മോദി-ഷി ജിൻപിംങ് കൂടിക്കാഴ്ച 5 വർഷത്തിന് ശേഷം: അതിർത്തി സംഘർഷങ്ങളില്‍ പുതിയ പ്രഖ്യാപനമുണ്ടാകുമോ?
കസാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംങും കൂടിക്കാഴ്ച നടത്തും. അഞ്ച് വർഷത്തിന് ശേഷമാണ് അയല്‍രാജ്യങ്ങളിലെ രാഷ്ട്ര നേതാക്കളുടെ ഔദ്യോഗിക കൂടിക്കാഴ്ച. റഷ്യയിലെ കസാനില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാറാമത് ബ്രിക്സ് ഉച്ചകോടിയാണ് കൂടിക്കാഴ്ച്ചക്ക് വഴിയൊരുക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ തർക്കങ്ങളില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതിന് പിന്നാലെയാണ് നരേന്ദ്ര മോദി - ഷി ജിൻപിംഗ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.
റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ബ്രിക്സ് രാഷ്ട്ര നേതാക്കൾക്കായി സംഘടിപ്പിച്ച അത്താഴ വിരുന്നിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും പുടിന്റെ തൊട്ട് അരികില്‍ ഇരുന്നുകൊണ്ട് സംഗീതനിശ ആസ്വദിക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.

ഇരു രാഷ്ട്ര നേതാക്കളുടേയും കൂടിക്കാഴ്ച വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്ര സ്ഥിരീകരിച്ചിരുന്നു. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടക്കുമെന്ന് എനിക്ക് സ്ഥിരീകരിക്കാനാകുമെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി കസാനിൽ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഈസ്റ്റേൺ ലഡാകിലെ സംഘർഷം ലഘൂകരിക്കുന്നതിനും യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് പുനഃരാരംഭിക്കുന്നതിലും ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയില്‍ എത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാനും ഇന്ന് ഇക്കാര്യം സ്ഥിരീകരിച്ചു. ലഡാക്ക് വിഷയം പരിഹരിക്കുന്നതില്‍ ഇന്ത്യയും ചൈനയും തീരുമാനത്തിലെത്തിയെന്നായിരുന്നു ബീജിങ്ങിൽ നടത്തിയ വാർത്താ സമ്മേളനത്തില്‍ ലിൻ ജിയാന്‍ വ്യക്തമാക്കിയത്.
അതേസമയം, ലഡാക്കിലെ പോയിന്റുകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍, പട്രോളിങ് സംവിധാനം പുനഃസ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ലിൻ ജിയാന്റെ വാർത്താ സമ്മേളനത്തില്‍ എടുത്ത് പറഞ്ഞിട്ടില്ല. 2020 ജനുവരിയില്‍ ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷമാണ് ഇരു രാജ്യങ്ങള്‍ക്കിടയിലേയും തർക്കങ്ങള്‍ രൂക്ഷമാക്കിയത്. അന്നത്തെ സംഘർത്തില്‍ നിരവധി ഇന്ത്യന്‍ ജവാന്മാർ വീരമൃത്യുവരിച്ചിരുന്നു. ചൈനയുടെ ഭാഗത്തും ആള്‍നാശമുണ്ടായി.
തുടർന്ന് അതിർത്തിയിലെ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി 17 നയതന്ത്ര യോഗങ്ങളും 21 സൈനിക യോഗങ്ങളുമാണ് നടന്നത്. ഇപ്പോഴും പ്രശ്നങ്ങളില്‍ പൂർണ്ണമായ പരിഹാരം ഉണ്ടായതായി ഇരുപക്ഷവും വ്യക്തമാക്കുന്നില്ല. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.












Click it and Unblock the Notifications