ലോട്ടറി അടിക്കുന്നെങ്കില്‍ ഇങ്ങനെ അടിക്കണം: 6 മാസത്തിനിടെ രണ്ട് തവണ ബംപർ അടിച്ചു, കോടികള്‍
ലോട്ടറി എടുക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരിക്കല്‍ പോലും ലോട്ടറി അടിച്ചിട്ടുണ്ടാകില്ല. അടിച്ചിട്ടുണ്ടെങ്കില്‍ തന്നെ ചെറിയ തുകയുമായിരിക്കും. എന്നാല്‍ അമേരിക്കയിലെ മിഷിഗണിലെ വെയ്ൻ കൗണ്ടിയിൽ നിന്നുള്ള ഒരു ഭ്യാഗ്യശാലിക്ക് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥയാണ് പറയാനുള്ളത്. വെറും ആറ് മാസത്തിനുള്ളിൽ രണ്ട് തവണയാണ് മഹാഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്.
ഫാൻ്റസി 5 ഡബിൾ പ്ലേ ലോട്ടറി ജാക്ക്പോട്ടിലൂടെ 110000 ഡോളർ (91,13098 രൂപ) രൂപയാണ് രണ്ട് തവണയായി 59 കാരനായ ജേതാവിന് ലഭിച്ചത്. സൗത്ത്ഫീൽഡിലെ വെസ്റ്റ് 9 മൈൽ റോഡിലുള്ള ബി പി ഗ്യാസ് സ്റ്റേഷനിൽ നിന്ന് ഫെബ്രുവരി 11-നാണ് സമ്മാനർഹമായ രണ്ടാമത്തെ ടിക്കറ്റ് വാങ്ങിയത്. നേരത്തെ 2023 ഓഗസ്റ്റ് 31 - ന് ഫാൻ്റസി 5 ഡബിൾ പ്ലേ ഡ്രോയിംഗിൽ ഇതേ സംഖ്യകൾ (02-06-11-20-23) ഉപയോഗിച്ച് സമാനമായ തുക അദ്ദേഹം നേടിയിരുന്നു.

"ഓഗസ്റ്റിൽ 110000 ഡോളർ നേടിയ ശേഷം ആ നമ്പറുകള്‍ ആദ്യം ഞാന്‍ എടുക്കാറുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും എന്റെ ഭാഗ്യ നമ്പറുകള്‍ വീണ്ടും ഞാന്‍ തിരഞ്ഞെടുത്ത്. സമ്മാനം ലഭിച്ചെന്ന് ലോട്ടറി ഏജന്‍സിയിലെ ആള്‍ പറഞ്ഞപ്പോള്‍ ആദ്യം എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. പല തവണ നോക്കിയുറപ്പിച്ചതിന് ശേഷമാണ് വിജയിച്ചെന്ന് വിശ്വസിക്കാന്‍ സാധിച്ചത്. രണ്ട് തവണ വിജയിക്കാന്‍ സാധിക്കുന്നത് വലിയ അനുഗ്രഹമാണ്" പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ജേതാവ് പറഞ്ഞു.
കുറച്ച് കടങ്ങളൊക്കെ ഉണ്ടായിരുന്നു. ആദ്യം ലഭിച്ച സമ്മാനത്തുക കൊണ്ട് അതൊക്കെ വീട്ടി. കുറച്ച് പണം ബാക്കിയുണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് രണ്ടാമത് വീണ്ടും സമ്മാനം ലഭിക്കുന്നത്. ഈ തുക കൊണ്ട് കുടുംബത്തോടൊപ്പം ശരിക്കും ആസ്വദിക്കണം. കുറച്ച് യാത്രകളൊക്കെ നടത്താന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറയുന്നു.
"ആദ്യ തവണ ലോട്ടറി വിജയിച്ചപ്പോള്‍, എൻ്റെ കടമെല്ലാം വീട്ടാൻ എനിക്ക് കഴിഞ്ഞു. ഇപ്പോള്‍ ലഭിച്ച തുക കൊണ്ട് കുറച്ച് യാത്രകളും വിനോദ പരിപാടികളും ലക്ഷ്യമുണ്ട്. എന്നിരുന്നാലും പണം പെട്ടെന്ന് അങ്ങനെ ചിലവഴിച്ച് കളയാന്‍ ഉദ്ദേശമിക്ക. കുറച്ച് കാലം പണം ബാങ്ക് അക്കൗണ്ടില്‍ തന്നെ ഇരിക്കട്ടേയെന്നാണ് തീരുമാനം "അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications