളുടെ താളംതെറ്റും.





Click it and Unblock the Notifications
