വര്‍ക്ക് ഫ്രം ഹോം ജോലിക്കിടെ അലംഭാവം, യുവതിക്ക് 3 ലക്ഷം രൂപ പിഴ; കമ്പനി കൈയോടെ പൊക്കിയതിങ്ങനെ
ലണ്ടന്‍: കൊവിഡ് മഹാമാരിക്കിടെ ഐ ടി കമ്പനികളെല്ലാം വര്‍ക്ക് ഫ്രം ഹോം എന്ന സംവിധാനത്തിലേക്ക് മാറിയിരുന്നു. കൊവിഡ് മാറി ലോകരാജ്യങ്ങളില്‍ പലതും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ഇപ്പോഴും വര്‍ക്ക് ഫ്രം ഹോം പൂര്‍ണമായും ഭാഗികമായും പിന്തുടരുന്ന കമ്പനികളുണ്ട്. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലെ ഗുണവും ദോഷവും എല്ലാം ഇതിനിടയില്‍ പല തവണ ചര്‍ച്ചയായിട്ടുണ്ട്.
വീട്ടില്‍ നിന്ന് ഓഫീസിലേക്കുള്ള യാത്രാ സമയം കുറയ്ക്കാനും മുമ്പത്തേക്കാള്‍ കൂടുതല്‍ വ്യക്തിജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നതിനാല്‍ ചിലര്‍ക്കെല്ലാം വര്‍ക്ക് ഫ്രം ഹോം സംവിധാനത്തോട് അനുകൂല നിലപാടാണ്. എന്നാല്‍ വൈദ്യുതി തടസം, ഇന്റര്‍നെറ്റ് വേഗത എന്നിവയെല്ലാം പരിഗണിച്ച് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തെ നിരാകരിക്കുന്നവരും ഉണ്ട്.

തൊഴിലുടമകളെ സംബന്ധിച്ച് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള അത്തരത്തിലുള്ള ഒരു കമ്പനി, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ഡ്യൂട്ടി സമയങ്ങളില്‍ ജോലിയില്‍ അലംഭാവം കാണിക്കുന്നുണ്ടോ എന്നത് കണ്ടെത്തുന്നതിനായി ഒരു സോഫ്‌റ്റ്വെയര്‍ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഈ സോഫ്‌റ്റ്വെവെയറിന്റെ സഹായത്തോടെ ഈ കമ്പനി ജോലിയില്‍ അലംഭാവം കാണിച്ച ഒരു വനിതാ ജീവനക്കാരിയെ പുറത്താക്കിയിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം പിന്തുടരുന്ന സ്ത്രീ ഡ്യൂട്ടി സമയത്ത് കൃത്യമായി ജോലി ചെയ്യുന്നില്ല എന്ന് പറഞ്ഞാണ് കമ്പനി ഇവരെ പുറത്താക്കിയിരിക്കുന്നത്. കാര്‍ലി ബെസ്സെ എന്ന സ്ത്രീയെ ആണ് കമ്പനി പുറത്താക്കിയിരിക്കുന്നത്. കൂടാതെ ഇവരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പിഴയീടാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ജോലി ചെയ്യുന്നതിനിടയില്‍ സമയം പാഴാക്കിയതിനാണ് കാര്‍ലീ ബെസ്സെയോട് മൂന്ന് ലക്ഷം രൂപ പിഴ നല്‍കാന്‍ കമ്പനി ഉത്തരവിട്ടിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം സംവിധാനം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കാന്‍ ടൈം ക്യാംപ് എന്ന സോഫ്റ്റ്വെയര്‍ ആണ് കമ്പനി വികസിപ്പിച്ചത്. ഇത് ഉപയോഗിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് യുവതി സമയം കളയുന്നുണ്ട് എന്നാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്.

ടൈംക്യാമ്പ് സോഫ്റ്റ്വെയര്‍ അടിസ്ഥാനപരമായി വിദൂരമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബെസ്സെ ജോലി സമയത്ത് മാറി നില്‍ക്കാറുണ്ട് എന്നാണ് സോഫ്റ്റ്വെയര്‍ ട്രാക്ക് ചെയ്തതിനെ തുടര്‍ന്ന് കണ്ടെത്തിയിരിക്കുന്നത്. അതേസമയം കമ്പനി തീരുമാനത്തിനെതിരെ യുവതി രംഗത്തെത്തിയിട്ടുണ്ട്.

തന്നെ തൊഴിലുടമ തന്നെ യാതൊരു അറിയിപ്പും കൂടാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും 3.03 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നുമാണ് കാര്‍ലി ബെസ്സെ പറയുന്നത്. എന്നാല്‍ 50 മണിക്കൂറിലധികം ജോലി സമയം യുവതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ മുഴുവന്‍ സമയവും ജോലിയില്‍ ചെലവഴിച്ചിട്ടില്ലെന്നും ആണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ യുവതി സോഫ്‌റ്റ്വെയറിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയായിരുന്നു.












Click it and Unblock the Notifications