അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടും; പഹല്‍ഗാം ആക്രമണത്തെ അപലിച്ച് ബ്രിക്സ് കൂട്ടായ്മ
ഇന്ത്യയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് കൂട്ടായ്മ. തീവ്രവാദികളുടെ അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങളെയും ഭീകരവാദ ധനസഹായത്തെയും ചെറുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. രാഷ്ട്രീയ നേട്ടത്തിനായി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് അംഗീകരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ അഭ്യര്‍ത്ഥിച്ചു.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 സാധാരണക്കാരുടെ വിലപ്പെട്ട ജീവന്‍ നഷ്മായതിനെ ബ്രിക്സ് കൂട്ടായ്മ ശക്തമായി അപലപിച്ചു. അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പേര് പരാമര്‍ശിക്കാതെ വിവേചനരഹിതമായി താരിഫ് വര്‍ധിപ്പിക്കുന്ന നടപടികളെയും ബ്രിക്‌സ് കൂട്ടായ്മ വിമര്‍ശിച്ചു. അത്തരം നടപടികള്‍ ആഗോള വ്യാപാരത്തെ ദുര്‍ബലപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും ചെയ്യും.

ഇറാനിലെ ആണവ സംവിധാനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ സൈനിക ആക്രമണങ്ങളെ ബ്രിക്‌സ് ഉച്ചകോടി അപലപിച്ചു. ഗാസയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണങ്ങള്‍ പുനരാരംഭിച്ചതിലും പ്രദേശത്തേക്കുള്ള മാനുഷിക സഹായം തടസപ്പെടുത്തിയതിലും കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ബ്രിക്‌സ് ഉച്ചകോടിയിലെ സമാധാനവും സുരക്ഷയും സംബന്ധിച്ച സെഷനില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയെ ആഗോള വെല്ലുവിളിയായി അപലപിച്ച് ശക്തമായ പ്രസ്താവന നടത്തി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ സ്ഥാപക അംഗങ്ങളായുള്ള ബ്രിക്‌സ് കൂട്ടായ്മയുടെ പതിനേഴാമത് ഉച്ചകോടിയാണ് റിയോ ഡി ജനീറോയില്‍ ഇന്നലെ ആരംഭിച്ചത്. ഇന്നു സമാപിക്കും.
ലോക സമാധാനവും സുരക്ഷയുമാണ് ഭാവിയുടെ അടിത്തറയെന്ന് വിശേഷിപ്പിച്ച മോദി, ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും പറഞ്ഞു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനും അന്തസിനും നേരെയുള്ള ആക്രമണം മാത്രമല്ല മനുഷ്യരാശിക്കെതിരെയുള്ള പ്രഹരമായിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍: 'ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി ഭീകരവാദം മാറിയിരിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിക്കുമുള്ള പ്രഹരമായിരുന്നു. ഭീകരവാദികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ഒരു മടിയും പാടില്ല. ഭീകരവാദത്തിന്റെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസില്‍ തൂക്കരുത്. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങള്‍ക്കു വേണ്ടി ഭീകരതയ്ക്കു നിശബ്ദ സമ്മതം നല്‍കുകയും ഭീകരതയെയോ ഭീകരരെയോ പിന്തുണയ്ക്കുകയും ചെയ്യുന്നത് സ്വീകാര്യമല്ല. ഭീകരതയെക്കുറിച്ചുള്ള വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും ഇടയില്‍ വ്യത്യാസമുണ്ടാകരുത്. ഭീകരവാദത്തെ അപലപിക്കുക എന്നത് നമ്മുടെ തത്ത്വമായിരിക്കണം' - മോദി പറഞ്ഞു,
ആഗോള ദക്ഷിണമേഖല ഇരട്ടത്താപ്പിന്റെ ഇരയാണെന്നും മോദി പറഞ്ഞു. ഗ്ലോബല്‍ സൗത്ത് എന്നറിയപ്പെടുന്ന മേഖലയിലെ രാജ്യങ്ങള്‍ വികസനത്തിന്റെ കാര്യത്തിലും സ്രോതസുകളുടെ ലഭ്യതയിലും സുരക്ഷാ സംബന്ധമായ തലങ്ങളിലും ഇരട്ടത്താപ്പ് നേരിടുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ യുഗത്തിലെ ആഗോള സ്ഥാപനങ്ങളുടെ കാലഹരണപ്പെട്ട സ്വഭാവത്തെക്കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസ്താവനയില്‍ ശ്രദ്ധ ക്ഷണിച്ചു. എഐ യുഗത്തില്‍, സാങ്കേതികവിദ്യ എല്ലാ ആഴ്ചയും അപ്ഡേറ്റ് ചെയ്യപ്പെടുന്നു, എണ്‍പത് വര്‍ഷത്തിലൊരിക്കല്‍ പോലും ഒരു ആഗോള സ്ഥാപനം അപ്ഡേറ്റ് ചെയ്യപ്പെടാതിരിക്കുന്നത് സ്വീകാര്യമല്ല. ഇരുപതാം നൂറ്റാണ്ടിലെ ടൈപ്പ്‌റൈറ്ററുകള്‍ക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ആഗോള സ്ഥാപനങ്ങള്‍ ആധുനികവല്‍ക്കരിക്കേണ്ടതിന്റെയും നിലവിലെ സാങ്കേതിക പുരോഗതിയുമായി പൊരുത്തപ്പെടേണ്ടതിന്റെയും ആവശ്യകതയെ അദ്ദേഹം ആഹ്വാനം ചെയ്തു.












Click it and Unblock the Notifications